Fireworks new law: ഇനി ഉത്സവത്തിന് വെടിക്കെട്ട് ഉണ്ടാകില്ലേ…വെടിക്കെട്ട് ലൈസൻസിനു പരീക്ഷ, പുതിയ ചട്ടങ്ങൾ ഇങ്ങനെ…
New rules and regulations for fireworks at temples in Kerala: ഉത്സവകാലം തുടങ്ങിയ സാഹചര്യത്തിൽ ഇത്തവണത്തെ വെടിക്കെട്ടുകളും ഇതോടെ അനിശ്ചിതത്വത്തിലാകും എന്നാണ് വിലയിരുത്തൽ.
തൃശ്ശൂർ: ഉത്സവങ്ങളുടെ പ്രധാന ആകർഷണമെന്നും ഒപ്പം അപകടമെന്നും വിശേഷിപ്പിക്കാവുന്ന വെടിക്കെട്ടുകൾക്ക് വിലക്കുമായി പുതിയ ചട്ടങ്ങളെത്താൻ സാധ്യത. എക്സ്പ്ലോസീവ് നിയമഭേദഗതിമൂലം തൃശ്ശൂർ പൂരത്തിലേത് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മിക്ക ഉത്സവ വെടിക്കെട്ടുകളും മുടങ്ങാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
വെടിക്കെട്ടുപുര ഇല്ലാത്ത സ്ഥലങ്ങളിലൊന്നും ഇനി വെടിക്കെട്ട് നടത്താനാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. കേരളത്തിൽ പത്തിൽ താഴെ സ്ഥലങ്ങളിൽ മാത്രമാണ് സ്ഥിരം വെടിക്കെട്ടു പുരയുള്ളത് എന്നതിനാൽ പല സ്ഥലത്തേയും മുടങ്ങിയേക്കും. ഇവിടെ നിന്ന് 200 മീറ്റർ അകലെ മാത്രമേ വെടിക്കെട്ട് നടത്താവൂ എന്നാണ് പുതിയ ഭേദഗതിയിൽ പറയുന്നത്. തൃശ്ശൂരിൽ വെടിക്കെട്ടു പുരയുണ്ടെങ്കിലും അത് 200 മീറ്റർ അകലെയല്ല.
ALSO READ – ‘ദന’ കേരളത്തിന് ഭീഷണിയാകുമോ? തുലാമഴ ശക്തിയോടെ തുടരും
ഉത്സവകാലം തുടങ്ങിയ സാഹചര്യത്തിൽ ഇത്തവണത്തെ വെടിക്കെട്ടുകളും ഇതോടെ അനിശ്ചിതത്വത്തിലാകും എന്നാണ് വിലയിരുത്തൽ. നിയമ ഭേദഗതിയാണ് നിലവിൽ വന്നതെന്നതിനാൽ മറ്റൊരു നിയമഭേദഗതിയിലൂടെയേ ഇതിനെ മറികടക്കാനാകു എന്നതാണ് ചട്ടം. ഇതിനായി നിയമ ഭേദഗതി ഉണ്ടാക്കി അതു പാർലമെന്റിൽ പാസാക്കിയെടുക്കാൻ സമയമെടുക്കും. ഇളവിനായി അപേക്ഷിക്കാമെങ്കിലും തൃശ്ശൂർപൂരം പോലെ പ്രധാനപ്പെട്ട വിരലിലെണ്ണാവുന്ന പൂരങ്ങൾക്കു മാത്രമേ ലഭിക്കാൻ സാധ്യതയുമുള്ളൂ എന്നും നിഗമനം.
വെടിക്കെട്ട് ലൈസൻസിനും കുരുക്ക്
വെടിക്കെട്ട് ലൈസൻസികളുടെ കാര്യത്തിലും പ്രതിസന്ധിയുണ്ടാക്കുന്ന തീരുമാനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് പെസോയുടെ പരീക്ഷ പാസാകുന്നവർക്കു മാത്രമേ ലൈസൻസി ആകാനാകൂ എന്നു അനുശാസിക്കുന്നു. ഫയർവർക്സ് ഡിസ്പ്ലേ ഓഫീസർ, അസിസ്റ്റന്റ് ഫയർവർക്സ് ഡിസ്പ്ലേ ഓഫീസർ എന്നിവരും ഇവരുടെ സഹായികളും ചേർന്നാണ് വെടിക്കെട്ടിന് മേൽനോട്ടം നൽകുക.
നിലവിൽ ലൈസൻസികളെ കിട്ടാൻ പൂരം കമ്മിറ്റികൾ പെടാപ്പാട് പെടുന്ന സാഹചര്യമാണ് ഉള്ളത്. അനധികൃതമായി വെടിക്കെട്ട് നിർമാണം നടത്തിയെന്നു കണ്ടെത്തിയാലുമെല്ലാം ലൈസൻസ് നഷ്ടമാകും. ഇതിനാൽ മിക്ക വർഷങ്ങളിലും നല്ലൊരു വിഭാഗം ലൈസൻസികൾ മാറി നിൽക്കുകയാണ് ചെയ്യാറ്. ബന്ധുക്കളുടെയും മറ്റും പേരിൽ ലൈസൻസ് എടുക്കേണ്ട സ്ഥിതിയിലേക്ക് എത്തുന്നു.
ഇതിനു പുറമേയാണ് പരീക്ഷ കൂടി വരുന്നത്. പത്താംക്ലാസാണ് പരീക്ഷ എഴുതാനുള്ള യോഗ്യതയായി പറയുന്നത്. നിയമങ്ങൾ കടുപ്പിച്ചാൽ ലൈസൻസികളുടെ എണ്ണം ഇനിയും കുറയും.