5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabari Rail Project: കാത്തിരുന്ന് കാത്തിരുന്ന് എങ്ങുമെത്താതെ ശബരി റെയിൽ! ഇനിയെന്ന് ട്രാക്കിലാകും?

What is Sabari Rail Project And It Route Map: ശബരി റെയിൽ പാത യാഥാർത്ഥ്യമാകുന്നത് കേരളത്തിന്റെ വികസന- ​ഗതാ​ഗത മേഖലകൾക്ക് കുതിപ്പ് പകരും. റെയിൽ വേ മന്ത്രി അശ്വിനി വെെഷ്ണവ് അടുത്തിടെ കേരളം സന്ദർശിച്ചപ്പോൾ ശബരി റെയിലിനെ കുറിച്ച് പരാമർശിച്ചതോടെയാണ് പദ്ധതി വീണ്ടും ചർച്ചയാകുന്നത്.

Sabari Rail Project: കാത്തിരുന്ന് കാത്തിരുന്ന് എങ്ങുമെത്താതെ ശബരി റെയിൽ! ഇനിയെന്ന് ട്രാക്കിലാകും?
Sabari Rail
athira-ajithkumar
Athira CA | Updated On: 19 Dec 2024 17:27 PM

കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും യാഥാർത്ഥ്യമാകാത്ത ശബരി റെയിൽ പാത വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. ഇരട്ട ലെെൻ വേണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശത്തിന് പിന്നാലെയാണ് സ്വപ്ന പദ്ധതി വീണ്ടും ചർച്ചയാകുന്നത്. എന്നാൽ കേന്ദ്ര നിർ​ദ്ദേശം തള്ളി നിലവിലെ ഡിപിആർ പ്രകാരം ഒറ്റവരി പാതയിൽ പോകാനാണ് സർക്കാർ തീരുമാനം. പദ്ധതി രണ്ട് ഘട്ടമായി പൂർത്തിയാകാനാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ അങ്കമാലി- എരുമേലി- നിലക്കൽ പാത പൂർത്തീകരിക്കും. പദ്ധതി ചെലവിന്റെ 50 ശതമാനം തുക കിഫ്ബി വഴി വഹിക്കും. ആർബിഐയുമായി ചേർന്നുള്ള ത്രിരാഷ്ട്ര കരാർ വേണ്ടെന്ന നിലപാടും സർക്കാർ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.

എന്താണ് ശബരി റെയിൽ

കേന്ദ്രത്തിൽ അടൽ ബിഹാരി വാജ്പേയ് സർക്കാർ ഭരിച്ച കാലത്ത് പ്രഖ്യാപിച്ചിട്ടും ട്രാക്കിലാകാത്ത പദ്ധതിയാണ് ശബരി റെയിൽ. അങ്കമാലിയിൽ നിന്ന് എരുമേലി, പുനലൂർ വഴി തിരുവനന്തപുരത്ത് എത്തുന്ന റെയിൽപാതയുടെ ഒന്നാം ഘട്ടമാണ് 111 കിലോ മീറ്റർ ദൈർഘ്യമുള്ള അങ്കമാലി- എരുമേലി ശബരി റെയിൽപാത. അഴുത വരെ നിശ്ചയിച്ചിരുന്ന പദ്ധതിയായിരുന്നു എരുമേലി വരെയാക്കി ചുരുക്കിയത്. പെരിയാർ വന്യജീവി സങ്കേതത്തിലൂടെ പാത കടന്നുപോകുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് കേന്ദ്രം എരുമേലി വരെയാക്കി ചുരുക്കിയത്. 25 വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതി ഇപ്പോഴും പാതി പോലും പൂർത്തിയായിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തർക്കമാണ് പദ്ധതി കടലാസിൽ ഒതുങ്ങാൻ കാരണം. മലയോര മേഖലയുടെ റെയിൽ ​ഗതാ​ഗതമെന്ന സ്വപ്നത്തിനും ഇതോടെ തിരശീല വീണു.

