5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Building Construction: വീടുകളുടെ ഉയരം ഇനി പ്രശ്നമേയല്ല; കെട്ടിടനിർമാണച്ചട്ടത്തിൽ ഭേദഗതി, വ്യവസ്ഥകൾ ഉദാരമാക്കുന്നു

Self Permit In Building Construction: വീടുകളുടെ ഉയരം സെൽഫ് പെർമിറ്റിന് മാനദണ്ഡമാക്കരുതെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഇനി വീട് നിർമ്മാണ അനുമതിക്കായി അപേക്ഷിച്ചാൽ ഉയരം ഒരു പ്രശ്നമാകില്ലെന്നാണ് ഭേദഗതി വ്യക്തമാക്കുന്നത്. നിലവിൽ സംസ്ഥാനത്ത് വീടുകളുടെ സെൽഫ് പെർമിറ്റിനു രണ്ടു നില, 7 മീറ്റർ ഉയരം എന്നീ നിബന്ധനകൾ നിർബന്ധമാണ്. കെട്ടിടനിർമാണച്ചട്ടത്തിൽ ഭേദഗതി വരുത്തികൊണ്ടാണ് ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നത്.

Building Construction: വീടുകളുടെ ഉയരം ഇനി പ്രശ്നമേയല്ല; കെട്ടിടനിർമാണച്ചട്ടത്തിൽ ഭേദഗതി, വ്യവസ്ഥകൾ ഉദാരമാക്കുന്നു
neethu-vijayan
Neethu Vijayan | Updated On: 21 Dec 2024 20:53 PM

വീട് നിർമ്മിക്കുക എന്നത് എല്ലാവരുടെ സ്വപ്നമാണ്. അത് ചെറുതായാലും വലുതായാലും സ്വന്തമായൊരു വീട് അത് നിർമ്മിക്കാൻ കഴിഞ്ഞാൽ അത് വലിയ നേട്ടം തന്നെയാണ്. എന്നാൽ വീട് വയ്ക്കാനുള്ള നെട്ടോട്ടം ചില്ലറയല്ല. ഓട്ടത്തിന് ഒരല്പം ആശ്വാസമുള്ള കാര്യമാണ് പുറത്തുവരുന്നത്. മൂവായിരം ചതുരശ്രയടിയിൽ താഴെ വിസ്തീർണമുള്ള വീട് നിർമിക്കാൻ ഉയരം കണക്കിലെടുക്കാതെ ‘സെൽഫ് പെർമിറ്റ്’ ലഭ്യമാക്കാനാണ് സർക്കാർ നീക്കം. കെട്ടിടനിർമാണച്ചട്ടത്തിൽ ഭേദഗതി വരുത്തികൊണ്ടാണ് ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നത്. നിലവിൽ സംസ്ഥാനത്ത് വീടുകളുടെ സെൽഫ് പെർമിറ്റിനു രണ്ടു നില, 7 മീറ്റർ ഉയരം എന്നീ നിബന്ധനകൾ നിർബന്ധമാണ്.

അതേസമയം വീടുകളുടെ ഉയരം സെൽഫ് പെർമിറ്റിന് മാനദണ്ഡമാക്കരുതെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. രൂപകൽപനാ മാറ്റങ്ങളും ചൂടു കുറയ്ക്കാനായി ഉയരം കൂട്ടുന്ന രീതി സെൽഫ് പെർമിറ്റിന് വലിയൊരു തടസ്സമായിരുന്നു. ഇവയെല്ലാം കണക്കിലെടുത്തുകൊണ്ടാണ് തദ്ദേശവകുപ്പിന്റെ ചട്ടഭേദഗതി കമ്മിറ്റി തത്വത്തിൽ അംഗീകരിച്ചിരിക്കുന്നത്. ഇനി വീട് നിർമ്മാണ അനുമതിക്കായി അപേക്ഷിച്ചാൽ ഉയരം ഒരു പ്രശ്നമാകില്ലെന്നാണ് ഭേദഗതി വ്യക്തമാക്കുന്നത്.

അടുത്തിടെ കെട്ടിടങ്ങളുടെ വശങ്ങളിൽ തുറന്ന നിലയിൽ ഷീറ്റിടുന്നത് പ്രത്യേക നിർമിതിയായി കണക്കാക്കാനാകില്ല തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് നിർമ്മാണ് ചട്ട​ഗതിയിൽ ഭേദ​ഗതി വരുത്താനും തീരുമാനമായിരുന്നു. ഭിത്തിയോ നിലമോ ഇല്ലാത്തതിനാലും മൂന്ന് വശവും തുറന്നിരിക്കുന്നതിനാലും ഇത്തരം നിർമിതികളെ താൽകാലിക നിർമ്മിതിയായി കണക്കാക്കാമെന്നായിരുന്നു വിലയിരുത്തൽ. ഏരിയയിൽ വ്യത്യാസം വന്നത് കൊണ്ട് മാത്രം കെട്ടിട പെർമിറ്റ് അസാധുവാക്കാൻ കഴിയില്ലെന്നും അന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

കെട്ടിടത്തെ സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകൾ എല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ, പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നു എന്ന കാരണത്താൽ പെർമിറ്റ് റദാക്കുന്ന ചട്ടത്തിൽ ഇളവ് വരുത്താനായിരുന്നു സർക്കാർ നീക്കം.

