5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Life Mission : ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടുകളുടെ വില്‍പന കാലാവധി ഉയര്‍ത്തിയത് എന്തിന് ? കാരണമറിയാം

Life Mission House Selling and Transferring : പിഎംഎവൈ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായം ലഭിക്കുന്ന മറ്റ് പദ്ധതിയിലെ വീടുകള്‍ എന്നിവയ്ക്കും ഇതേ വ്യവസ്ഥ ബാധകമാണ്. മാത്രമല്ല, ഭൂമി പണയപ്പെടുത്തി ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുക്കുന്നതിനും ഇത് ബാധകമായിരിക്കും. ഗുണഭോക്താവ് അവസാന ഗഡു സ്വീകരിച്ച തീയതി മുതല്‍ സമയം കണക്കാക്കും

Life Mission : ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടുകളുടെ വില്‍പന കാലാവധി ഉയര്‍ത്തിയത് എന്തിന് ? കാരണമറിയാം
ലൈഫ് മിഷന്‍ Image Credit source: Social Media
jayadevan-am
Jayadevan AM | Published: 23 Dec 2024 15:24 PM

ര്‍ക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി ഉയര്‍ത്തി. ഇനി മുതല്‍ 12 വര്‍ഷമാകും കാലാവധി. പദ്ധതിയുടെ തുടക്കത്തിലും 12 വര്‍ഷമായിരുന്നു വില്‍പനയുടെയും കൈമാറ്റത്തിന്റെയും കാലാവധി. പിന്നീട് ഇത് 10 വര്‍ഷമാക്കി കുറച്ചിരുന്നു. കഴിഞ്ഞ ജൂലൈ ഒന്ന് മുതല്‍ കാലാവധി ഏഴ് വര്‍ഷമാക്കി കുറച്ചു. അടിയന്തരഘട്ടത്തില്‍ മുന്‍കൂര്‍ അനുമതിയോടെയാണ് കൈമാറ്റം നടത്തേണ്ടത്.

എന്നാല്‍ ഏഴ് വര്‍ഷ കാലാവധി പദ്ധതിയുടെ ലക്ഷ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു വിലയിരുത്തല്‍. തുടര്‍ന്നാണ് വില്‍പനയുടെയും കൈമാറ്റത്തിന്റെയും കാലാവധി 12 വര്‍ഷമാക്കി ഉയര്‍ത്തിയത്.

പിഎംഎവൈ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായം ലഭിക്കുന്ന മറ്റ് പദ്ധതിയിലെ വീടുകള്‍ എന്നിവയ്ക്കും ഇതേ വ്യവസ്ഥ ബാധകമാണ്. മാത്രമല്ല, ഭൂമി പണയപ്പെടുത്തി ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുക്കുന്നതിനും ഇത് ബാധകമായിരിക്കും. ഗുണഭോക്താവ് അവസാന ഗഡു സ്വീകരിച്ച തീയതി മുതല്‍ സമയം കണക്കാക്കും.

വായ്പയ്ക്ക് അനുമതി വേണ്ട

ഗുണഭോക്താക്കൾക്ക് സ്വന്തം നിലയിൽ വീട് പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും വായ്പ എടുക്കാം. നേരത്തെ വായ്പ എടുക്കണമെങ്കില്‍ ജില്ലാ കലക്‌ടർ അധ്യക്ഷനായ സമിതിയിൽ അപേക്ഷ നൽകി അനുമതി തേടണമായിരുന്നു. എന്നാല്‍ ഇനി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ബാങ്കിനെ സമീപിക്കാമെന്നാണ് റിപ്പോര്‍ട്ട്.

