Kerala Rain Updates : കനത്ത മഴ ഇന്നും തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain Updates Yellow Alert : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്.
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി (School Holiday) പ്രഖ്യാപിച്ചു.
കേരളാതീരത്ത് ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. തീരദേശത്തുള്ളവർ ജാഗ്രതപുലർത്തണമെന്നും നിർദ്ദേശമുണ്ട്. കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രത വേണം. തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ചില അവസരങ്ങളിൽ കാറ്റിൻ്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആവാനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനും വിലക്കുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദവും അറബിക്കടലിൽ ചക്രവാതച്ഛുഴിയും ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നതിനാലാണ് കേരളത്തിൽ മഴ തുടരുന്നത്.
Also Read : Kerala Rain Alert : കനത്ത മഴ തുടരുന്നു; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
അതേസമയം, മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജില്ലയിൽ ഇന്ന് കൂടി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ അവധി മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ് സി പരീക്ഷകൾക്കും ബാധകമല്ലെന്നും അറിയിപ്പുണ്ട്. ജില്ലയിൽ തുറന്നിരിക്കുന്ന 45 ദുരിതാശ്വാസ ക്യാമ്പുകളിലായി 421 കുടുംബങ്ങളിലെ 1403 പേരാണ് കഴിയുന്നത്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഇവിടങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അധികൃതരുടെ നിർദ്ദേശം പാകിച്ച് അപകട മേഖലകളിൽ നിന്ന് മാറിത്താമസിക്കാൻ ആളുകൾ തയ്യാറാവണം. മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വള്ളങ്ങളും ബോട്ടുകളും മറ്റും ഹാർബറിൽ കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചാൽ കൂട്ടിയിടിച്ചുള്ള അപകടമൊഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.