ADM Naveen Babu Death: എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യ: ടി വി പ്രശാന്ത് കെെക്കൂലി നൽകിയതിന് തെളിവില്ല, റിപ്പോർട്ട്
ADM Naveen Babu Death Vigilance report: ഗൂഢാലോചനയിലൂടെ നവീൻ ബാബുവിനെ അപായപ്പെടുത്തുകയായിരുന്നെന്ന് ബന്ധു അനിൽ ആരോപിച്ചു. അന്വേഷണം ആദ്യം മുതൽ ഇതുവരെയും തൃപ്തികരമല്ലെന്ന് വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കുടുംബം പ്രതികരിച്ചു.
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള വിജിലൻസിന്റെ നിർണായക അന്വേഷണ റിപ്പോർട്ട് പുറത്ത്. ടിവി പ്രശാന്ത് നവീൻ ബാബുവിന് കെെക്കൂലി നൽകിയതിന് തെളിവില്ലെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കെെക്കൂലി നൽകിയെന്ന പ്രശാന്തിന്റെ മൊഴിക്കപ്പുറം മറ്റ് തെളിവുകൾ ഇല്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. തെളിവ് ഹാജരാക്കാൻ പ്രശാന്തനും കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രശാന്ത് എഡിഎം താമസിച്ചിരുന്ന ക്വാർട്ടേഴ്സിന് സമീപം എത്തിയതിന് ശേഷമുള്ള തെളിവുകൾ ലഭ്യമല്ലെന്നും വിജിലൻസിൻറെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് വിജിലൻസ് റിപ്പോർട്ട് പുറത്തുവിടുന്നത്.
കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ എസ് പിയുടെ നേതൃത്വത്തിലാണ് കെെക്കൂലി കേസിൽ അന്വേഷണം നടന്നത്. പ്രശാന്ത് നവീൻ ബാബുവിന് കെെക്കൂലി കൊടുത്തതിന് തെളിവുകൾ ഇല്ലെന്ന് പറയുമ്പോഴും, പരാതിക്കാരന്റെ ചില മൊഴികൾ സാധൂകരിക്കുന്ന തെളിവുകളും ദൃശ്യങ്ങളും ലഭിച്ചെന്നും റിപ്പോർട്ടിലുണ്ട്. പ്രശാന്ത് കെെക്കൂലി നൽകാനായി സ്വർണം പണയം വെച്ചത് മുതൽ നവീൻ ബാബു താമസിച്ചിരുന്ന ക്വാർട്ടേഴ്സിലേക്ക് എത്തുന്നത് വരെയുള്ള മൊഴികളിൽ തെളിവുകളുണ്ട്. എന്നാൽ ക്വാർട്ടേഴ്സിന് സമീപത്ത് എത്തിയതിന് ശേഷം തെളിവില്ല. കെെക്കൂലി നൽകാനായി ഒക്ടോബർ അഞ്ചിന് സ്വർണം പണയം വെച്ചതിൻറെ രസീത് വിജിലൻസിന് പ്രശാന്ത് കൈമാറിയിട്ടുണ്ട്. ഒക്ടോബർ ആറിന് നാല് തവണയാണ് പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട് പ്രശാന്തും എഡിഎമ്മും ഫോണിൽ സംസാരിച്ചത്. ഈ ഫോൺ കോളുകൾക്ക് ശേഷമാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്.
പത്തനംതിട്ടയിലേക്ക് സ്ഥലം മാറി പോകുന്നതിന് മുന്നോടിയായി ഒക്ടോബർ എട്ടിനാണ് പ്രശാന്തിന്റെ പെട്രോൾ പമ്പിന് എഡിഎം എൻഒസി അനുവദിച്ചത്. പെട്രോൾ പമ്പിന് അനുമതി ലഭിക്കുന്നതിനായി എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന കാര്യം വിജിലൻസ് അറിയുന്നത് ഒക്ടോബർ 10-നാണ്. പ്രശാന്തിൻറെ ബന്ധു വഴിയാണ് വിജിലൻസ് ഡിവൈഎസ്പി ഇക്കാര്യം അറിയുന്നതും. ഒക്ടോബർ 14ന് കേസിൽ വിജിലൻസ് പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്തി. അന്ന് വൈകിട്ടാണ് കണ്ണൂർ കളക്ടറേറ്റിൽ എഡിഎം നവീൻ ബാബുവിന്റെ വിവാദമായ യാത്രയയപ്പ് യോഗം നടന്നത്. പ്രശാന്തിന്റെ മൊഴിയെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് വിജിലൻസ് സിഐ വിജിലൻസ് ഡിവെെഎസ്പിക്ക് കെെമാറിയിരുന്നു.
അതേസമയം, ഗൂഢാലോചനയിലൂടെ നവീൻ ബാബുവിനെ അപായപ്പെടുത്തുകയായിരുന്നെന്ന് ബന്ധു അനിൽ ആരോപിച്ചു. അന്വേഷണം ആദ്യം മുതൽ ഇതുവരെയും തൃപ്തികരമല്ലെന്ന് വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കുടുംബം പ്രതികരിച്ചു. ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ കണ്ണൂരിലെ ക്വാർട്ടേഴ്സിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. നേരത്തെ റവന്യൂ വകുപ്പും നവീൻ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കെെമാറിയിരുന്നു. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീത ഐഎഎസ് ആണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.