സുരക്ഷയെ ബാധിക്കുന്ന രീതിയിൽ ഫോൺ ചോർത്തി; പിവി അൻവറിനെതിരെ കേസ് | Kerala police registered a case against pv anvar mla phone hacking Malayalam news - Malayalam Tv9

PV Anvar: സുരക്ഷയെ ബാധിക്കുന്ന രീതിയിൽ ഫോൺ ചോർത്തി; പിവി അൻവറിനെതിരെ കേസ്

Updated On: 

29 Sep 2024 12:28 PM

PV Anvar MLA: കറുകച്ചാല്‍ പൊലീസാണ് ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോട്ടയം നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്.

PV Anvar: സുരക്ഷയെ ബാധിക്കുന്ന രീതിയിൽ ഫോൺ ചോർത്തി; പിവി അൻവറിനെതിരെ കേസ്

Credits: Social media

Follow Us On

മലപ്പുറം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തിയെന്ന പരാതിയിൽ നിലമ്പൂർ എംഎൽ പി വി അൻവറിനെതിരെ കേസ്. പൊതുസുരക്ഷയെ ബാധിക്കുന്ന വിധം പൊലീസ് ഉദ്യോ​ഗസ്ഥരുടെ ഫോൺ ചോർത്തിയെന്നും ദൃശ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കോട്ടയം കറുകച്ചാല്‍ പൊലീസാണ് ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോട്ടയം നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. അന്‍വറിന്റെ വെളിപ്പെടുത്തല്‍ മറ്റുള്ളവരുടെ സ്വകാര്യതയുടെ ലംഘനമെന്നാണ് പരാതിയില്‍ പറയുന്നത്. കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയേക്കും. നിയമവിരുദ്ധമായിട്ടാണ് അൻവർ നീക്കം നടത്തിയതെന്നും എഫ്ഐആറിലുള്ളത്.

മുൻ പത്തനംതിട്ട എസ്പി സുജിത്ത് ദാസുമായുള്ള ഫോൺ സംഭാഷണം വാർത്താ സമ്മേളനത്തിലൂടെ പിവി അൻവർ പുറത്തുവിട്ടിരുന്നു. സംസ്ഥാനത്തെ പല പൊലീസ് ഉദ്യോ​ഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തിയിട്ടുണ്ടെന്ന് അൻവർ പറഞ്ഞിരുന്നു. ഇത് മുൻനിർത്തിയാണ് പൊലീസ് ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫോൺ ചോർത്തിയ സംഭാഷണങ്ങൾ ഉണ്ടോയെന്നും ഇതിന് ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും അൻവർ മറുപടി പറയേണ്ടി വരും. അൻവറിനെ കുരുക്കുക എന്ന സർക്കാർ ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതികരണവുമായി അൻവർ രം​ഗത്തെത്തി. ജയിലില്‍ അടയ്ക്കട്ടെയെന്നും നോക്കാമെന്നും പിവി അൻവര്‍ പറഞ്ഞു. ഫോൺ ചോർത്തിലിൽ കേസ് എടുക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. കേസെടുത്തതിലെ കൂടുതൽ മറുപടി നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോ​ഗത്തിൽ പറയുമെന്നും പിവി അൻവർ പ്രതികരിച്ചു.

അതേസമയം, പാലക്കാട് അലനല്ലൂരിൽ പിവി അൻവർ എംഎൽഎയോട് ചോദ്യം ചോദിക്കുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായി. വേദിയിലിരുന്ന ഒരുപറ്റം ആളുകളാണ് എംഎൽഎയോട് ചോദ്യം ചോദിക്കരുതെന്ന് പറഞ്ഞ് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തത്. കയ്യേറ്റം ചെയ്തവർ സിപിഎം പ്രാദേശിക പ്രവർത്തകരാണെന്നാണ് സൂചന. സംഭവത്തെ തുടർന്ന് സ്ഥലത്ത് സം‌ഘർഷാവസ്ഥയുണ്ടായി. അൻവറും സിപിഎമ്മും തമ്മിലുള്ള പോരിൽ ഫോണ്‍ ചോര്‍ത്തൽ കേസ് നിർണായകമായും.

സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ ഫോൺ ചോർത്തിയത് ഗൗരമേറിയ വിഷയമാണെന്നും സംഭവത്തിൽ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ തനിക്ക് നേരിട്ട് പരാതി ലഭിച്ചാൽ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ‌ഇതിന് പിന്നാലെയാണ് കറുകച്ചാൽ പൊലീസ് എംഎൽഎയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിലമ്പൂര്‍ ചന്തക്കുന്നില്‍ ബസ് സ്റ്റാൻഡിന് പരിസരത്ത് ഇന്ന് വൈകുന്നേരം 6.30നാണ് അൻവര്‍ യോഗം വിളിച്ചിരിക്കുന്നത്. ഏകദേശം 200-ൽ അധികം വ്യക്തികൾ രാഷ്ട്രീയ വിശദീകരണ യോ​ഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം, അൻവറിന്റെ ഒതായിയിലെ വീടിന് പൊലീസ് സംരക്ഷണം ഒരുക്കി. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഒരു ദിവസം എത്ര ഉണക്കമുന്തിരി കഴിക്കാം?
ചിയ സീഡ് കഴിക്കുമ്പോൾ ഈ അബദ്ധം ചെയ്യരുത്; മരണം വരെ സംഭവിക്കാം
രാവിലെ ഈന്തപ്പഴം ചൂടുവള്ളെത്തിലിട്ട് കഴിച്ചു നോക്കൂ...
കറിവേപ്പില കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
Exit mobile version