Dr MS Valiathan: ഹൃദ്രോഗ വിദഗ്ധൻ ഡോ എംഎസ് വല്യത്താൻ അന്തരിച്ചു
Dr MS Valiathan Death News: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ സ്ഥാപക ഡയറക്ടറാണ് അദ്ദേഹം
തിരുവനന്തപുരം: പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും ശാസ്ത്രജ്ഞനുമായ ഡോ.മാർത്താണ്ഡവർമ്മ ശങ്കരൻ വലിയത്താൻ (എംഎസ് വല്യത്താൻ-90) അന്തരിച്ചു. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ സ്ഥാപക ഡയറക്ടറാണ് അദ്ദേഹം. ബുധനാഴ്ച രാത്രി മണിപ്പാലിൽ വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയും അദ്ദേഹമായിരുന്നു.
മാവേലിക്കര സ്വദേശിയായ അദ്ദേഹം ദേശിയ തലത്തിൽ തന്നെ ആരോഗ്യമേഖലക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത കൃത്രിമ ഹൃദയ വാൽവുകൾ 1 ലക്ഷത്തിലധികം രോഗികൾക്കാണ് സഹായകമായത്. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ പ്രസിഡന്റ്, ഇന്ത്യാ ഗവൺമെന്റിന്റെ നാഷണൽ റിസർച്ച് പ്രൊഫസർ എന്നിവയുൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
1999-ൽ ഫ്രഞ്ച് സർക്കാർ അദ്ദേഹത്തെ ഓർഡ്രെ ഡെസ് പാംസ് അക്കാഡെമിക്സിൽ ഷെവലിയർ ആയും നിയമിച്ചു. ആരോഗ്യ മേഖലയിലെ സംഭാവനകൾക്ക് 2005 ൽ രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയയ പത്മവിഭൂഷൺ ലഭിച്ചു.
1934 ൽ മാർത്തണ്ഡവർമ്മയുടെയും ജാനകി വർമ്മയുടെയും മകനായി വലിയത്താൻ ജനിച്ചു. മാവേലിക്കരയിലെ ഒരു സർക്കാർ സ്കൂളിലും പിന്നീട് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ബിരുദം നേടി. തുടർന്ന് ഇംഗ്ലണ്ടിലെ ലിവർപൂളിൽ ശസ്ത്രക്രിയ പരിശീലനത്തിന് ചേർന്നു.
ലിവർപൂൾ സർവകലാശാലയിൽ നിന്ന് ശസ്ത്രക്രിയയിൽ ബിരുദാനന്തര ബിരുദവും നേടി. റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബർഗിലെയും ഇംഗ്ലണ്ടിലെയും ഫെലോഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട് വല്യത്താൻ. 72-ൽ ഇന്ത്യയിലെത്തിയ വല്യത്താനെ കേരളത്തിലേക്ക് ക്ഷണിച്ചത് അന്നത്തെ മുഖ്യമന്ത്രി സി അച്യുത മേനോനാണ്. തിരുവനന്തപുരത്ത് ഒഴിഞ്ഞ കിടന്നിരുന്ന ശ്രീ ചിത്ര തിരുനാൾ സെൻ്ററിൽ ആശുപത്രി വികസിപ്പിക്കുകയായിരുന്നു ആവശ്യം. അങ്ങനെയാണ് ഇന്നത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ പിറവി.