Nileswaram Firecracker Blast: നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു, മരണം നാലായി
Kasargod Nileswaram Firecracker Blast: കാസര്‍കോട് നീലേശ്വരം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെയാണ് അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ട പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍ അതിന്റെ തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറി ഉണ്ടാവുകയുമായിരുന്നു.
കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഒരു യുവാവ് കൂടി മരണത്തിന് കീഴടങ്ങി. ചികിത്സയില്‍ കഴിഞ്ഞിരുന്ന ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ് ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഷിബിന്‍.
പൊള്ളലേറ്റ് ചിത്സയിലായിരുന്നു മൂന്നാമത്തെയാളും ഷിബിന് തൊട്ടുമുമ്പായി മരണപ്പെട്ടിരുന്നു. കരിന്തളം കൊല്ലമ്പാറ സ്വദേശി ബിജു ആണ് മരിച്ചത്. പൊള്ളലേറ്റ് ബിജുവും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് ബിജു മരണത്തിന് കീഴടങ്ങിയത്.
ഞായറാഴ്ച രാവിലെ ചോയ്യംകോട് സലൂണ്‍ നടത്തിയിരുന്ന കിണാവൂര്‍ സ്വദേശി രതീഷ് എന്നയാളും മരണപ്പെട്ടിരുന്നു. ശരീരത്തില്‍ 60 ശതമാനത്തോളം പൊള്ളലേറ്റാണ് രതീഷ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നത്. നൂറിലേറെ പേര്‍ക്ക് അപകടത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. നിരവധിയാളുകള്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.
കാസര്‍കോട് നീലേശ്വരം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെയാണ് അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ട പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍ അതിന്റെ തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറി ഉണ്ടാവുകയുമായിരുന്നു.
ക്ഷേത്ര മതിലിനോട് ചേര്‍ന്നുള്ള ഷീറ്റിട്ട കെട്ടിടത്തിലായിരുന്നു പടക്കം സൂക്ഷിച്ചിരുന്നത്. തെയ്യം കാണുന്നതിനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിയാളുകള്‍ ഈ കെട്ടിടത്തിന് സമീപത്തായി തടിച്ചുകൂടിയിരുന്നു. പൊട്ടിത്തെറിയുണ്ടായതോടെ ആളുകള്‍ കൂട്ടത്തോടെ ഓടാന്‍ തുടങ്ങി. ഓട്ടത്തിനിടയില്‍ വീണാണ് പലര്‍ക്കും പരിക്കേറ്റത്. 150 ലേറെ ആളുകള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. 97 പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. അതില്‍ 29 പേര്‍ ഐസിയുവിലാണ്.
സംഭവത്തില്‍ എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റന്‍സ് ആക്ട്, ബിഎന്‍എസ് എന്നീ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്. വധശ്രമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഒന്‍പത് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇതില്‍ മൂന്നുപേര്‍ക്ക് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയിരുന്നുവെങ്കിലും അത് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കി.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി കെടി ഭരതന്‍, പടക്കത്തിന് തീ കൊളുത്തിയ രാജേഷ് എന്നിവരുടെ ജാമ്യമായിരുന്നു റദ്ദാക്കിയിരുന്നത്. ഇവര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ കാഞ്ഞങ്ങാട് ഡിവൈഎസ്പി അപ്പീല്‍ നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ അപ്പീല്‍ പരിഗണിക്കും മുമ്പ് തന്നെ കോടതി സ്വമേധയ പ്രതികളുടെ ജാമ്യം റദ്ദാക്കി.