അനുമതിക്കായി എവിടെ അപേക്ഷിക്കാം?

തദ്ദേശസ്ഥാപനങ്ങൾക്കായി നടപ്പാക്കിയ ഏകീകൃത സോഫ്റ്റ്‍വെയറായ കെ സ്മാർട്ടിലാണ് വീട് നിർമ്മാണ അനുമതിക്കായി അപേക്ഷിക്കേണ്ട്. പിന്നീട് എഐ ടൂൾ ഉപയോഗിച്ചാകും നിങ്ങൾ നൽകിയ രേഖകളുടെ പരിശോധന നടക്കുക. ഫീസ് അടയ്ക്കുന്നതോടെ സെൽഫ് പെർമിറ്റ് ലഭ്യമാകുകയും ചെയ്യുന്നു. വീടുകളുടെ നിർമ്മാണം മാത്രമല്ല മൾട്ടിപ്ലക്സുകളുടെ പെർമിറ്റ് അപേക്ഷാ പരിശോധന കൂടി കെ സ്മാർട്ടിൽ ഉൾപ്പെടുത്താനും ചട്ടഭേദഗതി വരുത്തുന്നതാണ്. 3 സ്ക്രീൻ എങ്കിലുമുള്ള, 12,000 ചതുരശ്രമീറ്ററിലധികം വിസ്തീർണമുള്ള കെട്ടിടങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.

ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിച്ചു പെർമിറ്റ് നൽകേണ്ട ‘ജനറൽ പെർമിറ്റ്’ വിഭാഗത്തിൽ നല്ലൊരു പങ്കും സെൽഫ് പെർമിറ്റിലേക്കാ മാറ്റാനുള്ള നീക്കവും പരി​ഗണനയിലുണ്ട്. അതേസമയം സമീപത്തു വേറെ കെട്ടിടമില്ലാത്ത പ്ലോട്ടുകളിൽ വലിയ വീടോ വാണിജ്യ കെട്ടിടമോ നിർമിക്കുന്ന സാഹചര്യത്തിൽ മറ്റു നിയമലംഘനങ്ങൾ ഇല്ലെന്ന് ബോധ്യപ്പെട്ടാൽ നേരിട്ടുള്ള പരിശോധനകൾ ഒഴിവാക്കുന്നതാണ്. ഇതോടെ 75 ശതമാനം അപേക്ഷകളിലും സെൽഫ് പെർമിറ്റ് നൽകാൻ സാധിക്കും.

എന്താണ് കെ സ്മാർട് ?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഓൺലൈനായി ലഭ്യമാകുന്ന കേരള സർക്കാർ പദ്ധതിയെയാണ് കെ സ്മാർട്ട് എന്ന് പറയുന്നത്. നൂതന സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ-സ്മാർട്ട് എന്ന ആശയം സർക്കാർ മുന്നോട്ടുവച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി, ഇൻഫർമേഷൻ കേരള മിഷനാണ് കെ-സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സേവനങ്ങൾ ഓഫീസുകളിൽ പോകാതെ പൊതുജനങ്ങൾക്കു ലഭ്യമാകുന്നതിനായുള്ള ഓൺലൈൻ സേവനമാണ് കെ-സ്മാർട്ട്. കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവങ്ങൾക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാൻ സാധിക്കും. കൂടാതെ നൽകിയ അപേക്ഷയുടെ സ്റ്റാറ്റസ് ഓൺലൈനായി തന്നെ അറിയാനും സാധിക്കുന്നു. അപേക്ഷകളും പരാതികളും കൈപ്പറ്റിയതിന്റെ രസീത് പരാതിക്കാരന്റെ അല്ലെങ്കിൽ അപേക്ഷകന്റെ വാട്സ്ആപ്പിലും, ഇ-മെയിലിലും മെസേജായി എത്തുകയും ചെയ്യുന്നു.

കെ സ്മാർട് എങ്ങനെ ഉപയോ​ഗിക്കാം?

