Nileswaram Firecracker Blast: നീലേശ്വരം വെടിക്കെട്ടപകടം; സ്വമേധയാ കേസെടുത്ത് ജില്ലാകോടതി, പ്രതികളുടെ ജാമ്യം റദ്ധാക്കി
Nileswaram Firecracker Blast Accused Bail Cancelled: അനുമതിയില്ലാതെയാണ് പടക്കം പൊട്ടിച്ചതെന്നും, കുറ്റത്തിന്റെ തീവ്രത മനസിലാക്കി സ്വമേധയാ കേസെടുക്കുന്നുവെന്നുമാണ് ജില്ലാ കോടതി അറിയിച്ചത്.
കാഞ്ഞങ്ങാട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ അറസ്റ്റിലായവർക്ക് ജാമ്യം നൽകികൊണ്ടുള്ള ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്ത് ജില്ലാ സെഷൻസ് കോടതി. നിലവിൽ റിമാൻഡിൽ ഉള്ളവർ ജയിലിൽ നിന്നും പുറത്തിറങ്ങിയിട്ടില്ലെങ്കിൽ അവരെ വിടേണ്ടതില്ലെന്ന് കോടതി അറിയിച്ചു. പുറത്തിറങ്ങിയവർക്ക് കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയക്കാനും ജില്ലാ സെഷൻസ് കോടതി ജഡ്ജി സാനു എസ് പണിക്കർ നിർദേശം നൽകി. സ്വമേധയാ കേസെടുത്ത് കൊണ്ടാണ് കോടതിയുടെ അപ്രതീക്ഷിത നടപടി.
കേസിലെ ഒന്നും രണ്ടും പ്രതികളായ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ പി രാജേഷ് എന്നിവർക്കാണ് വെള്ളിയാഴ്ച, ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ബാലുദിനേഷ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയായിരുന്നു ജാമ്യം.
ALSO READ: നീലേശ്വരം വെടിക്കെട്ട് അപകടം; ക്ഷേത്ര ഭാരവാഹികളടക്കം 3 പ്രതികൾക്ക് ജാമ്യം
ജാമ്യം ലഭിച്ച് മണിക്കൂറുകൾക്കകം തന്നെ ചന്ദ്രശേഖരനും ഭരതനും ജയിലിൽ നിന്നും പുറത്തിറങ്ങി. രണ്ടു ആൾ ജാമ്യം ഉൾപ്പടെയുള്ള വ്യവസ്ഥയോടെയാണ് ജാമ്യം നൽകിയിരുന്നത്. അതിനാൽ, ആൾ ജാമ്യത്തിന് ആരുമെത്താത്തിനെ തുടർന്ന് രാജേഷിന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അതുകൊണ്ട്, മേൽക്കോടതി ഉത്തരവ് പ്രകാരം രാജേഷിനെ ജില്ലാ ജയിലിൽ നിന്നും ശനിയാഴ്ച പുറത്ത് വിട്ടിരുന്നില്ല. ഇയാളുടെ ജാമ്യ ഹർജി ഹൊസ്ദുർഗ് കോടതി പരിഗണിക്കാനിരിക്കെയാണ് ജില്ലാ കോടതി വിധി വന്നത്.
അതേസമയം, പ്രതികൾക്ക് ജാമ്യം നൽകികൊണ്ടുള്ള ഹൊസ്ദുർഗ് കോടതിയുടെ വിധി റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ജില്ലാ സെഷൻസ് കോടതിയിൽ ഹർജി നൽകിയിരുന്നു. അപ്പീൽ ഹർജി കോടതി ഫയലിൽ സ്വീകരിക്കുന്നതിന് മുൻപ് തന്നെ ജില്ലാ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. അനുമതിയില്ലാതെയാണ് പടക്കം പൊട്ടിച്ചതെന്നും, കുറ്റത്തിന്റെ തീവ്രത മനസിലാക്കി സ്വമേധയാ കേസെടുക്കുന്നുവെന്നുമാണ് കോടതി അറിയിച്ചത്.