Navakerala Bus: കെട്ടും മട്ടും മാറും, റീ എൻട്രിക്ക് ഒരുങ്ങി നവകേരള ബസ്; മാറ്റങ്ങൾ ഇങ്ങനെ
Navakerala Bus: നവകേരള സദസിനായി അത്യാധുനിക സൗകര്യങ്ങളുള്ള ബസ് വാങ്ങിയതിനെ പ്രതിപക്ഷം ഉൾപ്പെടെ വിമർശിച്ചിരുന്നു. നവകേരള സദസിന് ശേഷം കട്ടപ്പുറത്തു കിടന്ന ബസ് നവീകരിച്ച് കോഴിക്കോട്- ബെംഗളൂരു റൂട്ടിൽ ഗരുഡ പ്രീമിയം എന്ന പേരിൽ ഓടിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ നവകേരള ബസ് പൊളിച്ചുപണിയുന്നു. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിക്കും മന്ത്രി സഞ്ചരിക്കാനായി വാങ്ങിയ ബസാണ് വീണ്ടും റീ എൻട്രിയ്ക്ക് ഒരുങ്ങുന്നത്. കെഎസ്ആർടിസിക്ക് കൈമാറിയ ബസിലെ പാൻട്രി ഉൾപ്പെടെയുള്ള അധിക സൗകര്യങ്ങൾ ഒഴിവാക്കി സീറ്റുകളുടെ എണ്ണം കൂട്ടാനാണ് പൊളിക്കുന്നത്. നിലവിൽ 25 സീറ്റ് 38- ആയി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സീറ്റിന്റെ പ്ലാറ്റ്ഫോം ഘടനയിലും മാറ്റമുണ്ടാകും. ബസിലെ ടോയ്ലറ്റിനും മാറ്റമുണ്ടാകും.
എസ്എൻഎം കണ്ണപ്പ എന്ന സ്വകാര്യ സ്ഥാപനത്തിന് 64 ലക്ഷം രൂപ നൽകിയാണ് ബസിൻ്റെ ബോഡിയും ഉൾഭാഗവും നിർമ്മിച്ചത്. കർണാടകയിലെ സ്വകാര്യ വർക്ക് ഷോപ്പിലുള്ള ബസിന്റെ ഉൾഭാഗത്തിനാണ് മാറ്റം വരുത്തുന്നത്. ബസിന്റെ പുറകിലുള്ള പാൻട്രി ഏരിയയും വാഷ് ഏരിയയും പൊളിച്ചുമാറ്റും. ടോയ്ലറ്റിലെ യൂറോപ്യൻ ക്ലോസ്റ്റ് ഒഴിവാക്കി ഇന്ത്യൻ ക്ലോസറ്റ് ആക്കാനും തീരുമാനമായി. യാത്രക്കാർ യൂറോപ്യൻ ക്ലോസ്റ്റ് വൃത്തിയായി സൂക്ഷിക്കുന്നില്ല എന്നാണ് കെഎസ്ആർടിസി നൽകുന്ന വിശദീകരണം.
സാമ്പത്തിക പ്രതിസന്ധിക്കിടെ നവകേരള സദസിനായി അത്യാധുനിക സൗകര്യങ്ങളുള്ള ബസ് വാങ്ങിയതിനെ പ്രതിപക്ഷം ഉൾപ്പെടെ വിമർശിച്ചിരുന്നു. നവകേരള സദസിന് ശേഷം കട്ടപ്പുറത്തു കിടന്ന ബസ് നവീകരിച്ച് കോഴിക്കോട്- ബെംഗളൂരു റൂട്ടിൽ ഗരുഡ പ്രീമിയം എന്ന പേരിൽ ഓടിയിരുന്നു. പിന്നീട് യാത്രക്കാർ ഇല്ലാത്തതിനെ തുടർന്ന് ബസിന്റെ സർവ്വീസ് നിർത്തി വച്ചിരുന്നു. ഈ ബസാണ് ഇപ്പോൾ പൊളിച്ചുപണിയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഇരിക്കാൻ ഉപയോഗിച്ച സീറ്റ് ഡബിൾസീറ്റാക്കി മാറ്റിയാണ് കെഎസ്ആർടിസി സർവ്വീസിനായി നിരത്തിലിറക്കിയത്. 1.25 കോടി രൂപ ചെലവാക്കി വാങ്ങിയ ബസ് നഷ്ടം കാരണം ജൂലെെ 21-ന് സർവ്വീസ് നിർത്തി. പിന്നീടാണ് ബെംഗളൂരുവിലെ വർക്ക്ഷോപ്പിലേക്ക് കൊണ്ടുപോയത്. നവകേരള സദസ് കഴിഞ്ഞ ശേഷം 2023 ഡിസംബർ 23 മുതൽ ബസ് മറ്റ് സർവ്വീസിനായി ഉപയോഗിച്ചിരുന്നില്ല. ബസ് കട്ടപ്പുറത്ത് കിടന്നതും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതോടെയാണ് മാറ്റങ്ങൾ വരുത്തി ദീർഘകാല റൂട്ടിൽ ബസ് ഓടിച്ച് തുടങ്ങിയത്.
ബസ് സർവ്വീസ് ആരംഭിച്ച് ആദ്യ ദിവസങ്ങളിൽ തന്നെ ടിക്കറ്റ് ബുക്കിംഗിന് വൻതിരക്ക് അനുഭവപ്പെട്ടെങ്കിലും പിന്നീട് ഒരു യാത്രക്കാരനെ വച്ച് ബസ് ഓടിക്കേണ്ടി വന്നു. ഉത്സവ സീസണുകളിൽ മാത്രമാണ് ബസ് ലാഭത്തിൽ ഓടിയത്. യാത്രക്കാരില്ലാത്തതിനെ തുടർന്ന് സർവ്വീസ് നടത്താതിരുന്ന ദിവസങ്ങളുമുണ്ടായി. ഇതിനിടെ ബാത്ത് റൂം ടാങ്കിനും ചോർച്ചയുണ്ടായതും, വാതിലിന്റെ ചോർച്ചയുമെല്ലാം വാർത്തയായി.