5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

AIIMS: എയിംസിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; ഉറപ്പുലഭിച്ചതായി വീണാ ജോർജ്ജ്

AIIMS in Kerala: ആരോ​ഗ്യ രം​ഗത്തെ കേരളത്തിന്റെ മികവ് രാജ്യത്തെ പല സംസ്ഥാനങ്ങൾക്കും മാതൃകയാണ്.

AIIMS: എയിംസിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; ഉറപ്പുലഭിച്ചതായി വീണാ ജോർജ്ജ്
Credits Veena George Facebook Page
athira-ajithkumar
Athira CA | Published: 18 Sep 2024 08:28 AM

ന്യൂഡൽഹി: എയിംസ് (AIIMS) അനുവദിക്കണമെന്ന കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യത്തിന് പച്ചക്കൊടി. ആയുഷ് ബ്ലോക്ക് (AYUSH ) ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളുള്ള എയിംസ് അനുവദിക്കുന്ന കാര്യം പരി​ഗണനയിലാണെന്ന് കേന്ദ്ര ആരോ​ഗ്യ- കുടുംബാരോ​ഗ്യ മന്ത്രി ജെ പി നദ്ദ വ്യക്തമാക്കി. എയിംസിൽ ഉറപ്പുലഭിച്ചെന്ന കാര്യം ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജാണ് അറിയിച്ചത്.

ആരോ​ഗ്യ രം​ഗത്തെ കേരളത്തിന്റെ മികവ് രാജ്യത്തെ പല സംസ്ഥാനങ്ങൾക്കും മാതൃകയാണ്. ഈ മികവാണ് എയിംസിൽ മുൻ​ഗണന ലഭിക്കാത്തതിന് കാരണമെന്നും വീണ ജോർജ് പറഞ്ഞു. കേരളത്തിൽ എയിംസ് വരുന്നത് സമ​ഗ്ര ​ഗവേഷണത്തിന് വഴിയൊരുക്കും. കേന്ദ്രസർക്കാരിന്റെ നിബന്ധനകൾക്ക് അനുസരിച്ച് കോഴിക്കോട് കിനാലൂരിൽ ഭൂമി ഏറ്റെടുത്തിരുന്നു. ഇത്തവണയെങ്കിലും കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിന് എയിംസ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ഉറപ്പ് നൽകിയിരുന്നു. കേരളത്തിൽ അഞ്ചു വർഷത്തിനകം എയിംസ് സാധ്യമാക്കും. പക്ഷേ, പ്രവർത്തനം ആരംഭിക്കാൻ സ്വാഭാവികമായും സമയമെടുക്കുമെന്നായിരുന്നു സുരേഷ് ​ഗോപി പറഞ്ഞത്. 2016-മുതൽ എയിംസിനായി താൻ മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തുന്നു. 2016-ൽ ആരോ​ഗ്യമന്ത്രിയായിരുന്ന ജെപി നദ്ദയാണ് നിലവിലെ ആരോ​ഗ്യമന്ത്രിയെന്നും എയിംസിനായി സജീവ ഇടപെടൽ ഉണ്ടാകുമെന്നുമായിരുന്നു സുരേഷ് ​ഗോപിയുടെ വാ​ഗ്ദാനം.

കോഴിക്കോട് കിനാലൂർ, തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിലെ സ്ഥലങ്ങളാണ് എയിംസിനായി സർക്കാരിന്റെ പരി​ഗണനയിലുള്ളത്. കിനാലൂരിലെ വ്യവസായ വികസന കേന്ദ്രത്തിലെ 153 ഏക്കർ ഭൂമി എയിംസിന് കെെമാറാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. 2023-ൽ ഈ ഭൂമി ആരോ​ഗ്യവകുപ്പിന് കെെമാറി കൊണ്ടുള്ള ഉത്തരവും വ്യവസായ വകുപ്പ് പുറത്തിറക്കി.

സർക്കാരിന്റെ പ്രഥമ പരി​ഗണനയിൽ കിനാലൂർ

  1. സ്വകാ‍ര്യ ഭൂമി വലിയ തോതിൽ ഏറ്റെടുക്കേണ്ട
  2. മലയോര ഹെെവേയിൽ നിന്ന് ആറ് കിലോ മീറ്റർ ദൂരമാണ് കിനാലൂരിലേക്ക് ഉള്ളത്
  3.  ദേശീയപാതാ 66-ൽ നിന്ന് 26 കിലോ മീറ്റർ ദൂരം
  4. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 23-ഉം, കൊയിലാണ്ടി സ്റ്റേഷനിൽ നിന്ന് 51 കിലോമീറ്റർ ദൂരവും
  5. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 50 കിലോമീറ്റർ ദൂരം

എന്നാൽ എൻഡോസൾഫാൻ ദുരിത ബാധിതർ ഏറെയുള്ള കാസർകോട് എയിംസ് വരണമെന്ന ആവശ്യവും ശക്തമാണ്. കോവിഡ് കാലത്ത് കർണാടക അതിർത്തി അടച്ചതോടെ 19 പേരാണ് കാസർകോട് ജില്ലയിൽ ചികിത്സ കിട്ടാത്ത മരിച്ചത്. ഇതോടെയാണ് എയിംസിന് വേണ്ടി കാസർകോട് ജനകീയ സമരങ്ങൾ ആരംഭിച്ചത്.

Latest News