Kerala Elephants: മാസം ചിലവിന് കുറഞ്ഞത് 1 ലക്ഷം , ആനയെ വളർത്തിയാൽ പിന്നെ…
Kerala Elephant Expense: ആനക്ക് ആനയുടെ വലിപ്പം അറിയില്ലെന്നൊരു പഴമൊഴി പോലെയാണ് ആനയുടെ ചിലവും, അത് ഒറ്റ കണക്കിൽ പറഞ്ഞ് തീരില്ല, എന്നാൽ വലിയ തുകയാണ് താനും
ആ…ആന എന്ന് ചെറുപ്പം മുതൽ പഠിച്ച് വളർന്നവരാണ് മലയാളികൾ, ചങ്ങല കിലുക്കം കേട്ടാൽ പുറത്തേക്കിറങ്ങി ഒന്നെത്തി നോക്കി ആനയാണെന്ന് ഉറപ്പിച്ച് പിന്നാലെ പാഞ്ഞ കുട്ടിക്കാലം ഇല്ലാത്തവരുണ്ടാവില്ല. ആന മലയാളികളുടെ സംസ്കാരത്തിൻ്റെ ഭാഗവുമായി മാറിയ കാലം. കാഴ്ച പോലെ അത്ര രസമുള്ള കാര്യമല്ല ആനയുടെ പരിപാലനം. കൂട്ടിയും കിഴിച്ചും നോക്കിയാൽ ചിലപ്പോൾ കണക്ക് ലക്ഷങ്ങളുടെ മേലെത്തുമെന്നതാണ് സത്യം. ആനയെ വാങ്ങുന്നത് പോൽ തന്നെ ചിലവുള്ള കാര്യമാണ് അതിനെ പോറ്റുകയെന്നതും, ഇരുനാഴി അരിയുടെ ചോറ് വെച്ചുണ്ണുന്ന നാലംഗ കുടുംബത്തെ പോലെയല്ല 100 ആളിന് സമമായൊരാന. ഭക്ഷണം, പരിപാലനം, ഗതാഗതം, ജോലിക്കാർ, ഡോക്ടർ, പാപ്പാൻമാർ തുടങ്ങി ആനക്ക് ചുറ്റും വലിയൊരു ശൃംഖല തന്നെ എപ്പോഴുമുണ്ട്.
ശമ്പളം കുറഞ്ഞത് 30000 രൂപ
ആനക്ക് ആനയുടെ വലിപ്പം അറിയില്ലെന്നൊരു പഴമൊഴി പോലെയാണ് ആനയുടെ ചിലവും. ദിവസവും 500 രൂപയാണ് പാപ്പാൻമാരുടെ കൂലി, കുറഞ്ഞത് 2 പാപ്പാമാരെങ്കിലും ഒരാനക്ക് ഉണ്ടാവും. അങ്ങനെ നോക്കിയാൽ മാസം പാപ്പാൻമാരുടെ ശമ്പളം കുറഞ്ഞത് 30000 രൂപ, ഇത് രണ്ട് പാപ്പാൻമാരുള്ള ആനകൾക്കാണ്. 3 പാപ്പാമാരുള്ള ആനകൾ വേറെയുമുണ്ട്. ഇനി ഭക്ഷണത്തിൻ്റെ കാര്യമെടുക്കാം. ദിവസം 250 ലിറ്റർ വെള്ളവും കുറഞ്ഞത് 140 മുതൽ 300 കിലോ ഭക്ഷണവും ഒരാന കഴിക്കുന്നുണ്ട്. ആരോഗ്യവാനായ ഒരാന ദിവസം 20 പനമ്പട്ട എങ്കിലും കഴിക്കും.
