5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

MVD: അടിച്ച് ലക്ക് കേട്ടാൽ വീട്ടിൽ എത്തിക്കണം! മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏർപ്പെടുത്താൻ ബാറുകൾക്ക് MVD നിർദ്ദേശം

MVD Issued Order to Bars: മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ നടപടി. എറണാകുളം ജില്ലയിലെ ബാര്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കാണ് എംവിഡി ഉത്തരവ് കൈമാറിയത്. ബാറിന് പുറത്ത് പ്രഫഷനല്‍ ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നാണ് നിര്‍ദേശം.

MVD: അടിച്ച് ലക്ക് കേട്ടാൽ വീട്ടിൽ എത്തിക്കണം! മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏർപ്പെടുത്താൻ ബാറുകൾക്ക് MVD നിർദ്ദേശം
Mvd
sarika-kp
Sarika KP | Published: 31 Dec 2024 13:04 PM

പുതുവർഷം എത്താൻ മണിക്കൂറുകൾ മാത്രം. ലോകം മുഴുവൻ വമ്പൻ പരിപാടികളാണ് പുതുവർഷത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാൽ പുതുവർഷം ആ​ഘോഷിക്കാൻ ബാറിലെത്തുന്നവർക്ക് ഡ്രൈവറെ ഏർപ്പാടാക്കി നൽകാൻ ബാറുകള്‍ നിർ​ദേശം നൽകി മോട്ടോര്‍ വാഹന വകുപ്പ്. മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ നടപടി. എറണാകുളം ജില്ലയിലെ ബാര്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കാണ് എംവിഡി ഉത്തരവ് കൈമാറിയത്. ബാറിന് പുറത്ത് പ്രഫഷനല്‍ ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നാണ് നിര്‍ദേശം.

മുൻപ് തന്നെ മദ്യം കഴിക്കാൻ എത്തുന്നവരോട് ഡ്രൈവര്‍ പുറത്തുണ്ടെന്ന് അറിയിക്കണമെന്നും നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കണമെന്നും ഉത്തവരിൽ പറയുന്നു. ഡ്രൈവറെ നൽകുക മാത്രമല്ല ഹോട്ടലുകാർ വേണ്ടത്. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അപകടത്തെക്കുറിച്ചു ഉപഭോക്താക്കളുമായി ആശയ വിനിമയം നടത്തണമെന്നും ആർടിഒ നിർദ്ദേശത്തിലുണ്ട്. മദ്യപിച്ച് വാഹനമോടിച്ചാലുണ്ടാകുന്ന അപകടത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ നോട്ടിസ് ബാറില്‍ ശരിയായി കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. ഡ്രൈവർമാരുടെ സേവനം ഉപയോ​ഗിക്കുന്ന ഉപഭോക്താക്കൾ അതിനെക്കുറിച്ചു പറയുന്നത് രജിസ്റ്ററ്‍ രേഖപ്പെടുത്തണം. ഇത് അധികൃതർ പരിശോധിക്കും. ഡ്രൈവര്‍ വേണ്ടെന്നും മദ്യപിച്ച് വാഹനമോടിച്ച് മടങ്ങുകയും ചെയ്യാന്‍ ശ്രമിക്കുന്നവരുടെ വിവരം അടുത്ത പൊലീസ് സ്റ്റേഷനിലോ ആര്‍ടിഒ ഓഫിസിലോ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Also Read: ഡ്രോൺ നിരീക്ഷണം, സ്പെഷ്യൽ ടീമുകൾ; പുതുവത്സരാഘോഷങ്ങളിൽ ഇത്തവണ പോലീസ് ഇടപെടൽ ശക്തം

അതേസമയം പുതുവത്സരാഘോഷങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിനായി പ്രത്യേക ടീമുകൾ രൂപീകരിക്കാനും ഡ്രോൺ നിരീക്ഷണം അടക്കമുള്ളവ നടത്താനും തീരുമാനമായിട്ടുണ്ട്. വിവിധ ഇടങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കും. പുതുവത്സരാഘോഷ വേളയിലെ നിയമലംഘനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.

പുതുവത്സരാഘോഷവേളയിൽ ക്രമസമാധാനവും സ്വൈരജീവിതവും ഉറപ്പാക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി.ഷോപ്പിംഗ് കേന്ദ്രങ്ങൾ, മാളുകൾ, പ്രധാന തെരുവുകൾ,റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡ് , വിമാനത്താവളം എന്നിവിടങ്ങളിൽ പോലീസ് പെട്രോളിങ്ങും നിരീക്ഷണവും കർശനമാക്കും. വിവിധ ജില്ലകളിൽ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു പരിശോധനകൾ കർശനമാക്കുന്നതിനു സ്പെഷ്യൽ ടീമുകൾ രൂപീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.

പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകൾ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോൺ നിരീക്ഷണം ശക്തമാക്കും. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസപ്രകടനങ്ങൾ എന്നിവ ബോർഡർ സീലിംഗിലൂടെയും കർശന വാഹനപരിശോധനയിലൂടെയും തടയുന്നതാണ്.ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങൾക്കും വനിതകൾക്കും വിദേശികൾക്കും സുരക്ഷാ ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

മതിയായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് തടയാനായി കോസ്റ്റൽ പോലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ പട്രോളിംഗുകൾ ശക്തമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളിൽ പോലീസ് പിക്കറ്റുകളും പട്രോളിംഗുകളും ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവർ തങ്ങളുടെ മൊബൈൽ നമ്പർ വാഹനത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്.പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്ന എല്ലാ അതിഥികൾക്കും ഒരു എൻട്രി രജിസ്റ്റർ സൂക്ഷിക്കാൻ മാനേജ്മെന്റോ സംഘാടകരോ ശ്രദ്ധിക്കണം. ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള ശബ്ദമലിനീകരണ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുക. അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ഉടനടി 112 ൽ പോലീസിനെ വിവരം അറിയിക്കുക.