Paramekkavu-Thiruvambady Fireworks: പാറമേക്കാവ്, തിരുവമ്പാടി വേല വെടിക്കെട്ടിന് അനുമതിയില്ല; തേക്കിന്‍കാട്ടില്‍ വെടിക്കെട്ട് നടത്താനുള്ള സാഹചര്യമല്ല
Additional District Magistrate Denied Permission of Paramekkavu Thiruvambady Fireworks: പോലീസ്, ഫയര്‍ ഫോഴ്‌സ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചുകൊണ്ടാണ് എഡിഎം വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചത്. വേലയുടെ ഭാഗമായി വെടിക്കെട്ട് നടത്താറുള്ള തേക്കിന്‍കാട്ടിലെ വടക്കുന്നാഥ ക്ഷേത്ര മൈതാനി സുരക്ഷിതമല്ലെന്ന് എഡിഎം ചൂണ്ടിക്കാട്ടി.
തൃശൂര്‍: പാറമേക്കാവ്, തിരുവമ്പാടി വേല എഴുന്നള്ളിപ്പിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതിയില്ല. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആണ് വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചത്. വെടിക്കെട്ട് നടത്തുന്നതിന് അനുമതി തേടികൊണ്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സമര്‍പ്പിച്ച ഹരജികള്‍ എഡിഎം തള്ളുകയായിരുന്നു.
പോലീസ്, ഫയര്‍ ഫോഴ്‌സ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചുകൊണ്ടാണ് എഡിഎം വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചത്. വേലയുടെ ഭാഗമായി വെടിക്കെട്ട് നടത്താറുള്ള തേക്കിന്‍കാട്ടിലെ വടക്കുന്നാഥ ക്ഷേത്ര മൈതാനി സുരക്ഷിതമല്ലെന്ന് എഡിഎം ചൂണ്ടിക്കാട്ടി.
കേന്ദ്ര സ്‌ഫോടക വസ്തു നിയമത്തിലെ പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ വെടിക്കെട്ട് നടത്താനുള്ള സാഹചര്യമല്ലെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വെടിക്കെട്ട് പ്രദര്‍ശന സ്ഥലത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമില്ലാത്ത വിധം വെടിക്കെട്ട് നടത്താനുള്ള സാഹചര്യമില്ലെന്നാണ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അനധികൃത വെടിക്കെട്ട് നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ നടപടി സ്വീകരിക്കണമെന്ന് എഡിഎം ഉത്തരവിട്ടിട്ടുണ്ട്.
എന്നാല്‍ വേല വെടിക്കെട്ട് നിഷേധിച്ചതിനെ ഗൗരവമായാണ് കാണുന്നതെന്ന് പാറമേക്കാവ് ദേവസ്വം പ്രതികരിച്ചു. ഈ സ്ഥിതി തുടരുകയാണെങ്കില്‍ തൃശൂര്‍ പൂരം വെടിക്കെട്ടും ഇല്ലാതാക്കുമെന്നും അവര്‍ പറഞ്ഞു. വര്‍ഷങ്ങളായി നടന്നുവരുന്ന വേലകളുടെ വെടിക്കെട്ടാണ് പാടില്ലെന്ന് പറയുന്നത്. ക്ഷേത്രാചാരങ്ങളും പാരമ്പര്യവും തടസപ്പെടുമ്പോള്‍ ഇടപെടാന്‍ ആരുമില്ലെന്ന് തിരുവമ്പാടി ദേവസ്വവും അഭിപ്രായപ്പെട്ടു. 2025 ജനുവരി 3നാണ് പാറമേക്കാവ് വേല നടക്കുന്നത്. ജനുവരി 5ന് തിരുവമ്പാടി വേലയും നടക്കും.
അതേസമയം, ആരാധനാലയങ്ങളില്‍ പാലിക്കുന്ന ചട്ടം സര്‍ക്കാര്‍ പരിപാടികളിലും നടപ്പാക്കണമെന്ന് ഹൈക്കോടതി. വെടിക്കെട്ടുമായി ബന്ധപ്പെട്ട് ഇരട്ടനീതി വേണ്ടെന്നും സര്‍ക്കാരിനും പൗരനും രണ്ടുതരത്തില്‍ നിയമം വ്യഖാനിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എസ് ഈശ്വരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എക്‌സ്‌പ്ലോസിവ് ചട്ടത്തിലെ പുതിയ ഭേദഗതി അനുസരിച്ചുള്ള നിബന്ധന പാലിച്ചില്ലെന്ന് കാണിച്ച് വെടിക്കെട്ട് നടത്താന്‍ അനുമതി നിഷേധിച്ചതിനെതിരെ പാലക്കാട്ടെ ക്ഷേത്ര ഭാരവാഹികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞു.
പുതിയ ഭേദഗതി അനുസരിച്ച് വെടിക്കെട്ട് പ്രദര്‍ശനം നടത്താന്‍ ഫെയര്‍ ഡിസ്‌പ്ലേ ഓപ്പറേറ്ററെയോ അല്ലെങ്കില്‍ അസിസ്റ്റന്റിനെയോ നിയമിക്കണമെന്നാണ്. ഇവര്‍ അനുമതി നല്‍കിയെങ്കില്‍ മാത്രമേ വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിന് ലൈസന്‍സ് ലഭിക്കാന്‍ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ഈ നിബന്ധന പാലിക്കാത്തതിനാലാണ് വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ മജിസ്‌ട്രേറ്റ് അനുമതി നല്‍കാതിരുന്നത്.
വെടിക്കെട്ട് പ്രദര്‍ശനവുമായി ബന്ധപ്പെട്ട നിയമത്തില്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുകയില്ലെന്നും ഈ നിലപാട് തന്നെ സര്‍ക്കാര്‍ പരിപാടികളിലും തുടരണമെന്നും കോടതി നിര്‍ദേശിച്ചു.