Mother Sold Baby: തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനെ അമ്മ വിറ്റത് 10,000 രൂപയ്ക്ക്; സ്വീകരിച്ചത് സീരിയൽ നടിയും ഭർത്താവും, കേസെടുത്തു
Mother Sold Baby To Serial Artist: വൈത്തിരി പോലീസ് മാതാവിനെയും കുഞ്ഞിനെയും ഞായറാഴ്ച തിരികെ വയനാട്ടിലെത്തിച്ചു. നിലവിൽ കുട്ടി സിഡബ്ല്യുസിയുടെ സംരക്ഷണയിലാണ്. പൊഴുതന പഞ്ചായത്തിലെ രണ്ടാം വാർഡിലെ പിണങ്ങോട് ഊരംകുന്നിൽ താമസിക്കുന്ന യുവതിയുടെ രണ്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് 10,000 രൂപയ്ക്ക് സീരിയൽ നടിക്കും ഭർത്താവിനും വിറ്റത്.
തിരുവനന്തപുരം: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ 10,000 രൂപയ്ക്ക് (Mother Sold Baby) തിരുവനന്തപുരം സ്വദേശികൾക്കു വിറ്റു. വിൽപ്പനയ്ക്ക് ഇടനിലക്കാരിയായി പ്രവർത്തിച്ച ആശാവർക്കർ ഉഷ (സീമ), കുട്ടിയുടെ മാതാവ്, അവരുടെ മാതാവ്, കുഞ്ഞിനെ സ്വീകരിച്ച തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാർ എന്നിവർക്കെതിരേ വൈത്തിരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വയനാട്ടിൽനിന്ന് ഓഗസ്റ്റ് 11-നാണ് കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആശാവർക്കറെ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വൈത്തിരി പോലീസ് മാതാവിനെയും കുഞ്ഞിനെയും ഞായറാഴ്ച തിരികെ വയനാട്ടിലെത്തിച്ചു. നിലവിൽ കുട്ടി സിഡബ്ല്യുസിയുടെ സംരക്ഷണയിലാണ്. പൊഴുതന പഞ്ചായത്തിലെ രണ്ടാം വാർഡിലെ പിണങ്ങോട് ഊരംകുന്നിൽ താമസിക്കുന്ന യുവതിയുടെ രണ്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് 10,000 രൂപയ്ക്ക് സീരിയൽ നടിക്കും ഭർത്താവിനും വിറ്റത്.
ഒരാഴ്ചയായി കുഞ്ഞിനെ കാണാനില്ലെന്ന് സൂചന ലഭിച്ചതിനെത്തുടർന്ന് പോലീസ് 18-ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി)ക്ക് റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെ സിഡബ്ല്യുസി ചെയർമാൻ ജോസ് കണ്ടത്തിലിന്റെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കുട്ടിയെയും മാതാവിനെയും തിരുവനന്തപുരത്തു നിന്ന് കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ സീരിയൽ നടി മായ സുകു, ഭർത്താവ് സുകു എന്നിവർക്കാണ് കുഞ്ഞിനെ കൈമാറിയതെന്ന് പിന്നീട് കണ്ടെത്തി.
ALSO READ: കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും 3 കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം ആരംഭിച്ചു
വൈത്തിരി പോലീസ് സ്റ്റേഷനിൽ ദമ്പതിമാരോട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികൾക്ക് നോട്ടീസ് നൽകുമെന്നും പോലീസ് അറിയിച്ചു. ഭർത്താവിൽ നിന്ന് പിരിഞ്ഞു കഴിയുകയാണ് കുട്ടിയുടെ മാതാവ്. ഇവർ മുൻപ് അത്തിമൂലയിൽ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ വാർഡിന്റെ ചുമതല വഹിച്ചിരുന്നയാളാണ് പ്രതിചേർക്കപ്പെട്ടിരിക്കുന്ന ആശാ വർക്കർ.
കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് സമാനമായ സംഭവം അരങ്ങേറിയിരുന്നു. സ്വന്തം കുഞ്ഞിനെ ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങിയ ശേഷം സുഹൃത്തിന് വിറ്റതാണ് കേസ്. കേസിൽ നവജാത ശിശുവിന്റെ അമ്മ ഉൾപ്പെടെ മൂന്ന് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സുഹൃത്തിന്റെ ആവശ്യത്തെത്തുടർന്നാണ് ഒരു ലക്ഷം രൂപക്ക് പെൺകുഞ്ഞിനെ വിറ്റത്. പ്രസവിച്ച് വെറും അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഓഗസ്റ്റ് 19നാണ് സുഹൃത്തിന് കൈമാറിയത്.