5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Trawl Ban: ഇനി മീൻ കിട്ടില്ലേ? 52 ദിവസം ട്രോളിങ്ങ് നിരോധനം എന്തിന്

Kerala Trawl Ban: നിർദ്ദേശങ്ങൾ പ്രകാരം തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല, അന്യ സംസ്ഥാന ബോട്ടുകൾക്കും അറിയിപ്പ് നൽകി കഴിഞ്ഞു

Kerala Trawl Ban: ഇനി മീൻ കിട്ടില്ലേ? 52 ദിവസം ട്രോളിങ്ങ് നിരോധനം എന്തിന്
വൈപ്പിനിൽ ലോറിയിലേക്ക് വലകൾ കയറ്റുന്നു | PTI
arun-nair
Arun Nair | Published: 07 Jun 2024 10:02 AM

തിരുവനന്തപുരം: കേരളത്തിൽ ഒരു പക്ഷെ ഇനി കടൽ മീൻ ലഭിക്കാൻ അൽപ്പം പ്രയാസം ഉണ്ടാവാം. ഞായറാഴ്ച മുതൽ (ജൂൺ-9) സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധനം നിലവിൽ വരുകയാണ്. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയായിരിക്കും ട്രോളിങ്ങ് നിരോധനം. 52 ദിവസമാണ് ഇത്തവണ ട്രോളിങ്ങ് നിരോധനം ഉണ്ടാവുക. ഇക്കാലയളവിൽ കടലിൽ മീന്‍പിടിത്തം അനുവദിക്കില്ല.

നിർദ്ദേശങ്ങൾ പ്രകാരം തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. കടലിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാനും മത്സ്യ തൊഴിലാളികൾക്ക് ഉപജീവനമാർഗത്തിൽ മറ്റ് പ്രശ്നങ്ങളൊന്നും തന്നെ വരാതിരിക്കാനുമാണ് ട്രോളിങ് നിരോധനം നടപ്പാക്കുന്നത്. ഇക്കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സർക്കാർ സൗജന്യ റേഷന്‍ അനുവദിക്കും.

ജൂണ്‍ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിങ് ബോട്ടുകള്‍ കടലില്‍നിന്നു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കും. ട്രോളിങ് നിരോധനം തുടങ്ങുംമുമ്പ് തന്നെ കേരള തീരത്തുള്ള അന്യസംസ്ഥാന ബോട്ടുകള്‍ തീരം വിട്ടുപോകാന്‍ കളക്ടര്‍മാര്‍ നിര്‍ദേശം നല്‍കും. ഏതെങ്കിലും തരത്തിൽ നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരേ കർശനമായ നിയമനടപടികളും സ്വീകരിക്കും.

ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളമേ നിരോധനകാലയളവില്‍ കടലിൽ അനുവദിക്കൂ. ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നിവയുടെ സേവനം കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ട്രോളിങ്ങ് നിരോധന കാലത്ത് ഉറപ്പാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളും എല്ലാ തീരദേശ ജില്ലകളിലും തുടങ്ങും.

ട്രോളിങ് നിരോധനകാലത്താണ് ലക്ഷങ്ങൾ വള്ളങ്ങളുടെയും വലകളുടെയും അറ്റകുറ്റപ്പണികൾ നടക്കുന്നത്. 1989-ലാണ് കേരളത്തിൽ ആദ്യമായി ട്രോളിങ്ങ് നിരോധനം നടപ്പിലാക്കുന്നത്. മറ്റ് സ്റ്റേറ്റുകൾ മീൻ പിടുത്തത്തിന് സമ്പൂർണ നിരോധനം നടപ്പിലാക്കുമ്പോൾ കേരളത്തിൽ പരമ്പരാഗത വള്ളങ്ങളിൽ മീൻ പിടിക്കാൻ പോകുന്നവർക്ക് നിരോധനമില്ല.

എന്താണ് ട്രോളിങ്ങ് നിരോധനം? 

മീനുകളുടെ പ്രജനനത്തിനായുള്ള സമയമായാണ് ട്രോളിങ്ങ് നിരോധന കാലയളവിനെ കാണുന്നത്. ഇത് തടസ്സപ്പെടുത്താതിരിക്കാനും മത്സ്യ സമ്പത്ത് വർധിപ്പിക്കാനുമാണ് ജൂൺ മുതൽ ജൂലൈ വരെയുള്ള 52 ദിവസങ്ങളിൽ കടലിൽ മീൻ പിടുത്തം നിരോധിക്കുന്നത്.

കേരളത്തിൽ 3800 മീൻ പിടുത്ത ബോട്ടുകളും 650 ഗിൽനെറ്റ് (വല ഉപയോഗിച്ചുള്ളവ) ബോട്ടുകളും 114 അല്ലാത്ത ബോട്ടുകളുമാണുള്ളത്. ഇവയ്ക്കാണ് നിരോധനം. ഏകദേശം 10 ലക്ഷത്തോളം മത്സ്യത്തൊഴിലാളികൾക്ക് ഇക്കാലയളവിൽ സർക്കാർ ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കും.