Kasaragod Firecracker Blast: ‘എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല, ആദ്യം തീപ്പൊരി പിന്നെ തീഗോളം’; നടുക്കം മാറാതെ പരിക്കേറ്റവര്‍
Nileswaram Firecrackers Accident: പടക്കം പൊട്ടിയപ്പോള്‍ അതിന്റെ തീപ്പൊരി വീണാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. എല്ലാവരും ഓടുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല. 1500 ലധികം ആളുകള്‍ അവിടെയുണ്ടായിരുന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അപകടം നടന്നപ്പോള്‍ വിഷയത്തെ ഗൗരവമായി എടുത്തില്ലെന്നും ദൃക്‌സാക്ഷികള്‍ ആരോപിക്കുന്നു.
നീലേശ്വരം: കാസര്‍കോട് നീലേശ്വരം അഞ്ചൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തില്‍ അപകടമുണ്ടാകാന്‍ കാരണം തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്കാണ് വീണതാണെന്ന് ദൃക്‌സാക്ഷികള്‍. അപ്രതീക്ഷിതമായാണ് അപകടം സംഭവിച്ചത്. കുറച്ച് പടക്കങ്ങള്‍ മാത്രമാണ് സൂക്ഷിച്ചിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. പടക്കം സൂക്ഷിച്ചിരുന്ന സ്ഥലവും ആളുകള്‍ നിന്നിരുന്ന സ്ഥലവും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നില്ല.
സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ഭിത്തി ഇളകുകയും ഷീറ്റ് ഇളകി തെറിക്കുകയും ചെയ്തിട്ടുണ്ട്. വെടിക്കെട്ട് നടക്കുന്ന സമയത്ത് വലിയ രീതിയുള്ള ജനതിരക്കായിരുന്നു ഉണ്ടായിരുന്നത്. വലിയ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായതിന് പിന്നാലെ ചിതറിയോടുന്നതിനിടെയാണ് പലര്‍ക്കും പരിക്കേറ്റത്. പെട്ടെന്ന് തീയും പുകയും കണ്ടു, എല്ലാ വര്‍ഷവും തെയ്യത്തിനിടെ പൊട്ടിക്കാന്‍ ചെറിയ പടക്കം ഉപയോഗിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Also Read: Kasaragod Firecracker Blast: നീലേശ്വരം വെടിക്കെട്ടപകടം: 10 പേർ ഗുരുതരാവസ്ഥയിൽ, കേസെടുത്ത് പോലീസ്
മാലപടക്കം പൊട്ടുന്നതിനിടെ തീപ്പൊരി വീണ് പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്ത് പൊട്ടിത്തെറിയുണ്ടായതായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാലപടക്കങ്ങള്‍ പൊട്ടിക്കുന്നതിന്റെ തൊട്ടടുത്തായിരുന്നു മറ്റ് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇവിടെ വലിയ തോതിലുള്ള പൊട്ടിത്തെറിയുണ്ടായതോടെ ആളുകള്‍ കൂട്ടത്തോടെ ഓടി. ഓടുന്നതിനിടെ നിലത്ത് വീണു, പിന്നീട് ചേച്ചി തന്നെ എടുത്ത് ഓടുകയായിരുന്നു. രണ്ട് ചേച്ചിമാരും അനിയത്തിയുമാണ് കൂടെയുണ്ടായിരുന്നതെന്നും വിദ്യാര്‍ഥിനി പറഞ്ഞു.
ഒരു തീ ഗോളമാണ് ആദ്യം കണ്ടത്, പിന്നീട് എല്ലാവരും കൂടി ഓടുന്നതിനിടയില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ തിരക്കില്‍പ്പെട്ടു. വലിയ ശബ്ദവും തീയും കണ്ടപ്പോള്‍ എല്ലാവരും ഭയന്നുപോയി. ഓടുന്നതിനിടെ പലര്‍ക്കും വീണ് പരിക്കേറ്റിട്ടുണ്ടെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
പടക്കം പൊട്ടിയപ്പോള്‍ അതിന്റെ തീപ്പൊരി വീണാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. എല്ലാവരും ഓടുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല. 1500 ലധികം ആളുകള്‍ അവിടെയുണ്ടായിരുന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അപകടം നടന്നപ്പോള്‍ വിഷയത്തെ ഗൗരവമായി എടുത്തില്ലെന്നും ദൃക്‌സാക്ഷികള്‍ ആരോപിക്കുന്നു.
അതേസമയം, അപകടത്തില്‍ 154 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണെന്ന് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. ഇവരില്‍ സന്ദീപ് എന്നയാളുടെ ആരോഗ്യസ്ഥിതി അതീവഗുരുതരമാണെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. 80 ശതമാനം പൊള്ളലേറ്റ സന്ദീപിനെ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജഡില്‍ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ മിംസ് എന്നീ ആശുപത്രികളിലാണ് ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ പ്രവേശിപ്പിച്ചിട്ടുള്ളത്. പലരും ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. സംഭവത്തില്‍ ക്ഷേത്ര പ്രസിഡന്റിനേയും സെക്രട്ടറിയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പടക്കം കൈകാര്യം ചെയ്തത് അലക്ഷ്യമായിട്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അര്‍ധരാത്രിയോടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത്. തെയ്യം നടക്കുമ്പോള്‍ പൊട്ടിക്കുന്നതിനായി കൊണ്ടുവന്ന ഓലപടക്കങ്ങളും മറ്റ് പടക്കങ്ങളും ഇവിടെ സൂക്ഷിച്ചുവെച്ചിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള കലവറയിലാണ് ഇത് സൂക്ഷിച്ച് വെച്ചിരുന്നത്. ഇതിലേക്ക് പടക്കം പൊട്ടിയിലുള്ള തീപ്പൊരി വീണ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
അപകടം നടന്ന സ്ഥലത്ത് നൂറുകണക്കിന് ആളുകളായിരുന്നു ഉണ്ടായിരുന്നത്. പൊള്ളലേറ്റതിന് പുറമേ നിരവധിയാളുകള്‍ക്ക് തിക്കിലും തിരക്കിലും പെട്ടാണ് നിരവധിയാളുകള്‍ക്ക് പരിക്കേറ്റത്. പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്നാണ് കാസര്‍കോട് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞത്.