Nileswaram Firecracker Blast: നീലേശ്വരം വെടിക്കെട്ട് അപകടം: പരിക്കേറ്റ ഒരാൾകൂടി മരിച്ചു, ഇതോടെ മരണം മൂന്നായി
Kasargod Nileswaram Firecracker Blast: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ബിജു മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച രാവിലെ കിനാനൂർ സ്വദേശി രതീശും മരിച്ചിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ വലിയ അപകടമുണ്ടായത്.
കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ (Nileswaram Firecracker Blast) ഒരാൾകൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നീലേശ്വരം സ്വദേശി ബിജു (38) വാണ് ഞായറാഴ്ച രാത്രിയോടെ മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ബിജു മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച രാവിലെ കിനാനൂർ സ്വദേശി രതീശും മരിച്ചിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ വലിയ വെടിക്കെട്ട് അപകടമുണ്ടായത്. പുലർച്ചെ 12.15-ഓടെയായിരുന്നു അപകടം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിച്ചതുമാണ് അപകടത്തിന് കാരണമായത്.
ALSO READ: നീലേശ്വരം വെടിക്കെട്ടപകടം; സ്വമേധയാ കേസെടുത്ത് ജില്ലാകോടതി, പ്രതികളുടെ ജാമ്യം റദ്ധാക്കി
ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ തെയ്യം കാണാൻ കൂടിനിന്നിരുന്നതായാണ് വിവരം. ഇവരുൾപ്പെടെ അപകടത്തിൽ 150-ലേറെ പേർക്ക് പരിക്കേറ്റിരുന്നു.
അതേസമയം അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ മൂന്നുപേർക്ക് ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ജില്ലാ കോടതി സ്വമേധയാ കേസെടുത്ത് ജാമ്യ വിധി റദ്ദാക്കുകയും ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ, സെക്രട്ടറി കെ ടി ഭരതൻ, പടക്കംപൊട്ടിച്ച പി രാജേഷ് എന്നിവർക്കായിരുന്നു നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്. പിന്നീട് ഇത് റദ്ദാക്കുകയായിരുന്നു.
പുറത്തിറങ്ങിയവർക്ക് കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയക്കാനും ജില്ലാ സെഷൻസ് കോടതി ജഡ്ജി സാനു എസ് പണിക്കർ നിർദേശം നൽകി. സ്വമേധയാ കേസെടുത്ത് കൊണ്ടാണ് കോടതിയുടെ അപ്രതീക്ഷിത നടപടി. അതിനിടെ പ്രതികൾക്ക് ജാമ്യം നൽകികൊണ്ടുള്ള ഹൊസ്ദുർഗ് കോടതിയുടെ വിധി റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ജില്ലാ സെഷൻസ് കോടതിയിൽ ഹർജി നൽകിയിരുന്നു. അപ്പീൽ ഹർജി കോടതി ഫയലിൽ സ്വീകരിക്കുന്നതിന് മുൻപ് തന്നെ ജില്ലാ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. അനുമതിയില്ലാതെയാണ് പടക്കം പൊട്ടിച്ചതെന്നും, കുറ്റത്തിന്റെ തീവ്രത മനസിലാക്കി സ്വമേധയാ കേസെടുക്കുന്നുവെന്നുമാണ് കോടതി അറിയിച്ചത്.