Sreelekha IPS: ഇനി താമരയ്ക്കൊപ്പം; ബിജെപി അംഗത്വം സ്വീകരിച്ച് ശ്രീലേഖ ഐപിഎസ്
R Sreelekha IPS Joined BJP: കേന്ദ്ര- സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ശ്രീലേഖയുടെ ബിജെപി പ്രവേശനം.
തിരുവനന്തപുരം: കേരളാ കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ ബിജെപിയിൽ. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്നാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ശ്രീലേഖയുടെ തിരുവനന്തപുരത്തെ ഈശ്വര വിലാസത്തിലുള്ള വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ മുതിർന്ന പാർട്ടി നേതാക്കളും സന്നിഹിതരായിരുന്നു. മൂന്നാഴ്ചത്തെ ആലോചനയ്ക്ക് ശേഷമാണ് ബിജെപിയിൽ ചേർന്നതെന്നും പ്രധാനമന്ത്രിയുടെ വികസന പരിപാടികളിൽ ആകൃഷ്ടയായാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്നും ശ്രീലേഖ മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര- സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ശ്രീലേഖയുടെ ബിജെപി പ്രവേശനം.
”33 വർഷത്തെ സർവ്വീസിൽ നിഷ്പക്ഷയായിരുന്ന ഉദ്യോഗസ്ഥയായിരുന്നു. പ്രതിജ്ഞയെടുത്തത് പോലെ ഒരു പാർട്ടിയുമായും അനുഭാവം കാത്തുസൂക്ഷിക്കാതെയാണ് പ്രവർത്തിച്ചത്. വിരമിച്ചതിന് ശേഷം പലകാര്യങ്ങളും മാറി നിന്ന് നിരീക്ഷിച്ച് വരികയായിരുന്നു. അതിന് ശേഷമുള്ള അറിവിന്റെയും അനുഭവത്തിന്റെയും പശ്ചാത്തലത്തിൽ ജനങ്ങളെ തുടർന്നും സേവിക്കാൻ പറ്റിയ അവസരമായാണ് ഇതിനെ നോക്കിക്കണ്ടത്”. ശ്രീലേഖ പറഞ്ഞു.
ആർ ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചതിൽ സന്തോഷം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ രാജ്യം കെെവരിച്ച പുരോഗതിയിൾ ആകൃഷ്ടയായാണ് മുൻ ഡിജിപിയുടെ പാർട്ടി പ്രവേശമെന്ന് അംഗത്വം കെെമാറി കൊണ്ട് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ശ്രീലേഖയുടെ അനുഭവസമ്പത്ത് ബിജെപിക്കും പാർട്ടിക്കും മുതൽക്കൂട്ടാകുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
”മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായാണ് ശ്രീലേഖയുമായി ചർച്ച നടത്തിയത്. ഇടതുപക്ഷവും പ്രതിപക്ഷവും ജനങ്ങളിൽ നിന്ന് ബിജെപിയെ അകറ്റാനാണ് ശ്രമിച്ചത്. ആ ചട്ടകൂടുകൾ തകർത്താണ് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ബിജെപിയിൽ വിശ്വാസം വന്നത്. കേരളം ബിജെപിയ്ക്ക് ബാലികേറാമലയല്ല. 2026-ൽ തന്നെ കേരളത്തിൽ സർക്കാർ ഉണ്ടാക്കാനുള്ള പരിശ്രമത്തിലാണ് കേരളത്തിലെ നേതൃത്വമെന്നും” കെ സുരേന്ദ്രൻ വ്യക്തമാക്കി.
1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. ചേര്‍ത്തല എഎസ്പിയായാണ് പൊലീസ് ജീവിതത്തിന് തുടക്കമിട്ടത്. പിന്നീട് തൃശൂര്‍, പത്തംതിട്ട, ആലപ്പുഴ ജില്ലകളില്‍ എസ്പിയായി ജോലി ചെയ്തു. ഗതാഗത കമ്മീഷണറായും ജയിൽ ഡിജിപിയായും ദീർഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്. വിജിലന്‍സ്, ക്രൈംബ്രാഞ്ച് ഡിഐജി, ഐജി, എഡിജിപി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് മേധാവി ആയിരിക്കുമ്പോഴാണ് സർവ്വീസിൽ നിന്ന് ശ്രീലേഖ വിരമിച്ചത്. ഔദ്യോഗിക യാത്രയയപ്പ് ഇല്ലാതെയായിരുന്നു 33 വർഷത്തെ ഐപിഎസ് കുപ്പായം ശ്രീലേഖ അഴിച്ചുവച്ചത്. എഴുത്തുകാരി കൂടിയായ ആർ ശ്രീലേഖ പത്തോളം പുസ്തകങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
പ്രതിപക്ഷം പൊലീസ് സേനയിലെ ആര്‍എസ്എസ് ബന്ധം ശക്തമാക്കുന്നതിനിടെയാണ് മുൻ ഡിഐജിയുടെ ബിജെപി പ്രവേശനം. വിരമിച്ച ശേഷം തന്റെ യൂട്യൂബ് ചാനലായ സസ്നേഹം ശ്രീലേഖയിലൂടെ പലഘട്ടത്തില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മുന്‍ ഡിജിപിമാരായ സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവര്‍ നേരത്തെ ബിജെപിയിൽ അംഗത്വം സ്വീകരിച്ചിരുന്നു.