Amoebic Meningoencephalitis: അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ചുവയസുകാരി മരിച്ചു
പല മരുന്നുകള്‍ നല്‍കി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ത്യയില്‍ ഈ അസുഖത്തിന് മരുന്ന് ലഭ്യമല്ല. അതുകൊണ്ട് പുറത്ത് നിന്ന് മരുന്ന് എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചിരുന്നില്ല.
മലപ്പുറം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ചുവയസുകാരി മരണത്തിന് കീഴടങ്ങി. മലപ്പുറം വെന്നിയൂര്‍ സ്വദേശി ഫത്‌വയാണ് മരിച്ചത്. ഒരാഴ്ചയായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
മൂന്നിയൂര്‍ പുഴയില്‍ കുളിച്ചതിന് പിന്നാലെയാണ് കുട്ടിക്ക് വൈറസ് ബാധയേറ്റത്. കുട്ടിക്ക് കടുത്ത പനിയും തലവേദനയും ഉണ്ടായതിനെ തുടര്‍ന്ന് ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചത്. നല്ലെല്ലില്‍ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് രോഗം കണ്ടെത്താനായത്. പിന്നീട് പല മരുന്നുകള്‍ നല്‍കി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ത്യയില്‍ ഈ അസുഖത്തിന് മരുന്ന് ലഭ്യമല്ല. അതുകൊണ്ട് പുറത്ത് നിന്ന് മരുന്ന് എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചിരുന്നില്ല.
കുട്ടിയുടെ കൂടെ കുളിച്ച നാല് കുട്ടികളെ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും നാലുപേരും നിരീക്ഷണത്തില്‍ തുടര്‍ന്നിരുന്നു. പിന്നീട് രോഗലക്ഷണങ്ങള്‍ മാറിയതോടെ ആശുപത്രി വിട്ടു. മൂന്നിയൂര്‍ പ്രദേശത്ത് ഇപ്പോഴും ജാഗ്രത തുടരുകയാണ്.
അമീബ എന്ന ഭീകരന്‍
സയന്‍സ് ഫിക്ഷന്‍ നോവലില്‍ നിന്ന് ഇറങ്ങി വന്ന ഒരു സൂക്ഷ്മാണുവിനെപ്പോലെയാണ് മസ്തിഷ്‌കം തിന്നുന്ന അമീബ. പ്രോട്ടോസോവ എന്ന ഇനത്തില്‍ പെടുന്ന ഇവ ഏക കോശ ജീവിയാണ്. സെല്ലുകളെ ശുദ്ധജലത്തിലും മലിനീകരിക്കപ്പെടാത്ത മണ്ണിലും മാത്രമാണ് ഇത് വളര്‍ത്തുന്നത്.
ഇവയുടെ പ്രവര്‍ത്തനകാലം വേനലിലാണ് എന്ന് പറയാം. കാരണം ചൂടുള്ള ശുദ്ധജലമാണ് ഈ അമീബകള്‍ക്ക് ഏറെ പ്രിയം. വേനല്‍ക്കാലത്ത് കുളിക്കാന്‍ ശുദ്ധജലം തേടി എത്തുന്നവരാണ് ഇതിന്റെ ഇരകള്‍. വെള്ളത്തില്‍ നീന്തുന്ന സമയത്ത് മൂക്കിലൂടെ ഇത് ശരീരത്തില്‍ പ്രവേശിക്കുന്നു. പിന്നീട് പതിയ തലച്ചോറിലേക്ക് നീങ്ങുന്നു.
അവിടെ എത്തിയ ശേഷം മസ്തിഷ്‌കത്തിലെ കോശങ്ങളെ നശിപ്പിക്കുന്നു. ഇതാണ് ഇവയുടെ പ്രവര്‍ത്തന രീതി. പ്രൈമറി അമീബിക് മെനിംഗോഎന്‍സെഫലൈറ്റിസ് എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. വേനല്‍ കടുക്കുമ്പോഴാണ് ഇവ പുറത്തു വരുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നെയ്‌ഗ്ലേരിയ ഫൗലേരി എന്നാണ് ഇതിന്റെ ശാസ്ത്രനാമം.
അമീബ തലച്ചോറിലേക്ക് പ്രവേശിക്കുമ്പോള്‍ മസ്തിഷ്‌കത്തിലെ കോശങ്ങളെ ഇവ വലയം ചെയ്യും, പിന്നീട് വിഴുങ്ങുകയും ചെയ്യുന്നു തുടര്‍ന്ന് നീര്‍ക്കെട്ട് വരികയുമാണ് ചെയ്യുന്നത്. ഇത് ഗുരുതരമാകുമ്പോഴാണ് ഒടുവില്‍ മസ്തിഷ്‌ക മരണം സംഭവിക്കുക. ജപ്പാന്‍ ജ്വരം, നിപ്പ പോലുള്ള രോഗങ്ങളില്‍ രോഗം കൂടി അത് പിന്നീട് മസ്തിഷ്‌ക ജ്വരമാകുകയാണ് ചെയ്യുന്നത്.
ലക്ഷണങ്ങള്‍
അണുബാധ ഉണ്ടായി അഞ്ചു ദിവസത്തിനു ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക. ഇത് 12 ദിവസം വരെ നീളാം എന്നാണ് കണക്ക്. തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, മാനസിക സമ്മര്‍ദ്ദം, എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. അമീബയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാണെന്നത് മറ്റൊരു പ്രത്യേകത. അതുകൊണ്ടു വേഗത്തില്‍ രോഗം മൂര്‍ഛിക്കാനും സാധ്യത ഉണ്ട്.
പ്രതിരോധം
- തടാകങ്ങളിലോ കുളങ്ങളിലോ ഇപ്പോള്‍ കുളിക്കാന്‍ പോകുമ്പോള്‍ സുരക്ഷിതരായി ഇരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്.
- കായലുകളിലും നദികളിലും ചൂടുനീരുറവകളിലും നീന്തുന്നത് കഴിവതും ഒഴിവാക്കുക.
- കുളങ്ങളും കിണറുകളും ക്ലോറിനേറ്റ് ചെയ്യുക.
- ഇവ മൂക്കിലൂടെ പ്രവേശിക്കുന്നതിനാല്‍ നീന്തുമ്പോള്‍ നോസ് ക്ലിപ് ധരിക്കാന്‍ ശ്രമിക്കുക
- മുങ്ങാംകുഴിയിട്ട് നീന്തുന്നതും വെള്ളത്തില്‍ ഏറെ നേരം മുങ്ങിക്കിടക്കുന്നതും കഴിവതും ഒഴിവാക്കുക
- നീന്തലിനു ശേഷം വൃത്തിയായി കുളിക്കാന്‍ മറക്കരുത്
- രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം