5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Israel Tourists in Thekkady: ഇസ്രായേലിൽ നിന്നും തേക്കടി കാണാൻ എത്തിയവരെ അപമാനിച്ച സംഭവം; പൗരത്വം ചോദിച്ച് വിവാദമുണ്ടാക്കുന്നത് ഇവരുടെ പതിവ്

Israel Tourists insulted by Shop Owners in Thekkadi: ദമ്പതികൾ ഇസ്രായേൽ പൗരന്മാർ ആണെന്ന് അറിഞ്ഞതോടെ സാധനം തരില്ലെന്ന് പറഞ്ഞു ഇറങ്ങി പോകാനായി കടയുടമകൾ ആവശ്യപ്പെടുകയായിരുന്നു.

Israel Tourists in Thekkady: ഇസ്രായേലിൽ നിന്നും തേക്കടി കാണാൻ എത്തിയവരെ അപമാനിച്ച സംഭവം; പൗരത്വം ചോദിച്ച് വിവാദമുണ്ടാക്കുന്നത് ഇവരുടെ പതിവ്
വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ (Screengrab Image)
nandha-das
Nandha Das | Updated On: 14 Nov 2024 12:48 PM

തേക്കടി: ഇസ്രായേലിൽ നിന്നും തേക്കടി കാണാൻ എത്തിയ വിനോദ സഞ്ചാരികളെ അപമാനിച്ച സംഭവത്തിലെ കടയുടമകൾ ഇതിന് മുമ്പും വിവാദങ്ങളിൽ ഏർപ്പെട്ടവർ. കരകൗശല വസ്തുക്കൾ വിൽക്കുന്ന കാശ്മീരി സ്വദേശികളുടെ കടയിൽ നിന്നുമാണ് കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികളെ ഇറക്കിവിട്ടത്. കടയിൽ എത്തുന്നവരോട് പൗരത്വം ചോദിച്ചതിന്റെ പേരിൽ ഇതിനു മുമ്പും ഇവർ വിവാദങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. ഈ സംഭവത്തോടെ ഇവർക്കെതിരെ വലിയ പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തുന്നത്. ഈ കടയുടെ പരിസരത്തായി വേറെയും കടകളുണ്ടെന്നും, അവരൊന്നും ഇത്തരത്തിൽ പെരുമാറിയിട്ടില്ല എന്നുമാണ് പ്രദേശത്തെ വ്യാപാരികൾ പറയുന്നത്.

തേക്കടിയിൽ എത്തിയ ഇസ്രായേലി സ്വദേശികൾ ഓട്ടോയിൽ വന്നിറങ്ങി പരിസരത്തുള്ള കടകളിൽ നിന്നെല്ലാം സാധനം വാങ്ങിയിരുന്നു. ഒടുവിലാണ് ഈ കടയിലേക്ക് എത്തുന്നത്. ഇവർ ഇസ്രായേൽ പൗരന്മാർ ആണെന്ന് അറിഞ്ഞതോടെ സാധനം തരില്ലെന്ന് പറഞ്ഞു ഇറങ്ങി പോകാനായി കടയുടമകൾ ആവശ്യപ്പെട്ടു. അങ്ങനെ ഇവർ തൊട്ടടുത്തുള്ള കടക്കാരനോട് കാര്യം പറഞ്ഞു. അതോടെ, നാട്ടുകാരും തടിച്ചുകൂടി. കേരളത്തിന് തന്നെ ഇത് അപമാനമാണെന്നും മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടതോടെ, സമ്മർദ്ദം മൂലം കടയുടമകൾ മാപ്പു ചോദിച്ചു. ഇത് പലരും വീഡിയോയിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. വീഡിയോ വൈറലായതോടെ സ്പെഷ്യൽ ബ്രാഞ്ച് സ്ഥലത്തെത്തി, കടയടപ്പിച്ചു.

 

 

ALSO READ: ഫോർട്ട്കൊച്ചിയിൽ ഓടയിൽ വീണ് വിദേശിയുടെ കാലൊടിഞ്ഞ സംഭവം; നാണക്കേടെന്ന് ഹൈക്കോടതി

ഇസ്രായേലി ദമ്പതിമാരോട് കടയുടമകൾ മോശമായി പെരുമാറിയെന്ന് മനസ്സിലാക്കിയതോടെ നാട്ടുകാരും, പ്രദേശത്തെ മറ്റ് വ്യാപാരികളും ഇവരോട് ശക്തമായ ഭാഷയിൽ സംസാരിക്കുന്നതും, മാപ്പ് ചോദിക്കാൻ ആവശ്യപെടുന്നതുമെല്ലാം വിഡിയോയിൽ കാണാൻ സാധിക്കും.  വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ, സംഭവത്തിന്റെ ഗൗരവം മനസിലാക്കി കേന്ദ്ര ഏജൻസികളായ ഐബിയും റോയും വിവര ശേഖരണത്തിന് സ്ഥലത്തെത്തുകയായിരുന്നു. കടയുടമകളുടെ ചരിത്രം, പശ്ചാത്തലം തുടങ്ങിയ കാര്യങ്ങൾ ഏജൻസികൾ അന്വേഷിക്കും.

പൊലീസിലെ രഹസ്യാന്വേഷണ വിഭാഗവും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ഇസ്രായേൽ ദമ്പതികൾ നാട്ടുകാരുടെ പിന്തുണ ലഭിച്ചതിൽ സന്തുഷ്ടരാണെന്നും, വിനോദ സഞ്ചാര ലക്ഷ്യത്തോടെ മാത്രമാണ് അവർ ഇവിടെ എത്തിയതെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ടൂറിസം വകുപ്പും വേണ്ട നടപടികൾ സ്വീകരിക്കാനാണ് സാധ്യത.

അതേസമയം, അടുത്തിടെയാണ് മറ്റൊരു വിദേശ ടൂറിസ്റ്റ് ഫോർട്ട്കൊച്ചിയിലെ കാനയിൽ വീണ് കാലൊടിഞ്ഞ സംഭവം ഉണ്ടായത്. അറ്റകുറ്റ പണികൾക്കായി തുറന്നിട്ടിരുന്നു ഓടയിൽ വീണാണ് വിനോദ സഞ്ചാരിയുടെ കാലിന് പരിക്കേറ്റത്. ഈ സംഭവം കേരളത്തിന് തന്നെ നാണക്കേടാണെന്നും, ഇത് നമ്മുടെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പുതിയ സംഭവം.

Latest News