ശബരിമല ദർശനത്തിനായി എത്തുന്ന അയ്യപ്പ ഭക്തർക്ക് മികച്ച യാത്ര സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ശബരി റെയിൽ പദ്ധതിക്ക് പച്ചക്കൊടി വീശിയത്. 1997-98 കാലഘട്ടത്തിലെ റെയിൽവേ ബജറ്റിലാണ് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ പൊൻതൂവലാകുന്ന ശബരി റെയിലിന്റെ പ്രഖ്യാപനം. അന്ന് പദ്ധതിക്ക് വേണ്ടി 530 കോടിയായിരുന്നു റെയിൽവേ ബോർഡ് വകയിരുത്തിയത്. നിലവിലെ സാഹചര്യമനുസരിച്ച് ശബരി റെയിൽ പൂർത്തിയാക്കാൻ ഏകദേശം 3,810 കോടി ചെലവുവരും. ഇതിൽ 1,905 കോടി സംസ്ഥാനം വഹിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. പദ്ധതി പൂർത്തിയായാൽ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ഉൾപ്പെടെയുള്ള അഞ്ച് ജില്ലകളിലെ വിവിധ ന​ഗരങ്ങൾ കൂടി റെയിൽ വേ കണക്ടിവിറ്റിയുടെ ഭാ​ഗമായി മാറും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ലക്ഷകണക്കിന് ആളുകളുടെ യാത്ര ദുരിതത്തിനും അറുതിവരും.

1996ലാണ് അങ്കമാലി-എരുമേലി പാതയുടെ ആദ്യ സർവ്വേ നടന്നത്. 1997-ൽ റെയിൽ വേ അനുമതി നൽകിയ പദ്ധതി ഉടൻ തന്നെ ആരംഭിക്കുകയും ചെയ്തു. അങ്കമാലി മുതൽ കാലടി വരെ ശബരി റെയിൽപാതയും കാലടിയിൽ സ്റ്റേഷനും നിർമ്മിച്ചു. കോട്ടയത്തെ രാമപുരം വരെയുള്ള 70 കിലോമീറ്റർ റെയിൽപാതയുടെ സർവ്വേയും 2002-ൽ പൂർത്തിയാക്കി. പാതയ്ക്കായി സ്ഥലം കണ്ടെത്തിയ സ്ഥലങ്ങളിൽ റെയിൽവേ സർവ്വേ കല്ലുകൾ ഇട്ടിട്ടുണ്ട്. ഇവിടംങ്ങളിൽ സ്ഥലം വിൽക്കാനോ കെട്ടിടം പൊളിച്ചുപണിയാനോ സാധിക്കാത്ത സ്ഥിതിയാണുള്ളത്. രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ താവളമാണ് കാലടിയിലെ റെയിൽവേ സ്റ്റേഷൻ.

ശബരി റെയിൽ സ്റ്റേഷനുകൾ

ശബരി പദ്ധതിക്ക് കീഴിൽ 14 റെയിൽവേ സ്റ്റേഷനുകളാണ് ഉള്ളത്. ഇതുവരെ ട്രെയിൻ കടന്നുപോകാത്ത ഇടുക്കി അടക്കം മൂന്ന് ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമം​ഗലം, മുവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിക്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണ് റെയിൽവേ സ്റ്റേഷനുകൾ. പദ്ധതി വിജയകരമാണെങ്കിൽ ഭാവിയിൽ വിഴിഞ്ഞത്തെക്കും നീട്ടാനുള്ള ആലോചന നടന്നിരുന്നു. രണ്ടാം ഘട്ടത്തിൽ പുനലൂരും മൂന്നാം ഘട്ടത്തിൽ തിരുവനന്തപുരവും പ​ദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.

