Palakkad By-Election 2024 : പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചു; വോട്ടെടുപ്പ് 20-ന്
Palakkad Election: നവംബർ 13-ലെ ഉപതെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാർട്ടികൾ കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വോട്ടെടുപ്പ് 20-ലേക്ക് മാറ്റിയത്.
ന്യൂഡൽഹി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ മാസം 20-ാം തീയതിയിലേക്കാണ് ഉപതെരഞ്ഞെടുപ്പ് മാറ്റി വച്ചിരിക്കുന്നത്. നവംബർ 13-നായിരുന്നു പാലക്കാട് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കാൽപ്പാത്തി രഥോൽത്സവം കണക്കിലെടുത്താണ് കമ്മീഷന്റെ തീരുമാനം. വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
By-polls in Assembly Constituencies in Kerala, Punjab and Uttar Pradesh rescheduled from November 13 to November 20 due to various festivities pic.twitter.com/P2eaNMDhzb
— ANI (@ANI) November 4, 2024
പാലക്കാട്ടെ വോട്ടെണ്ണൽ 23 നും നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കേരളം, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 14 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാണ് മാറ്റിവച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം പരിഗണിച്ചാണ് തീയതി മാറ്റിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, പാലക്കാടിനൊപ്പം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന ചേലക്കരയിലും വയനാട്ടിലും നവംബർ 13-ന് തന്നെ തെരഞ്ഞെടുപ്പ് നടക്കും.
കാൽപ്പാത്തി രഥോത്സവം നടക്കുന്ന ദിവസം തെരഞ്ഞെടുപ്പ് നടന്നാൽ പോളിംഗ് കുറയുമെന്ന കാര്യം പരിഗണിച്ചുകൊണ്ടാണ് തീയതി മാറ്റമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ വിശദീകരിക്കുന്നത്. പാലക്കാടിന് പുറമെ പഞ്ചാബിലെ നാല് മണ്ഡലങ്ങളിലെയും ഉത്തര്‍പ്രദേശിലെ ഒമ്പത് മണ്ഡലങ്ങളിലെയും വോട്ടെടുവും നവംബർ 20-ാം തീയതിയിലേക്ക് മാറ്റി വച്ചിട്ടുണ്ട്.
കാൽപ്പാത്തി രഥോത്സവം നടക്കുന്ന ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നതിൽ എതിര്‍പ്പ് അറിയിച്ച് രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു. 13-ന്ന പ്രഖ്യാപിച്ചിരിക്കുന്ന വോട്ടെടുപ്പിന്റെ തീയതി മാറ്റണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയും കോണ്‍ഗ്രസും നിവേദനം സമർപ്പിച്ചിരുന്നു. തീയതി മാറ്റാൻ ആവശ്യപ്പെട്ട് ഇടതുമുന്നണിയും കത്ത് നൽകിയിട്ടുണ്ടെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു. എന്നാൽ, വോട്ടെടുപ്പ് മാറ്റികൊണ്ടുള്ള ഉത്തരവിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും പേരാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരാമർശിച്ചിരിക്കുന്നത്.
പാലക്കാട് ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥിയായി പി സരിൻ ജനവിധി തേടും. സി കൃഷ്ണകുമാറാണ് ബിജെപി സ്ഥാനാർത്ഥി. രാഹുൽ മാങ്കൂട്ടത്തിലാണ് കോൺഗ്രസിന് വേണ്ടി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കൽപ്പാത്തി രഥോത്സവത്തിൻറെ പശ്ചാത്തലത്തിൽ നവംബർ 15 ന് പാലക്കാട് താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശികാവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ല.