Kannur School Bus Accident: അപകടസമയത്ത് ഡ്രൈവര്‍ വാട്‌സ് ആപ് സ്റ്റാറ്റസ് ഇട്ടു? തെളിവുമായി നാട്ടുകാര്‍
Kannur School Bus Accident Updates: അപകടം നടക്കുന്ന സമയത്ത് ബസ് ഡ്രൈവറായ നിസാമുദീൻ മൊബൈൽ ഫോണിൽ വാട്സാപ് ഉപയോഗിച്ചിരുന്നുവെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും പുറത്തുവന്നിട്ടുണ്ട്. നിസാമുദീൻ ബുധനാഴ്ച വൈകിട്ട് 4.03ന് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടതിന്റെ തെളിവുകളാണ് പുറത്തുവന്നത്.
തളിപ്പറമ്പ്: കഴിഞ്ഞ ദിവസം വൈകിട്ടാണ് കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചത്. അപകടത്തിൽ ഒട്ടേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. ശ്രീകണ്ഠപുരം റോഡിൽ വളക്കൈയിൽ കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസാണ് മറിഞ്ഞത്. സംഭവത്തിൽ ഡ്രൈവറുടെ വീഴ്ചയും കാരണമായെന്നാണ് സംശയം. അപകടത്തിൽപ്പെട്ട സമയത്ത് ബസിന്റെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നെന്ന് സൂചന.
ബസ് ഡ്രൈവറായ നിസാമുദീൻ മൊബൈൽ ഫോണിൽ വാട്സാപ് ഉപയോഗിച്ചിരുന്നുവെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും പുറത്തുവന്നിട്ടുണ്ട്. നിസാമുദീൻ ബുധനാഴ്ച വൈകിട്ട് 4.03ന് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടതിന്റെ തെളിവുകളാണ് പുറത്തുവന്നത്. വാഹനാപകടം ഉണ്ടായതും ഇതേ സമയത്താണെന്ന് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
Also Read: കണ്ണൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; നിരവധി കുട്ടികള്‍ക്ക് പരിക്ക്
എന്നാൽ താൻ മോബൈൽ ഫോൺ നോക്കിയില്ലെന്നാണ് നിസാമുദീൻ പറയുന്നത്. നേരത്തെ ഇട്ട സ്റ്റാറ്റസ് അപ്‌ലോഡാകാൻ വൈകിയതാകുമെന്നും നിസാമുദീൻ പറഞ്ഞു. അമിതവേഗത്തിൽ വാഹനം ഓടിച്ചിട്ടില്ല. വളവെത്തുന്നതിനു മുൻപുതന്നെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായിരുന്നു. പിന്നീടൊന്നും ചെയ്യാനായില്ല. അപകടത്തിൽപ്പെട്ട ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നും നിസാമുദീൻ പറഞ്ഞു. അതേസമയം അമിതവേഗതയും ഡ്രൈവറുടെ വീഴ്ചയുമാണ് അപകടത്തിന് കാരണമെന്നാണ് ബസ് പരിശോധിച്ചശേഷം മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞത്. ബസ്സിന്റെ ബ്രേക്കിന് തകരാറുണ്ടായിരുന്നില്ലെന്നും അതിനു തെളിവാണ് ബ്രേക്ക് പിടിച്ചപ്പോഴുള്ള ടയറിന്റെ പാട് സംഭവസ്ഥലത്ത് കണ്ടുവെന്നും പോലീസ് പറയുന്നു. വാഹനം അമിതവേഗത്തിലാണ് വന്നതെന്ന് സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം 29ന് ബസ്സിന്റെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞതാണെന്നും പുതിയ നിർദേശപ്രകാരം ഇത് ഏപ്രിൽ വരെ നീട്ടിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. സംഭവത്തിൽ പൊലീസും മോട്ടർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെറുക്കള നാഗത്തിനു സമീപം എംപി രാജേഷിന്റെ മകൾ നേദ്യ എസ്.രാജേഷ് (11) ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് നേദ്യ. വിദ്യാർത്ഥിനിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അപടകം നടക്കുന്ന സമയത്ത് ബസിൽ 19 കുട്ടികളും ഡ്രൈവറും ആയയുമാണ് ഉണ്ടായിരുന്നത്. ഇതിൽ പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമെന്നാണ് വിവരം. മറ്റുള്ളവർക്ക് നിസാര പരിക്കാണുള്ളത്.
കുട്ടികളുമായ വരുന്ന ബസ് ഇറക്കത്തിൽവച്ച് നിയന്ത്രണംവിട്ട് സമീപത്തെ മതിലിൽ ഇടിച്ചശേഷം തളിപ്പറമ്പ്–ഇരിട്ടി സംസ്ഥാനപാതയിലേക്ക് മറിയുകയായിരുന്നു. ഒന്നിലധികം തവണ ബസ് മലക്കംമറിയുകയായിരുന്നു. ബസിന്റെ മുൻസീറ്റിലിരുന്നയിരുന്നു നേദ്യ ഇരുന്നത്. ബസ് നിയന്ത്രണംവിട്ട സമയം പുറത്തേക്ക് തെറിച്ചുവീണ നേദ്യയുടെ ശരീരത്തിലേക്കാണ് ബസ് മറിഞ്ഞത്. നാട്ടുകാർ ചേർന്ന് ബസ് പൊക്കി നേദ്യയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.