നിലവിലെ കണക്ക് നോക്കിയാൽ 100 രൂപക്ക് മുകളിലാണ് ഒരു പനമ്പട്ട ആന ഉടമയുടെ വീട്ടിലെത്തുന്ന നിരക്ക്. ഇതിന് പുറമെ വൈറ്റമിനുകൾ, മരുന്നുകൾ,നെയ്യ്, ചവനപ്രാശം, അഷ്ട ചൂർണം, എന്നിവയും നൽകും. വർഷത്തിലൊരിക്കൽ പ്രധാനമായും കർക്കിടക മാസത്തിലാണ് ഇത് നടത്തുന്നത്. ഇതിന് കുറഞ്ഞത് 50000-ന് മുകളിലാണ് ചിലവ് വരുന്നത്. ആനകളെ നടത്തിക്കൊണ്ട് പോവാൻ പറ്റാത്തതിനാൽ ലോറിയിലാണ് ഭൂരിഭാഗം ആനകളുടെയും യാത്ര ഇതിന് പലപ്പോഴും ലോറി വാടക, ഡീസൽ, ഡ്രൈവറുടെ ബത്ത എന്നിവയും ചിലവിലുണ്ടാവും. ഇങ്ങനെ നോക്കിയാൽ ഒരു ദിവസം ഒരാനക്ക് വേണ്ടത് 3500 മുതൽ- 5000 രൂപ വരെയാണ്. അങ്ങനെ നോക്കിയാൽ ഒരു മാസം 1.5 ലക്ഷമാവും ആകെ ചിലവ്. ഭക്ഷണം, മറ്റ് ചിലവ്, ജീവനക്കാരുടെ ശമ്പളം എന്നിവ അടക്കമാണിത്.
ഒരെഴുന്നള്ളത്തിന്
ചിലവിതാണെങ്കിലും വരവ് കാര്യമായി ഇല്ലെന്നാണ് ആനയുടമകൾ പറയുന്നത്. മുൻ നിര ആനകൾക്ക് (ഉയരക്കേമൻമാർ,മികച്ച എഴുന്നള്ളത്ത് ആനകൾ കുറഞ്ഞത് ഒരു പരിപാടിക്ക് 4 ലക്ഷവും 8 ലക്ഷവും വരെ കിട്ടുന്നത് ചെറിയ ആനകൾക്ക് കിട്ടാറില്ല. ഗുരുവായൂർ ദേവസ്വത്തിൽ ആനകൾക്ക് ഏക്കത്തുക കൂട്ടിയിരുന്നു മുൻ നിര ആനകളായ ഗുരുവായൂർ നന്ദനും, ഇന്ദ്രസെന്നും ഏക്കം 1 ലക്ഷത്തിന് മുകളിലാണ്. ദേവസ്വത്തിന് കീഴിൽ 35-ൽ അധികം ആനകളാണ് എഴുന്നള്ളത്തിന് അയക്കുന്നത്. ഇവക്കെല്ലാം ആനുപാതികമായി നിരക്ക് കൂടിയിട്ടുണ്ട്.
ഇനിയുള്ള നാട്ടാനകൾ
കേരളത്തിൽ നിലവിലുള്ളത് 349-ഓളം നാട്ടാനകളാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആനകളെ സംസ്ഥാനത്ത് എത്തിക്കാനുള്ള വ്യവസ്ഥകളിൽ കേന്ദ്രം ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ഇനിയും ചില നിയമ നടപടിക്രമങ്ങൾ ആവശ്യമുണ്ട്. 2007-ൽ 1000 ആനകളുണ്ടായിരുന്ന കേരളത്തിൽ ഇപ്പോഴുള്ളത് പകുതിയിലും താഴെയെന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. സംസ്ഥാനത്ത് നിരവധി ആനകളാണ് ഓരോ വർഷവും വിവിധ ആരോഗ്യ പ്രശ്നങ്ങൾ മൂലം ചെരിയുന്നത്. ഭൂരിഭാഗം ആനകളെയും ഉത്സവത്തിന് മാത്രം എഴുന്നള്ളിക്കുന്നവയാണ്. അതു കൊണ്ട് തന്നെ മറ്റ് വരുമാന മാർഗങ്ങൾ ഉടമകൾക്കും ഇല്ല.