Malappuram Loud Noise: മലപ്പുറത്തെ ചില പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്രശബ്ദം; സ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു
Loud Noise Heard from Under Ground in Malappuram: ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് പരിഭ്രാന്തരായ നാട്ടുകാർ വീടുകളിൽ നിന്നും പുറത്തേക്കോടി.
മലപ്പുറം: നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് പ്രദേശത്ത് ഭൂമിക്കടിയിൽ നിന്നും ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ. ഒരു കിലോമീറ്റർ ചുറ്റളവിൽ ശബ്ദം കേട്ടതായി അവർ പറയുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് പരിഭ്രാന്തരായ നാട്ടുകാർ വീടുകളിൽ നിന്നും പുറത്തേക്കോടി. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിയെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് കേരളം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റിറ്റി വ്യക്തമാക്കി.
രാത്രി ഒമ്പത് മണിക്ക് ആദ്യ ശബ്ദം ഉണ്ടായതിനെ തുടർന്ന്, നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് പത്തേമുക്കാലിന് വീണ്ടും ശബ്ദവും വിറയലും ഉണ്ടായത്. ഭൂമികുലുക്കം ആണെന്ന് കരുതിയതായി നാട്ടുകാർ പറയുന്നു. ആളുകൾ ഭയന്ന്, ഏറെ വൈകിയും വീടുകളിലേക്ക് മടങ്ങാൻ തയ്യാറാവാതെ വന്നതോടെ അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു. പഞ്ചായത്ത് ഭരണ സമിതിയും പോലീസും എത്തിയാണ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചത്. എന്നാൽ, രാത്രി 11 മണി വരെ സ്ഥലത്ത് ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്നാണ് ദുരന്ത നിവാരണ സമിതി റിപ്പോർട്ട് ചെയ്തത്.
നേരത്തെ ഭൂമിക്കടിയിൽ നിന്നും സ്ഫോടന ശബ്ദം കേട്ടെന്ന വിവരത്തെ തുടർന്ന് ജിയോളജി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഇതിന് പിന്നാലെയാണ്, പ്രദേശത്ത് വീണ്ടും സ്ഫോടന ശബ്ദവും വിറയലും ഉണ്ടായിരിക്കുന്നത്.