KSRTC BUS: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം; 25-ലധികം പേര്‍ക്ക് പരിക്ക്
KSRTC Bus Accident: തൊട്ടിൽപ്പാലത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത നിർമാണം പുരോഗമിക്കുന്ന ഇടത്താണ് അപകടമുണ്ടായത്.
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം. തലപ്പാറയിലാണ് കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞത്. നിയന്ത്രണം വിട്ട് ബസ് പാടത്തേക്ക് മറിയുകയായിരുന്നു. കെഎൽ 15 എ 1256 എന്ന നമ്പറിലുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 25-ൽ അധികം ആളുകൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
തൊട്ടിൽപ്പാലത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ അപകട വിവരം അറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. തലകീഴായി കിടന്ന ബസിൽ നിന്ന് ഏറെ ശ്രമകരമായാണ് ആളുകളെ പുറത്തെത്തിച്ചത്. അപകട സ്ഥലത്ത് നിന്ന് ബസ് ഉയർത്താനായിട്ടില്ല. അപകട കാരണം വ്യക്തമല്ല. ദേശീയപാത നിർമാണം പുരോഗമിക്കുന്ന ഇടത്താണ് അപകടമുണ്ടായത്.