Thrissur Raid: തൃശ്ശൂരിൽ സിനിമാ സ്റ്റൈലിൽ സ്വർണ്ണവേട്ട; ഉല്ലാസയാത്രാ സംഘമായെത്തി 75 സ്ഥലത്ത് ഒരുമിച്ച് റെയ്ഡ്
GST Officials Raid in Thissur: എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ജിഎസ്ടി ഓഡിറ്റ് ഓഫീസർമാർ തുടങ്ങിയവരാണ് ദൗത്യത്തിൽ പങ്കെടുത്തത്.
തൃശൂർ: സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ പങ്കാളികളായ സ്വർണ്ണവേട്ട തൃശ്ശൂരിൽ നടന്നു. വിനോദയാത്ര സംഘം എന്ന പേരിലാണ് ഉദ്യോഗസ്ഥരെ തൃശ്ശൂരിൽ എത്തിച്ചത്. എറണാകുളത്ത് ജിഎസ്ടി ഉദ്യോഗസ്ഥർക്കായി പരിശീലനമുണ്ടായിരുന്നു. അവിടെ നിന്നുമാണ് ഉദ്യോഗസ്ഥരെ എത്തിച്ചത്. ബുധനാഴ്ചയാണ് എഴുന്നൂറോളം ഉദ്യോഗസ്ഥർ സ്വർണാഭരണ നിർമാണ യൂണിറ്റുകളിലും അവയുടെ ഉടമസ്ഥരുടെ പ്രധാന ജീവനക്കാരുടെ വീടുകളിലും ഫ്ളാറ്റുകളിലും ഉൾപ്പടെ 78 ഇടങ്ങളിൽ അപ്രതീക്ഷിത റെയ്ഡ് നടത്തിയത്.
പരിശോധനക്കായി പല സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥർ എത്തുമ്പോൾ അവിടെ ഉപഭോക്താക്കളും ഉണ്ടായിരുന്നു. ഉപഭോക്താക്കളാണെന്ന് ഉറപ്പ് വരുത്തിയ ശേഷം ഉദ്യോഗസ്ഥർ അവരെ ഇറക്കിവിട്ടു. മറ്റ് സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്ന് വിവരം അറിഞ്ഞതോടെ ഒരു ജീവനക്കാരി കിട്ടിയ ബാഗുകളിൽ സ്വർണം വാരിയിട്ട് ഇറങ്ങിയോടി. എന്നാൽ, പോലീസ് ഇവരെ ഓടിച്ചിട്ട് പിടിച്ചു. ആറര കിലോഗ്രാം സ്വർണമാണ് ഇവരിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ ഏഴ് മാസമായി, ജിഎസ്ടി വെട്ടിച്ച് സ്വർണം വിലക്കുറവിൽ വിൽക്കുന്ന ആഭരണ നിർമാണ യൂണിറ്റുകൾ ജിഎസ്ടി ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്നു.
കണക്കിൽപ്പെടാത്ത സ്വർണം പിടിച്ചെടുക്കുക എന്നത് മാത്രമായിരുന്നില്ല ജിഎസ്ടി ഇന്റലിജൻസിന്റെ ലക്ഷ്യം. കഴിഞ്ഞ അഞ്ച് വർഷമായി ആഭരണ നിർമാണ യൂണിറ്റുകൾ ജിഎസ്ടി വകുപ്പിനെ അറിയിക്കാതെ നടത്തിയ ഇടപാടുകൾ കൂടി കണ്ടെത്തുക എന്നതുമായിരുന്നു. കൂടാതെ, കള്ളക്കടത്തായി എത്തുന്ന സ്വർണം കണക്കിൽ കാണിക്കാതെ വിൽക്കാൻ കഴിയുമെന്നതുകൊണ്ട് അത്തരത്തിൽ സ്വർണം ഇങ്ങോട്ടെത്തുന്നത് തടയുക എന്നത് കൂടി ഇവർ ലക്ഷ്യമിട്ടിരുന്നു.
ALSO READ: പാര്‍ക്ക് ചെയ്തിടത്ത് ഔദ്യോഗികവാഹനം കണ്ടില്ല; പിന്നാലെ ഓട്ടോ പിടിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി
സ്വർണ വേട്ടയ്ക്കായി ധനവകുപ്പ് നടത്തിയത് സിനിമാ സ്റ്റൈൽ ആസൂത്രണമാണ്. മന്ത്രി കെ എൻ ബാലഗോപാലിനും ഉന്നത ഉദ്യോഗസ്ഥർക്കും മാത്രമാണ് ദൗത്യത്തെ കുറിച്ച് അറിയാമായിരുന്നത്. കടയിൽ പരിശോധനയ്ക്ക് എത്തുന്നതിന് കുറച്ച് സമയം മുമ്പാണ് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ പോലും വിവരമറിയുന്നത്. സംസ്ഥാന ജിഎസ്ടി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇന്റലിജൻസ് ഓപ്പറേഷൻ ആയിരുന്നിതെന്ന് ധനവകുപ്പ് അധികൃതർ പറയുന്നു. മാതൃഭൂമി ന്യൂസിനോടായിരുന്നു അധികൃതരുടെ പ്രതികരണം.
എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ജിഎസ്ടി ഓഡിറ്റ് ഓഫീസർമാർ തുടങ്ങിയവരാണ് ദൗത്യത്തിൽ പങ്കെടുത്തത്. എഴുന്നൂറിലെ ഉദ്യോഗസ്ഥരെ ട്രെയിനിങ്ങിന്റെ പേരിൽ തൃശ്ശൂരിൽ എത്തിച്ചത് വിവരം ചോരാതിരിക്കാനായിരുന്നു. അഞ്ച് ടൂറിസ്റ്റ് ബസുകളും ഏഴ് വാനുകളുമാണ് റെയ്ഡിന് ഉപയോഗിച്ചത്. വിനോദസഞ്ചാര സംഘം എന്ന് ബാനർ കെട്ടിയ വാഹനങ്ങളിലായിരുന്നു ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തിയത്.
തുടർന്ന്, 75 സ്ഥലങ്ങളിൽ ഒരുമിച്ച് പരിശോധന നടത്തി. കണക്കിൽ കാണിക്കാത്ത സ്വർണമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇതിൽ നിർമാണത്തിൽ ഇരിക്കുന്നതും ജോലികൾ പൂർത്തിയായതുമായ ആഭരണങ്ങൾ ഉൾപ്പെടുന്നു. റെയ്‌ഡിൽ പിടിച്ചെടുത്ത സ്വർണം ട്രഷറിയിലേക്ക് കൈമാറിയിട്ടുണ്ട്.