Kerala Rain Alert: കേരളത്തില്‍ വീണ്ടും അതിശക്തമായ മഴ; അതിതീവ്ര ന്യൂനമര്‍ദം അറബിക്കടലില്‍ ഇന്നെത്തും
Rain Alert: അതിതീവ്ര ന്യൂനമര്‍ദ്ദം സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളില്‍ സ്ഥിതിചെയ്യുന്നു. ഓഗസ്റ്റ് 29 രാവിലെയോടെ ഇത് സൗരാഷ്ട്ര കച്ച് തീരത്തിന് സമീപം വടക്ക്-കിഴക്കന്‍ അറബിക്കടലില്‍ എത്തിച്ചേരാനാണ് സാധ്യത.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ സൗരാഷ്ട്ര കച്ച് മേഖലയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമര്‍ദം ഇന്ന് അറബിക്കടലില്‍ എത്തിച്ചേരുന്നതോടെ മഴ ശക്തിപ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നുമുതല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിതമായതോ അല്ലെങ്കില്‍ ഇടത്തരം മഴയ്‌ക്കോ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട്. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.
അതിതീവ്ര ന്യൂനമര്‍ദ്ദം സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളില്‍ സ്ഥിതിചെയ്യുന്നു. ഓഗസ്റ്റ് 29 രാവിലെയോടെ ഇത് സൗരാഷ്ട്ര കച്ച് തീരത്തിന് സമീപം വടക്ക്-കിഴക്കന്‍ അറബിക്കടലില്‍ എത്തിച്ചേരാനാണ് സാധ്യത. കൂടാതെ മധ്യ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഓഗസ്റ്റ് 29ഓടെ മധ്യ കിഴക്കന്‍ അല്ലെങ്കില്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ട്, വടക്കന്‍ ആന്ധ്രാ പ്രദേശ് തെക്കന്‍ ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് 5 ദിവസം വ്യാപകമായി മിതമായതോ അല്ലെങ്കില്‍ ഇടത്തരം മഴയ്‌ക്കോ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 30ന് അതിശക്തമായ മഴയ്ക്കും സെപ്റ്റംബര്‍ 1 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിലും കര്‍ണാടക തീരത്തും ഓഗസ്റ്റ് 31 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കൂടാതെ ഇന്നും നാളെയും കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. നാളെ കര്‍ണാടക തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ഓഗസ്റ്റ് 28, 29 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരുന്നു.