Read Also : വീടുകളുടെ ഉയരം ഇനി പ്രശ്നമേയല്ല; കെട്ടിടനിർമാണച്ചട്ടത്തിൽ ഭേദഗതി, വ്യവസ്ഥകൾ ഉദാരമാക്കുന്നു

ലൈഫ് പദ്ധതി

സംസ്ഥാനത്തെ എല്ലാ ഭൂരഹിത-ഭവനരഹിതര്‍ക്കും ഭവനം പൂര്‍ത്തിയാക്കാത്തവര്‍ക്കും നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിത പാര്‍പ്പിട സംവിധാനം തയ്യാറാക്കി നല്‍കുകഎന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2025 മാര്‍ച്ച് 31നകം ലൈഫ് പദ്ധതിയിൽ വീട് ലഭിച്ച കുടുംബങ്ങളുടെ എണ്ണം അഞ്ച് ലക്ഷത്തിലെത്തിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഭൂമിയുള്ള ഭവനരഹിതരും, ഭൂരഹിത-ഭവനരഹിതരും, ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരും, വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവരും തീരദേശമേഖലയിലോ, തോട്ടം മേഖലയിലോ, പുറമ്പോക്കിലോ താത്കാലിക ഭവനം ഉള്ളവരും ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

മാനസിക വെല്ലുവിളി നേരിടുന്നവര്‍, ഭിന്നശേഷിക്കാര്‍, അഗതികള്‍, ഗുരുതര രോഗമുള്ളവര്‍, അവിവാഹിതരായ അമ്മമാര്‍, ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ജോലി ചെയ്ത് വരുമാനം കണ്ടെത്താന്‍ കഴിയാത്തവര്‍, വിധവകള്‍ തുടങ്ങിയവര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നു.

2011ലെ സര്‍വേ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പട്ടിക എന്നിവ ഉപയോഗിച്ചാണ് അര്‍ഹരെ കണ്ടെത്തുന്നത്. ഈ പട്ടികയില്‍ ഉള്‍പ്പെടാത്ത അര്‍ഹരെ പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന സര്‍വേയിലൂടെ കണ്ടെത്തുന്നു. ആദിവാസി മേഖലയില്‍ എസ്ടി പ്രമോട്ടര്‍മാരെയും ഇതിനായി നിയോഗിക്കുന്നു.

ഫീല്‍ഡ്തല ഉദ്യോഗസ്ഥരാണ് സര്‍വേ വിവരങ്ങളുടെ വെരിഫിക്കേഷന്‍ നടത്തുന്നത്. തദ്ദേശസ്വയംസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കാണ്‌ സര്‍വേ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഭൂരഹിത-ഭവനരഹിതരെ കൂട്ടിച്ചേര്‍ക്കാനുള്ള അധികാരമുള്ളത്.

മിഷന്‍ ടാസ്‌ക്‌ഫോഴ്‌സ്‌

സംസ്ഥാന പാര്‍പ്പിട മിഷന്‍ ടാസ്ക്ഫോഴ്‌സില്‍ മുഖ്യമന്ത്രി അധ്യക്ഷനും, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സഹ അധ്യക്ഷനുമാണ്. ധനകാര്യം, ഭവന നിര്‍മ്മാണം, സാമൂഹിക നീതി, വൈദ്യുതി, ജല വിഭവം, തൊഴില്‍, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വികസനം, മത്സ്യബന്ധനം എന്നീ വകുപ്പുകളുടെ മന്ത്രിമാരാണ്‌ ഉപ അധ്യക്ഷന്‍. പ്രതിപക്ഷ നേതാവ് പ്രത്യേക ക്ഷണിതാവാണ്. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയാണ് മിഷന്‍ സെക്രട്ടറി.

ജില്ലാ തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അധ്യക്ഷനാകും. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, മുനിസിപ്പല്‍ അധ്യക്ഷന്മാര്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് പഞ്ചായത്ത് പ്രസിഡന്റ്മാര്‍ എന്നിവര്‍ അംഗങ്ങളും, ജില്ലാ കളക്ടര്‍ സെക്രട്ടറിയുമാണ്.

തദ്ദേശസ്വയംഭരണ തലത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റോ, മുനിസിപ്പല്‍ ചെയര്‍മാനോ, മേയറോ മിഷന്റെ അധ്യക്ഷനാണ്. ബന്ധപ്പെട്ട ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങള്‍, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ഭരണസമിതി അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി, കൃഷി ഓഫീസര്‍, കുടുംബശ്രീ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ എഞ്ചിനീയര്‍ എന്നിവരാണ് അംഗങ്ങള്‍.

5,28,871 വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചതായും, 4,21,275 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായും, 1,07,596 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതായും ലൈഫ് മിഷന്‍ നവംബറില്‍ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു.

Latest News