Nileswaram Firecracker Blast: നീലേശ്വരം വെടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 4 ലക്ഷം രൂപ വീതം നൽകും
Kerala government announces financial assistance: ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19), കരിന്തളം സ്വദേശി കെ. ബിജു (38), കിണാവൂർ സ്വദേശി രതീഷ് (32) ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
തിരുവനന്തപുരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായധനം പ്രഖ്യാപിച്ചു. മരണപ്പെട്ട നാലുപേരുടെയും ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4 ലക്ഷം രൂപ വീതം അനുവദിക്കാനാണ് തീരുമാനം.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19), കരിന്തളം സ്വദേശി കെ. ബിജു (38), കിണാവൂർ സ്വദേശി രതീഷ് (32) ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ഇവരുടെ കുടുംബങ്ങൾക്കാണ് തുക ലഭിക്കുക. അപകടത്തിൽ നൂറിലധികം പേർക്ക് പൊള്ളലേറ്റിരുന്നു. കൂടാതെ 30 ഓളം പേർ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയുമാണ്. സംഭവത്തിൽ എക്‌സ്‌പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ്, ബി എൻ എസ് എന്നിവയിലെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
ALSO READ – റേഷൻ കാർഡിൽ തെറ്റുണ്ടോ? തിരുത്താൻ അവസരമൊരുക്കി തെളിമ പദ്ധതി
സംഭവത്തിനു പിന്നാലെ അറസ്റ്റിലായ മൂന്നു പ്രതികൾക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ക്ഷേത്ര സമിതി ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രതികൾക്കാണ് ഹോസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരി കൊളുത്തിയ പി രാജേഷ് എന്നിവർക്കാണ് ജാമ്യം നൽകിയത്. കർശന ഉപാധികളോടെയാണ് മൂവർക്കും ജാമ്യം നൽകിയത്.
മന്ത്രി സഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ
- ഷൊർണ്ണൂർ റെയിൽവേ പാലത്തിൽ ശുചീകരണ പ്രവർത്തനത്തിനിടെ ട്രെയിൻ തട്ടി മരണപ്പെട്ട തമിഴ്‌നാട് സേലം സ്വദേശികളുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 3 ലക്ഷം രൂപ വീതം അനുവദിച്ചു.
- സംസ്ഥാനത്ത് 2020 ജൂലൈ മുതൽ വിവിധ കേന്ദ്ര ഏജൻസികൾ നടത്തിവരുന്ന അന്വേഷണങ്ങൾ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന് 2021 മെയ് 7ന് നിയമിച്ച ജസ്റ്റിസ് വി കെ മോഹനൻ അന്വേഷണ കമ്മീഷന്റെ കാലാവധി 07.11.2024 മുതൽ ആറ് മാസത്തേക്കു കൂടി ദീർഘിപ്പിച്ചു.
- മലപ്പുറം താനൂർ തൂവൽത്തീരം ബീച്ചിൽ കഴിഞ്ഞ വർഷം ഉണ്ടായ ബോട്ടപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരത്തിൽ ദുരന്തങ്ങൾ ഒഴിവാക്കുവാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും അന്വേഷിക്കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് വി. കെ മോഹനൻ അന്വേഷണ കമ്മീഷന്റെ കാലാവധി ദീർഘിപ്പിച്ചു
- കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡിന് പ്രവർത്തന മൂലധനം ബാങ്കുകളിൽ നിന്നും സ്വരൂപിക്കുന്നതിന് 30 കോടി രൂപയുടെ സർക്കാർ ഗ്യാരന്റി അനുവദിക്കും.
- കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള വസ്തുവകകൾ ഈടായി നൽകി കെ.ടി.ഡി.എഫ്.സിയുടെ വായ്പാവിഹിതമായ 138.23 കോടി രൂപ കേരള ബാങ്ക് ഏറ്റെടുക്കുന്നതുമായി സംബന്ധിച്ച കരാർ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ മുദ്രവില, രജിസ്‌ട്രേഷൻ ഫീസ് ഇനങ്ങളിലുള്ള 9,67,61,000 രൂപ ഒഴിവാക്കി നൽകും.
- ഇരവിപുരം നിയോജക മണ്ഡലത്തിലെ വൈ.എം.സി.എ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടർ അംഗീകരിച്ചു.
- തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗത്തിൽ ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തിക സൃഷ്ടിക്കും.