5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amoebic Meningoencephalitis: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോ​ഗം സ്ഥിരീകരിച്ചത് 12 വയസുകാരന്

Kozhikode Amoebic Meningoencephalitis: ചർദ്ദിയും തലവേദനയും ബാധിച്ച് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീടിനടുത്തുള്ള കുളത്തിൽ കുട്ടി കുളിച്ചതായി റിപ്പോർട്ടുണ്ട്. ഇതാവാം രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം.

Amoebic Meningoencephalitis: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോ​ഗം സ്ഥിരീകരിച്ചത് 12 വയസുകാരന്
Amoebic Meningoencephalitis. (Represental Image)
neethu-vijayan
Neethu Vijayan | Published: 28 Jun 2024 12:21 PM

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം (Amoebic Meningoencephalitis) സ്ഥിരീകരിച്ചു. കോഴിക്കോട് (Kozhikode) സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. ചർദ്ദിയും തലവേദനയും ബാധിച്ച് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീടിനടുത്തുള്ള കുളത്തിൽ കുട്ടി കുളിച്ചതായി റിപ്പോർട്ടുണ്ട്. ഇതാവാം രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം.

മസ്തിഷ്ക ജ്വരം ബാധിച്ച് കണ്ണൂർ തോട്ടട സ്വദേശിയായ 13 കാരിയും മലപ്പുറം മുന്നിയൂർ സ്വദേശിയായ അഞ്ച് വയസുകാരിയും നേരത്തെ മരിച്ചിരുന്നു. കഴിഞ്ഞ മാസം 20നാണ് മലപ്പുറം സ്വദേശിയായ ഫത്‌വ മരിച്ചത്. ഈ മാസം 12 നാണ് കണ്ണൂർ തൊട്ടാട സ്വദേശിയായ മസ്തിഷ്ക ജ്വരം ബാധിച്ച് ദക്ഷിണ മരിക്കുന്നത്. രോഗം റിപ്പോർട്ട് ചെയ്ത കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ALSO READ: അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ചുവയസുകാരി മരിച്ചു

എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്കജ്വരം എന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

അമീബ തലച്ചോറിലേക്ക് പ്രവേശിക്കുമ്പോൾ മസ്തിഷ്‌കത്തിലെ കോശങ്ങളെ ഇവ വലയം ചെയ്യും, പിന്നീട് വിഴുങ്ങുകയും ചെയ്യുന്നു തുടർന്ന് നീർക്കെട്ട് വരികയുമാണ് ചെയ്യുന്നത്. ഇത് ഗുരുതരമാകുമ്പോഴാണ് ഒടുവിൽ മസ്തിഷ്‌ക മരണം സംഭവിക്കുക. ജപ്പാൻ ജ്വരം, നിപ്പ പോലുള്ള രോഗങ്ങളിൽ രോഗം കൂടി അത് പിന്നീട് മസ്തിഷ്‌ക ജ്വരമാകുകയാണ് ചെയ്യുന്നത്.

രോഗ ലക്ഷണങ്ങൾ

അണുബാധ ഉണ്ടായി ഒന്ന് മുതൽ ഒമ്പത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ പുറത്തുവരുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്.

എങ്ങനെ പ്രതിരോധിക്കാം?

തടാകങ്ങളിലോ കുളങ്ങളിലോ കുളിക്കാൻ പോകുമ്പോൾ സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് പ്രധാനമായും ഈ രോ​ഗത്തിനുള്ള പ്രതിരോധം. കായലുകളിലും നദികളിലും ചൂടുനീരുറവകളിലും നീന്തുന്നത് കഴിവതും ഒഴിവാക്കുക. കുളങ്ങളും കിണറുകളും ക്ലോറിനേറ്റ് ചെയ്യുക. ഈ ബാക്ടീരിയ മൂക്കിലൂടെ പ്രവേശിക്കുന്നതിനാൽ നീന്തുമ്പോൾ നോസ് ക്ലിപ് ധരിക്കാൻ ശ്രമിക്കുക.

വെള്ളത്തിൽ ഏറെ നേരം മുങ്ങിക്കിടക്കുന്നത് ഒഴിവാക്കുക. കൂടാതെ നീന്തലിനു ശേഷം വൃത്തിയായി കുളിക്കാൻ മറക്കരുത്. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്വയം ചികിത്സ അരുത്.