രണ്ടാം ഘട്ടമായ പുനലൂരിലേക്ക് പദ്ധതി നീളുന്നത് തമിഴ്നാട് വഴിയുള്ള ​ഗതാ​ഗതവും സു​ഗമമാക്കും. റാന്നി, പത്തനംതിട്ട, കോന്നി, കൂടൽ, പത്തനാപുരം എന്നീ അഞ്ച് സ്റ്റേഷനുകളാണ് എരുമേലി- പൂനലൂർ പാതയ്ക്ക് കീഴിൽ വരിക. പുനലൂരിൽ നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന മൂന്നാം ഘട്ടത്തിൽ അഞ്ചൽ, കടക്കൽ, പാലോട്, നെടുമങ്ങാട് എന്നിങ്ങനെ നാല് സ്റ്റേഷനുകളും ഉൾപ്പെടുന്നു. ശബരി റെയിൽ പാത യാഥാർത്ഥ്യമാകുന്നത് കേരളത്തിന്റെ വികസന- ​ഗതാ​ഗത മേഖലകൾക്ക് കുതിപ്പ് പകരും.

പദ്ധതി ഇഴയാൻ കാരണം

ശബരി റെയിലിനോടുള്ള കേന്ദ്ര സർക്കാരിന്റെ താത്പര്യം നഷ്ടമായതാണ് പദ്ധതി ഇഴയാൻ കാരണം. ശബരിമല തീർത്ഥാടനത്തിന് വേണ്ടി തുടങ്ങാനിരിക്കുന്ന ചെങ്ങന്നൂർ – പമ്പ പദ്ധതിയോടാണ് കേന്ദ്രസർക്കാരിന് കൂടുതൽ താത്പര്യം. ശബരി റെയിലിന് വേണ്ടിയുള്ള സംസ്ഥാന വിഹിതം നൽകുന്നതിലുള്ള കാലതാമസവും മറ്റൊരു കാരണമാണ്. ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ അന്തിമ തീരുമാനം ഇതുവരെയും കേന്ദ്രത്തെ അറിയിച്ചിട്ടില്ല. അലയ്മെന്റ് തീരുമാനിക്കുന്ന സമയത്ത് പ്രാദേശിക രാഷ്ട്രീയ സമ്മർദ്ദങ്ങളും ജനകീയ പ്രക്ഷോഭങ്ങളും നേരിടേണ്ടി വന്നു. പിന്നീട് ഒരു വിഭാ​ഗം പദ്ധതി യാഥാർത്ഥ്യമാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൂർണ നിലപാട് സ്വീകരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാർ തയ്യാറായില്ല. റെയിൽ വേ മന്ത്രി അശ്വിനി വെെഷ്ണവ് അടുത്തിടെ കേരളം സന്ദർശിച്ചപ്പോൾ ശബരി റെയിലിനെ കുറിച്ച് പരാമർശിച്ചതോടെയാണ് പദ്ധതി വീണ്ടും ചർച്ചയാകുന്നത്.

ചെങ്ങന്നൂർ – പമ്പ റെയിൽ പാത

ശബരിമല തീർത്ഥാടകരെ മാത്രം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ചെങ്ങന്നൂർ – പമ്പ റെയിൽ പാത. പമ്പാ നദിയുടെ തീരത്തുകൂടി ചെങ്ങന്നൂർ-പമ്പ റൂട്ടിലുള്ള ആകാശപാതയാണ് പദ്ധതി. റെയിൽ വേ പദ്ധതിക്ക് 13,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 160 കിലോ മീറ്റർ വേ​ഗതയിൽ കുതിക്കുന്ന തീവണ്ടികൾക്ക് ചെങ്ങന്നൂരിൽ നിന്ന് 45 മിനിറ്റ് കൊണ്ട് പമ്പയിലെത്താനാവും. സംസ്ഥാന റെയിൽ വികസനത്തിന് കരുത്ത് പകരുന്ന പദ്ധതികൾ ഉടൻ തന്നെ ട്രാക്കിലാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.