K-Fon Project: എല്ലാവർക്കും ഇൻ്റർനെറ്റ്, പ്രധാന ലക്ഷ്യം ആദിവാസി മേഖല; എന്താണ് സർക്കാരിൻ്റെ സ്വപ്ന പദ്ധതി കെ-ഫോൺ?

What Is Kerala Government K Fon Project: കെ ഫോൺ പദ്ധതിയിലൂടെ സംസ്ഥാനത്തെ പിന്നോക്കമേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഹൈസ്പീ‍ഡ് ഇന്റർനെറ്റ് കണക്ഷൻ നൽകാനാണ് ഈ പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നത്. ബാക്കി ഉള്ളവർക്കാകട്ടെ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയും ചെയ്യും. ആകെ 75 ലക്ഷത്തോളം വരുന്ന കുടുംബങ്ങൾക്കാണ് ഇതിൻ്റെ ​ഗുണം ലഭിക്കുക. നിലവിൽ സംസ്ഥാനത്ത് ഇതുവരെ 75,000 കണക്ഷനുകളാണ് നൽകിയിരിക്കുന്നത്.

K-Fon Project: എല്ലാവർക്കും ഇൻ്റർനെറ്റ്, പ്രധാന ലക്ഷ്യം ആദിവാസി മേഖല; എന്താണ് സർക്കാരിൻ്റെ സ്വപ്ന പദ്ധതി കെ-ഫോൺ?

Published: 

30 Dec 2024 11:01 AM

നമുക്കറിയാം എല്ലാ വ്യക്തികൾക്കും ഇൻ്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച് സംസ്ഥാനമാണ് നമ്മുടെ കൊച്ചു കേരളം. അതിനാൽ കേരളത്തിൽ ഡിജിറ്റൽ അന്തരം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് കെ-ഫോൺ. കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ച ഇന്റർനെറ്റ് സേവന ദാതാവാണ് കേരളാ ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് അഥവാ കെ ഫോൺ (K-Fon). ഇതിലൂടെ സംസ്ഥാനത്തെ ഓരോ വ്യക്തികൾക്കും ഇൻ്റർനെറ്റ് സേവനം ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

കെ ഫോൺ പദ്ധതിയിലൂടെ സംസ്ഥാനത്തെ പിന്നോക്കമേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഹൈസ്പീ‍ഡ് ഇന്റർനെറ്റ് കണക്ഷൻ നൽകാനാണ് ഈ പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നത്. ബാക്കി ഉള്ളവർക്കാകട്ടെ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയും ചെയ്യും. ആകെ 75 ലക്ഷത്തോളം വരുന്ന കുടുംബങ്ങൾക്കാണ് ഇതിൻ്റെ ​ഗുണം ലഭിക്കുക. സംസ്ഥാനത്തെ എല്ലാ വിഭാ​ഗക്കാർക്കും ഇതിന് അപേക്ഷിക്കാനുള്ള അർഹതയുണ്ട്. 20 എംബിപിഎസ് മുതലുള്ള വേഗതയിൽ ഉപഭോക്താക്കൾക്ക് കെ ഫോൺ വഴിയുള്ള ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്. എന്നാൽ നിങ്ങളുടെ ആവശ്യാനുസരണം ഇതിൻ്റെ വേഗത വർധിപ്പിക്കാനും സാധിക്കും.

എന്താണ് കെ ഫോൺ പദ്ധതി?

‘കണക്ടിങ് ദി അൺ കണക്റ്റഡ്’ എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് കെ ഫോൺ. കേരളത്തിലുടനീളം നഗര- ഗ്രാമ വ്യത്യാസമില്ലാതെ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയെന്നതാണ് കെ ഫോണിൻ്റെ പ്രധാന ലക്ഷ്യം. ഒരു ജനതയുടെ അവകാശമാണ് ഇന്റർനെറ്റ് എന്ന പ്രഖ്യാപനത്തോടെയാണ് ഒന്നാം പിണറായി സർക്കാർ കെ- ഫോൺ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. കേരളത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ അതിവേഗം കെ ഫോൺ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും നടന്നില്ല. പലവിധ തടസ്സങ്ങളിൽപെട്ട് പദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. എന്നാൽ ഈ പദ്ധതിക്ക് കേന്ദ്രത്തിൽ നിന്നും അനുമതി ലഭിച്ചത് പിണറായി സർക്കാരിന്റെ രണ്ടാം വരവിലാണ്.

പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് കെ ഫോൺ പദ്ധതിയുടെ ആസൂത്രണം, നിർവഹണം, നിയന്ത്രണം, സംഭരണം, മോണിറ്ററിംഗ് എന്നീ ചുമതലകളെല്ലാം തന്നെ നിർവഹിക്കുന്നത്. കൊച്ചി ഇൻഫോപാർക്കിലെ നെറ്റ്വർക്ക് ഓപ്പറേറ്റിംഗ് സെന്ററാണ് കെ ഫോണിന്റെ നട്ടെല്ല് അഥവാ സെന്റർ ഹബ്ബ്. സെക്കൻഡിൽ 20 എംബിപിഎസ് വേഗത്തിൽ ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നു. കെഫോൺ എന്നത് ഒരു സേവന ദാതാവല്ല, മറിച്ച് വെൻഡർ ന്യൂട്രൽ ഫൈബർ നെറ്റ്വർക്ക് ആണെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.

സ്കൂളുകൾ, ആശുപത്രികൾ, ഓഫീസുകൾ കൂടാതെ മുപ്പതിനായിരത്തോളം സർക്കാർ സ്ഥാപനങ്ങളിലും ഈ കെ ഫോൺ പദ്ധതിയിലൂടെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. കൂടാതെ പൊതുജനങ്ങൾക്കായി സംസ്ഥാനത്താകെ 2,000 വൈഫൈ സ്പോട്ടുകളാണ് പദ്ധതിയുടെ കീഴിൽ ഒരുങ്ങുക. എന്നാൽ റേഷൻ കടകൾ, സപ്ലൈകോ ഔട്ലെറ്റുകൾ, കേരള ബാങ്ക് പോലുള്ള മറ്റ് സ്ഥാപനങ്ങളിലും വാണിജ്യ അടിസ്ഥാനത്തിൽ മാത്രമെ ഇൻ്റർനെറ്റ് കണക്ഷൻ ലഭിക്കുകയുള്ളൂ.

ഈ പദ്ധതി നടപ്പാകുന്നതോടെ ഇൻ്റർനെറ്റ് സേവന ദാദാക്കളുടെ കുത്തകവൽക്കരണമാണ് ഇല്ലാതാകുന്നത്. അമിതമായി ചാർജ് ഈടാക്കി സാധാരണക്കാരെ പിഴിയുന്ന ടെലിക്കോം കമ്പനികൾക്ക് ഇത് വലിയ തിരിച്ചടിയാകും. ടെലികോം മേഖലയിലെ കോർപ്പറേറ്റ് ശക്തികൾക്കെതിരെയുള്ള ഇടതു സർക്കാന്റെ ജനകീയ ബദലാണ് കെ ഫോണെന്ന് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടികാട്ടിയിരുന്നു.

