Wayanad landslide: വയനാട് ദുരിതബാധിതർക്കായി വീട് നിർമ്മിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചവരെ നേരിൽ കാണും; ഒരുങ്ങുക 1000 സ്വ.ഫീറ്റ് വീട്
Wayanad landslide victims' rehabilitation: ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ദുരന്തത്തിൽ വീടു നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഉൾപ്പെടുത്തിയിരുന്നത്.
തിരുവനന്തപുരം: ചൂരൽമല-മുണ്ടക്കൈ ഉരുൾപ്പൊട്ടൽ പുനരധിവാസത്തിന്റെ കരട് രേഖ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചു. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഐഎഎസ് ആണ് മന്ത്രിസഭാ യോഗത്തിൽ പുനരധിവാസത്തിന്റെ കരട് രേഖ അവതരിപ്പിച്ചത്. ടൗൺഷിപ്പ് രീതിയിലുള്ള പദ്ധതി രേഖ 26-ന് ചേരുന്ന മന്ത്രിസഭാ യോഗം അംഗീകരിക്കും. ഒന്നാം ഘട്ടത്തിൽ 388 ഗുണഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്ന കരട് പട്ടികക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. വയനാട് ദുരന്തത്തിലെ അതിജീവിതർക്കായി രണ്ട് ഘട്ടങ്ങളിലാണ് ടൗൺഷിപ്പ് ഒരുങ്ങുക. അതിജീവതർക്കായുള്ള ടൗൺഷിപ്പ് എങ്ങനെ വേണമെന്ന കാര്യത്തിലും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലെെൻ യോഗത്തിൽ ചർച്ച നടന്നു. പദ്ധതിയുടെ നടത്തിപ്പ് ചുമതല സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. കിഫ്ബിയുടെ ടൗൺഷിപ്പ് ഡിസൈനുമായി മുന്നോട്ട് പോകാനും സർക്കാരിന് താത്പര്യമുണ്ട്.
അതിജീവിതർക്കായി തയ്യാറാക്കുന്ന ടൗൺഷിപ്പിൽ 1000 സ്ക്വയർഫീറ്റിൽ ഒറ്റനിലയായും ഇരുനിലയായും വീടുകൾ ഒരുങ്ങും. ഏകദേശം 750 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതിജീവതർക്ക് വീടുകൾ വച്ച് നൽകുമെന്ന് പ്രഖ്യാപിച്ചവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും. മുസ്ലീം ലീഗ്, ഡിവെെഎഫ്ഐ ഉൾപ്പെടെയുള്ള 38- ഓളം സന്നദ്ധ സംഘടനകൾ അതിജീവിതർക്ക് വീട് നിർമ്മിച്ച് നൽകാൻ തയ്യാറാണെന്ന് അറിയിച്ച് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഈ സംഘടനയുടെ നേതൃനിരയുമായി നേരിട്ട് സംസാരിക്കാനാണ് തീരുമാനം. നടത്തിപ്പ് ചുമതല ആർക്കാണ് എന്നതിൽ അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഭൂമി ഏറ്റെടുക്കലിനെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
കിഫ്ബി തയ്യാറാക്കിയ ആയിരം സ്ക്വയർ ഫീറ്റ് വീടിന്റെ പ്ലാനാണ് പ്രഥമദൃഷ്ടിയാൽ മന്ത്രിസഭ അംഗീകരിച്ചിട്ടുള്ളത്. പുനരധിവാസ ടൗൺഷിപ്പിനുള്ള സ്ഥലം ഏറ്റെടുക്കൽ, പുനരധിവാസത്തിനുള്ള ഗുണഭോക്താക്കളെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട തുടർനടപടികൾ എന്നിവയും യോഗത്തിൽ ചർച്ചയായി. ടൗൺഷിപ്പിന്റെ നിർമ്മാണ ചുമതല ഒരു ഏജൻസിയെ ഏൽപ്പിക്കാനും ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന മേൽനോട്ട സമിതിയെ പദ്ധതിക്ക് വേണ്ടി നിയോഗിക്കാനും യോഗത്തിൽ ധാരണയായി.
ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ദുരന്തത്തിൽ വീടു നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഉൾപ്പെടുത്തിയിരുന്നത്. രണ്ടാം ഘട്ടത്തിൽ അപകടമേഖലയിലെ വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ താമസിച്ചിരുന്നവരെയാണ് ഉൾപ്പെടുത്തുക.
അതേസമയം, പുനരധിവാസ പട്ടികയിൽ ഇരട്ടിപ്പും തെറ്റായ വിവരങ്ങളും ഉണ്ടായത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെങ്കിൽ നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ദുരിതബാധിതരെ പട്ടികയിൽ നിന്ന് ഒഴിവാക്കില്ലെന്നും അനർഹരായ ആരെയും ഉൾപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.