കെ സ്മാർട്ടിൻ്റെ വെബ് പോർട്ടലിൽ സ്വന്തം ലോഗിൻ ഉപയോഗിച്ച് അതാത് മൊഡ്യൂളുകളിലെത്തി ആവശ്യമായ വിവരങ്ങൾ നൽകി പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കാവുന്നതാണ്. കൂടാതെ സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിൽ ഫോൺ നമ്പരും ഒടിപ്പിയും നൽകിയും ലേഗ് ഇൻ ചെയ്യാം. ബ്ലോക്ക് ചെയിൻ, നിർമ്മിത ബുദ്ധി, ജിഐഎസ്/സ്പെഷ്യൽ ഡേറ്റ, ചാറ്റ് ബോട്ട്, മെസേജ് ഇന്റഗ്രേഷന്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, വിവിധ സോഫ്റ്റ് വെയറുകൾ തമ്മിലുള്ള എപിഐ ഇന്റെഗ്രഷൻ എന്നീ സാങ്കേതിക വിദ്യകളെ ഏകോപിപ്പിച്ചുകൊണ്ടാണ് കെ-സ്മാർട്ട് നിലവിൽ പ്രവർത്തിക്കുന്നത്.

കെട്ടിടം പണിയുമ്പോൾ അതിരും അകലവും പാലിക്കണം

കെട്ടിട നിർമാണ മേഖലയിൽ അതിരും അതിരിൽ നിന്നുള്ള അകലവും നിർബന്ധമായും പാലിക്കേണ്ട ഒന്നാണ്. പലപ്പോഴും കെട്ടിടം രൂപകൽപന ചെയ്യുമ്പോൾ ഈ അളവുകൾ സംബന്ധിച്ച ചില ആശയക്കുഴപ്പങ്ങൾ വരാറുണ്ട്. എന്നാൽ ഇത് നോക്കാതെ നിർമാണം പൂർത്തീകരിച്ച് ഒക്യുപൻസിക്കായി തദ്ദേശസ്ഥാപനങ്ങളെ സമീപിക്കുമ്പോൾ കെട്ടിടത്തിന് അംഗീകാരം ലഭിക്കാതെ വരുന്നു.

പ്രധാനമായും രണ്ടുതരത്തിലുള്ള അളവുകളാണ് വീട് നിർമ്മാണത്തിൽ പരി​ഗണിക്കേണ്ടത്. റോഡ് ചേർന്നുവരുന്ന അതിരിൽ നിന്നും നിർബന്ധമായും പാലിക്കേണ്ട തുറന്ന സ്ഥലത്തെയാമ് ബിൽഡിങ് ലൈൻ എന്ന് പറയുന്നത്. റോഡിന്റെ പ്രാധാന്യം അനുസരിച്ച് ബിൽഡിങ് ലൈൻ വ്യത്യാസപ്പെടാനുള്ള സാധ്യതയും ഏറെയാണ്.

2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം / കേരള മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടം 23 പ്രകാരം ദേശീയപാതകളോ സംസ്ഥാനപാതകളോ ജില്ലാ റോഡുകളോ വിജ്ഞാപനം ചെയ്യപ്പെട്ട റോഡുകളോ ആറുമീറ്ററിൽ അധികം വീതിയുള്ള റോഡുകളോ ആയ റോഡുകളോട് ചേർന്നുവരുന്ന അതിരിൽ, മൂന്നു മീറ്റർ പരിധിക്ക് ഉള്ളിൽ അകലം പാലിക്കേണ്ടത് നിർബന്ധമാണ്. അതല്ലാതെയുള്ള റോഡുകളിൽ നിന്നും രണ്ടുമീറ്റർ പരിധിക്കുള്ളിലും യാതൊരുവിധ നിർമാണവും പാടില്ല. എന്നാൽ മതിൽ നിർമിക്കുന്നതിന് ഇവയൊന്നും തടസ്സമില്ല.

അടുത്തതായി പറയുന്ന തുറന്ന സ്ഥലം കെട്ടിടത്തിന്റെ മുറ്റമായി ബന്ധപ്പെട്ടതാണ്. കെട്ടിടത്തിന്റെ നാലുവശത്തും മുറ്റത്തിന് ചില അളവുകൾ പറയുന്നുണ്ട്. കെട്ടിട നിർമാണ ചട്ടം 26 പ്രകാരം വിവിധ ഉപയോഗത്തിലുള്ള കെട്ടിടങ്ങൾക്ക് അവയുടെ വിസ്തീർണത്തിനനുസരിച്ച് വ്യത്യസ്ത അളവുകളിലാണ് മുറ്റം വരുന്നത്.

പെർമിറ്റ് ഫീസിൽ കുറവ്

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ ഈ വർഷം തീരുമാനിച്ചിരുന്നു. 60 ശതമാനം വരെയാണ് കുറവ് വരുത്തിയത്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയതും സാധാരണക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമായിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയാണ് നിലവിൽ വന്നത്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനം വരെയാണ് കുറച്ചത്. ഓഗസ്റ്റ് ഒന്ന് മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വന്നത്.

ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്‌ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് ചതുരശ്ര മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ച്ചു. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായുമാണ് കുറയ്ച്ചത്. 151 മുതൽ 300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ ചതുരശ്ര മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും, മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായും കുറയ്ച്ചിരുന്നു.

 

Latest News