നിലിവിൽ കെ ഫോൺ ലഭിച്ചവർ

പണം അടച്ച് ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കാൻ കഴിയാത്ത പാവപ്പെട്ട മനുഷ്യർ ധാരാളമുള്ള നാടാണ് നമ്മുടെ കേരളം. സംസ്ഥാനത്തെ ആദിവാസി മേഖലകളിലെല്ലാം സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് കെ ഫോൺ കണക്ഷൻ ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം കോട്ടൂർ മേഖലയിൽ രണ്ട് ആദിവാസി ഊരുകളിലായി 93 കുടുംബങ്ങൾക്കാണ് നിലവിൽ കണക്ഷൻ നൽകിയിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കിയത്. ഇത്തരത്തിൽ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് മറ്റ് കുടുംബങ്ങൾക്കും കണക്ഷൻ നൽകാനാണ് സർക്കാർ പ​ദ്ധതിയിടുന്നത്. ഇതുവരെ സംസ്ഥാനത്ത് 75,000 കണക്ഷനുകളാണ് നൽകിയിരിക്കുന്നത്. 2025 കഴിയുമ്പോഴേക്കും ആകെ കണക്ഷനുകൽ രണ്ടര ലക്ഷത്തിൽ അധികമാക്കാനാണ് സർക്കാർ നിലവിൽ ലക്ഷ്യമിടുന്നത്.

കെ ഫോൺ പദ്ധതിക്കായി എങ്ങനെ അപേക്ഷിക്കാം?

കെ ഫോൺ പദ്ധതിയിലൂടെ എങ്ങനെ ഇൻ്റർനെറ്റ് സേവനം സ്വന്തമാക്കാം എന്നത് പലരുടെ സംശയമാകാം. നേരിട്ടും വിവിധ സർവീസ് പ്രൊവൈഡർമാർ മുഖേനയുമാണ് കണക്ഷനുകൾ ലഭ്യമാകുന്നത്. ഇതിൽ കേരളാ വിഷൻ പങ്കാളിയാണ്. വിവിധ മേഖലകളിലായി പ്രവർത്തിക്കുന്ന കേബിൾ ടിവി ഓപ്പറേറ്റർമാർ വഴിയും കണക്ഷനുകൾ ഉപയോക്താക്കൾക്ക് വാങ്ങാനാവും. കെഫോൺ മൊബൈൽ ആപ്ലിക്കേഷൻ വഴി കെഫോൺ വരിക്കാരാകാനും നിങ്ങൾക്ക് സാധിക്കും. ഇതിൻ്റെ അപ്ലീക്കേഷൻ പ്ലേസ്റ്റോറിലും ആപ്പ്സ്റ്റോറിലും ലഭ്യമാണ്.

കെഫോണിന്റെ ഔദ്യേ​ഗിക വെബ്‌സൈറ്റിലൂടെയും നിങ്ങളുടെ വിവരങ്ങൾ നൽകി വരിക്കാരാവാൻ കഴിയും. നിങ്ങൾ ആദ്യമായാണ് കെ ഫോൺ വരിക്കാരാവുന്നതെങ്കിൽ ആവശ്യമായ വിവരങ്ങൾ നൽകിയാൽ അധികൃതർ നിങ്ങളുമായി ബന്ധപ്പെടും. എല്ലാവിധ കെവൈസി മാനദണ്ഡങ്ങളും പൂർത്തിയാക്കിയതിന് ശേഷം കണക്ഷൻ ലഭിക്കുന്നതാണ്. എന്നാൽ 18 വയസ് പ്രായമായവരുടെ പേരിൽ വേണം അക്കൗണ്ട് ആരംഭിക്കാൻ.

സൗജന്യ കെ ഫോൺ കണക്ഷനുള്ള മാർഗനിർദേശങ്ങൾ

കെ ഫോൺ പദ്ധതിയിലൂടെ സൗജന്യ ഇന്റർനെറ്റ് കണക്ഷനായി 14,000 ബിപിഎൽ കുടുംബങ്ങളെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഓരോ നിയമസഭ മണ്ഡലത്തിലും 100 വീതം കുടുംബങ്ങൾക്കാണ് ആദ്യം കണക്ഷൻ ലഭിക്കുക. സ്ഥലം എംഎൽഎ നിർദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ ഒന്നോ തൊട്ടടുത്തുള്ള ഒന്നിലധികം വാർഡുകളിൽ നിന്നോ മുൻഗണനാടിസ്ഥാനത്തിലാകും ഇൻ്റർനെറ്റ് സേവനം നൽകാനുള്ള കുടുംബങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. കെ ഫോൺ കണക്ടിവിറ്റി ഉള്ളതും, പട്ടികവർഗ-പട്ടികജാതി ജനസംഖ്യ കൂടുതലുള്ളതുമായ വാർഡാണ് ഇതിനായി പരിഗണിക്കുന്നത്.

മാർഗനിർദേശങ്ങൾ

  • മണ്ഡലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ ബിപിഎൽ വിഭാഗത്തിൽപ്പെട്ടതും സ്‌കൂൾ വിദ്യാർഥികൾ ഉള്ളതുമായ പട്ടികവർഗ കുടുംബങ്ങൾക്കാണ് ആദ്യം പരിഗണന നൽകുക.
  • ബിപിഎൽ വിഭാഗത്തിൽപ്പെട്ട, സ്‌കൂൾ വിദ്യാർഥികളുള്ള പട്ടികജാതി കുടുംബങ്ങളെ ഇതിന് ശേഷം പരിഗണിക്കും.
  • ബിപിഎൽ വിഭാഗത്തിൽപ്പെട്ട, കോളേജ് വിദ്യാർഥികളുള്ള പട്ടികവർഗ-പട്ടികജാതി കുടുംബങ്ങൾക്കാണ് പിന്നീടുള്ള പരിഗണന.
  • ബിപിഎൽ വിഭാഗത്തിൽപ്പെട്ട, സ്‌കൂൾ വിദ്യാർഥികളുള്ള, കുടുംബത്തിലെ കുറഞ്ഞത് ഒരാൾക്കെങ്കിലും 40 ശതമാനമോ അതിലധികമോ അംഗവൈകല്യമുള്ളതുമായ കുടുംബങ്ങൾക്ക് പിന്നീട് പരിഗണന നൽകും.
  • ബിപിഎൽ വിഭാഗത്തിൽപ്പെട്ടതും സ്‌കൂൾ വിദ്യാർഥികളുള്ളതുമായ മറ്റെല്ലാ കുടുംബങ്ങളെയും ഇതിന് പിന്നാലെ പരിഗണിക്കും.
  • മുൻഗണനാക്രമത്തിൽ ഈ 5 വിഭാഗത്തിലെ ഏത് വിഭാഗത്തിൽ വെച്ച് 100 ഗുണഭോക്താക്കൾ തികയുന്നുവോ, ആ വിഭാഗത്തിലെ മുഴുവൻ ആളുകളെയും ഉൾക്കൊള്ളിച്ച് കെ ഫോൺ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കും.

 

Related Stories
Uma Thomas Health Update: എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്ന് മാറ്റി
Kerala Lottery Results: ഇന്നത്തെ 80 ലക്ഷം ആർക്ക്? കാരുണ്യ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
KFON Plans : കെ ഫോണിനെക്കുറിച്ച് അറിയാം, പക്ഷേ, പ്ലാനുകളെക്കുറിച്ചോ ? സംഭവം സിമ്പിളാണ്‌; 299 മുതല്‍ 14,988 രൂപ വരെയുള്ള പ്ലാനുകള്‍ ഇങ്ങനെ
Death: തെങ്ങ് കടപുഴകി വീണു, പെരുമ്പാവൂരിൽ അഞ്ച് വയസുകാരന് ദാരുണാന്ത്യം
Kochi Metro: അമ്പട ജിഞ്ചിനാക്കടി! വെയർ ഈസ് മെെ ട്രെയിൻ ആപ്പിൽ കൊച്ചി മെട്രോയുടെ സമയവും, കയ്യടിച്ച് യാത്രക്കാർ
Christmas New Year Bumper 2025: 20 കോടിയുടെ ഭാ​ഗ്യം പോക്കറ്റിലിരിക്കും! സംസ്ഥാനത്ത് കുതിച്ചുയർന്ന് ക്രിസ്തുമസ് – ന്യൂഇയർ ബമ്പർ വിൽപ്പന
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?