Saji Cheriyan: യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ്; പുകവലിക്കുന്നത് മഹാ അപരാധമാണോ? എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ
Minister Saji Cheriyan Against Excise: യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ 9 പേരെയാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. വാർത്തപുറത്ത് വന്നതോടെ ഫേസ്ബുക്ക് ലെെവിലൂടെ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി യു പ്രതിഭ രംഗത്തെത്തിയിരുന്നു.
ആലപ്പുഴ: യു പ്രതിഭ എംഎൽഎയ്ക്ക് പിന്തുണയുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കഴിഞ്ഞ ദിവസം കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഹരിയെയും സുഹൃത്തുകളെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. എക്സെെസിന്റെ ഈ നടപടിക്കെതിരെയാണ് മന്ത്രി സജി ചെറിയാൻ തുറന്നടിച്ചിരിക്കുന്നത്. പുക വലി മഹാ അപരാധമാണോയെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തി കുട്ടികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. കായംകുളത്ത് എസ്.വാസുദേവൻ പിള്ള രക്തസാക്ഷിദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
‘പോളിടെക്നിക്ക് വിദ്യാർത്ഥിയാണ് യു പ്രതിഭ എംഎൽഎയുടെ മകൻ. കുട്ടികൾ ആവുമ്പോൾ കൂട്ടുകൂടും. ആ കുട്ടി എന്തെങ്കിലും മോശപ്പെട്ട കാര്യം ചെയ്തതായി ഒരു എഫ്ഐആർ പോലുമില്ല. എക്സെെസിന്റെ എഫ്ഐആർ താൻ വായിച്ചതാണ്. അതിൽ എംഎൽഎയുടെ മകൻ പുകവലിച്ചു എന്ന് മാത്രമാമുള്ളത്. ഞാനും പുകവലിക്കുന്ന വ്യക്തിയാണ്. വല്ലപ്പോഴും ഒരു സിഗരറ്റ് മാത്രം. കെട്ടുക്കണക്കിന് ബീഡി വലിക്കുന്ന ആളായിരുന്നു എം.ടി. വാസുദേവൻ നായർ. പുകവലിച്ചതിന് എക്സെെസ് എന്തിമാണ് കുട്ടികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ഇടുന്നത്”, മന്ത്രി ചോദിച്ചു.
കൊച്ചുകുട്ടികൾ കമ്പനി കൂടുമ്പോൾ സംസാരിക്കുകയും പുകവലിക്കുകയുമെല്ലാം ചെയ്യും. പുകവലി ശരിയാണ് എന്നല്ല ഞാൻ പറയുന്നത്. എക്സെെസ് പറയുന്നത് പോലെ എംഎൽഎയുടെ മകൻ ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ്. പക്ഷേ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് മഹാ അപരാധമാണോ. പ്രതിഭയുടെ മകൻ ഇങ്ങനെ സുഹൃത്തുകളുമായി കൂട്ടുകൂടി ഇരുന്നു. അതിന് പ്രതിഭയ്ക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും മന്ത്രി ചോദിച്ചു. എംഎൽഎയെ എന്തിനാണ് വെറുതെ ഈ കേസിലേക്ക് വലിച്ചിഴയ്ക്കുന്നത്. ഒരു സ്ത്രീ എന്ന പരിഗണന അവർക്ക് നൽകേണ്ടേ? മകൻ കേസിൽ അകപ്പെട്ടു എന്നതിന്റെ പേരിൽ യു പ്രതിഭയെ വേട്ടയാടുകയാണ്. കേരളത്തിലെ ഏറ്റവും മികച്ച എംഎൽഎമാരിൽ ഒരാളാണ് അവർ. അതിനാലാണ് അവരെ പാർട്ടി സ്ഥാനാർത്ഥിയാത്തിയതെന്നും എംഎൽഎയെ വേദിയിൽ ഇരുത്തി കൊണ്ട് സജി ചെറിയാൻ പറഞ്ഞു.
വാഹനാപകടത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ അഞ്ച് ഒന്നാം വർഷ വിദ്യാർത്ഥികളാണ് മരിച്ചത്. മിടുക്കരായിരുന്നു അവർ. അവർ ചെയ്ത തെറ്റെന്താണ്. വൈകീട്ട് സിനിമ കാണാൻ പോയതിന് മാതാപിതാക്കൾക്ക് എന്ത് ചെയ്യാൻ പറ്റും. ആ മാതാപിതാക്കളെ വേട്ടയാടാൻ തുടങ്ങിയാൽ എന്തായിരിക്കും സ്ഥിതിയെന്നും മന്ത്രി ചോദിച്ചു. യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ 9 പേരെയാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയത്.
വാർത്തപുറത്ത് വന്നതോടെ ഫേസ്ബുക്ക് ലെെവിലൂടെ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി യു പ്രതിഭ രംഗത്തെത്തിയിരുന്നു. മകനെതിരായ വാർത്ത വ്യാജമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമായിരുന്നു പ്രതികരണം. എന്നാൽ എംഎൽഎയുടെ ന്യായീകരണം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു എഫ്ഐആറിലെ വിവരങ്ങൾ. കേസിലെ 9-ാം പ്രതിയാണ് എംഎൽഎയുടെ മകൻ കനിവ്. എൻഡിപിഎസ് ആക്ട് 25 ബി, 27 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കനിവ് ഉൾപ്പടെ ഒൻപത് പേർക്കെതിരെ കേസെടുത്തത്.