Wayanad Siddharth Death: സാധനങ്ങൾ കാണാമറയത്ത്; സിദ്ധാർത്ഥിന്റെ കണ്ണടയുൾപ്പെടെ കാണാനില്ലെന്ന് പരാതി
Sidharth: സിദ്ധാർത്ഥ് ഉപയോഗിച്ചിരുന്ന കണ്ണടയും പുസ്തകങ്ങളും ഉൾപ്പെടെ 22 സാധനങ്ങളാണ് നഷ്ടമായിരിക്കുന്നത്. സംഭവത്തിൽ ബന്ധുകൾ പൊലീസിനും കോളേജ് അധികൃതർക്കും പരാതി നൽകി.
വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി ജെ എസ് സിദ്ധാർത്ഥിന്റെ സാധനങ്ങൾ കാണാനില്ലെന്ന് പരാതി. ബന്ധുകൾ സിദ്ധാർത്ഥ് താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ സാധാനങ്ങളെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. സിദ്ധാർത്ഥ് ഉപയോഗിച്ചിരുന്ന കണ്ണടയും പുസ്തകങ്ങളും ഉൾപ്പെടെ 22 സാധനങ്ങളാണ് നഷ്ടമായിരിക്കുന്നത്. മുറിയിലുണ്ടായിരുന്ന ബാക്കി സാധനങ്ങൾ മുറിയിൽ വലിച്ച് വാരിയിട്ട നിലയിലായിരുന്നെന്നും ബന്ധുകൾ പറഞ്ഞു. സംഭവത്തിൽ ബന്ധുകൾ പൊലീസിനും കോളേജ് അധികൃതർക്കും പരാതി നൽകി. അന്വേഷണത്തിന്റെ ഭാഗമായി കോളേജിൽ എത്തിയ സിബിഐയും പൊലീസുമാണ് സാധനങ്ങൾ കൊണ്ടുപോയിരിക്കാം എന്നാണ് അധികൃതരുടെ വാദം.
സിദ്ധാർത്ഥിന്റെ മരണത്തിൽ ആരോപണ വിധേയരായ കോളേജ് ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുക്കാനുള്ള സർവ്വകലാശാല മാനേജിംഗ് കൗൺസിലിന്റെ തീരുമാനം നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തടഞ്ഞിരുന്നു. ഡീൻ എം.കെ. നാരായണൻ, അസിസ്റ്റന്റ് വാർഡൻ കാന്തനാഥൻ എന്നിവരെയാണ് സർവ്വീസിൽ തിരിച്ചെടുത്തത്. സിദ്ധാർത്ഥിന്റെ മരണം അന്വേഷിക്കാനായി ഗവർണർ നിയമിച്ച കമ്മീഷന്റെ അന്വേഷണം പൂർത്തിയായെന്ന കാരണം പറഞ്ഞായിരുന്നു സസ്പെൻഷനിലായിരുന്ന വാർഡനെയും ഡീനിനെയും തിരിച്ചെടുക്കാൻ തീരുമാനിച്ചത്.
എന്നാൽ റിട്ട.ജസ്റ്റിസ് എ.ഹരിപ്രസാദിന്റെ റിപ്പോർട്ടിന്മേൽ ഗവർണർ നടപടി സ്വീകരിച്ചിരുന്നില്ല, കേസുമായി ബന്ധപ്പെട്ട് ഏതാനും ചില തെളിവുകളും രേഖകളും കൂടി ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഡീനിന്റെയും അസി.വാർഡന്റെയും കുറ്റങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രവുമല്ല, സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലായിരുന്നു ഡീനിനെയും വാർഡനെയും തിരിച്ചെടുത്തത്. ആരോപണ വിധേയരായവരെ തിരിച്ചെടുക്കാനുള്ള യൂണിവേഴ്സിറ്റിയുടെ തീരുമാനം റദ്ദാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സിദ്ധാർത്ഥിന്റെ മാതാപിതാക്കളും, സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ഗവർണർക്ക് പരാതി നൽകിയിരുന്നു. പിന്നാലെയാണ് ഗവർണർ മാനേജ്മെന്റ് കൗൺസിലിന്റെ തീരുമാനം തടഞ്ഞത്.
2024 ഫെബ്രുവരി 18-നാണ് സിദ്ധാർത്ഥിനെ വെറ്റിനറി സർവ്വകലാശാലയിലെ ഹോസ്റ്റലിലെ ബാത്ത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതിന് മുമ്പുള്ള മൂന്ന് ദിവസങ്ങളിൽ സീനിയർ വിദ്യാർത്ഥികളും സഹപാഠികളും ചേർന്ന് സിദ്ധാർത്ഥിനെ ക്രൂരമർദനത്തിന് ഇരയാക്കിയതായും എസ്എഫ്ഐയുടെ നേതൃത്വത്തിൽ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കിയെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പ്രതികൾ ആൾക്കൂട്ട വിചാരണ നടത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് സിദ്ധാർത്ഥ് ജീവനൊടുക്കിയെന്നാണ് കേസ്. കേസിലെ പ്രതികളായ 20 പേർക്ക് ഹെെക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. റാഗിംഗ്, ആത്മഹത്യാപ്രേരണ, മർദ്ദനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. കോളേജ് അധികൃതരും സർക്കാരും പ്രതികളെ സംരക്ഷിക്കാൻ ഒത്താശ ചെയ്യുന്നുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു.