5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kasaragod Firecracker Blast: നീലേശ്വരത്ത് പടക്കശേഖരത്തിന് തീപിടിച്ചു; നൂറിലേറെപ്പേർക്ക് പൊള്ളലേറ്റു, സംഘാടകർ കസ്റ്റഡിയിൽ

Kasaragod Nileswaram Firecracker Blast: ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം തെയ്യം കാണാൻ കൂടിനിന്നിരുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവർക്ക് പലർക്കും മുഖത്തും കൈകൾക്കുമാണ് പൊള്ളലേറ്റത്.

Kasaragod Firecracker Blast: നീലേശ്വരത്ത് പടക്കശേഖരത്തിന് തീപിടിച്ചു; നൂറിലേറെപ്പേർക്ക് പൊള്ളലേറ്റു, സംഘാടകർ കസ്റ്റഡിയിൽ
പ്രതീകാത്മകചിത്രം (Credits: Social Media)
neethu-vijayan
Neethu Vijayan | Published: 29 Oct 2024 06:09 AM

കാസർ​ഗോഡ്: നീലേശ്വരത്ത് തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് (Nileswaram Firecracker Blast) നൂറിലേറെപ്പേർക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച രാത്രി 12- മണിയോടെയാണ് അപകടം നടന്നത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ കാസർകോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോഴാണ് അപകടം. പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് തീപ്പൊരി വീണതോടെ ഒന്നാകെ പൊട്ടിത്തെറിക്കുകയായിരുന്നു. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം തെയ്യം കാണാൻ കൂടിനിന്നിരുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവർക്ക് പലർക്കും മുഖത്തും കൈകൾക്കുമാണ് പൊള്ളലേറ്റത്.

‌വസ്ത്രങ്ങളും കത്തിപ്പോയതായി റിപ്പോർട്ടുണ്ട്. ഉത്തരമലബാറിൽ കളിയാട്ടങ്ങൾക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊന്നാണിത്. കളക്ടർ കെ. ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ഡി. ശില്പ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത്, നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി. ശാന്ത, ഉപാധ്യക്ഷൻ പി.പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ ഇ. ഷജീർ, കെ. പ്രീത, വിനയരാജ് തുടങ്ങിയവർ അപകടസ്ഥലത്തും ആശുപത്രികളിലുമെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അതേസമയം വീരർക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിനായി ജില്ലാ ഭരണക്കൂടത്തിന്റെ അനുമതിയുണ്ടായിരുന്നില്ലെന്ന് കാസർകോട് ജില്ലാ കളക്ടർ ഇൻപശേഖർ കാളിമുക്ക്‌ പറഞ്ഞു. വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നൽകിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിന് പിന്നാലെ സംഘാടകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ജില്ലാ ഭരണക്കൂടം സംഭവത്തിൽ പ്രാഥമികമായ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.