V Sivankutty: കായികമേളയിൽ ജനറൽ സ്കൂൾ, സ്പോർട്സ് സ്കൂൾ വേർതിരിവില്ല; വിദ്യാഭ്യാസ മന്ത്രി
Education Minister V Sivankutty: 39 കായിക ഇനങ്ങളിലാണ് പൊതു വിദ്യാഭ്യാസ വകുപ്പ് മത്സരം നടത്തുന്നത്. ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ലയെ കണക്കാക്കുന്നതിൽ ഒരുമിച്ച് മത്സരിക്കുന്ന കുട്ടികളെ സ്പോർട്സ് സ്കൂൾ എന്നോ ജനറൽ സ്കൂൾ എന്നോ വേർതിരിച്ച് കണക്കാക്കുന്നില്ല. അത്‌ലറ്റിക്സ് എന്ന കായിക ഇനത്തിൽ മാത്രം വേർതിരിവ് നൽകുവാൻ സാധിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി പ്രതികരിക്കവെ പറഞ്ഞു.
കൊച്ചി: ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന കായികമേളയിൽ ജനറൽ സ്കൂൾ, സ്പോർട്സ് സ്കൂൾ വേർതിരിവുകൾ ഇല്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി (Minister V Sivankutty). സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപനച്ചടങ്ങിൽ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
സംസ്ഥാന സ്കൂൾ കായികമേളയിൽ സ്പോർട്സ് സ്കൂൾ, ജനറൽ സ്കൂൾ, സ്പോർട്സ് ഡിവിഷൻ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, സ്പോർട്സ് അക്കാദമികൾ എന്ന വ്യത്യാസം കൂടാതെയാണ് എല്ലാം കുട്ടികളും പങ്കെടുക്കുന്നത്. ഈ സാഹചര്യത്തിൽ സ്കൂളുകളെ വേർതിരിച്ച് സമ്മാനം നൽകുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.
മികച്ച കായിക പ്രതിഭകളെ കണ്ടെത്തുകയും അവരെ ഭാവിയിലെ മികച്ച കായിക താരങ്ങളായി വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് സംസ്ഥാന കായികമേളയിലൂടെ പൊതു വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻകാലങ്ങളിൽ സ്പോർട്സ് ഡിവിഷനുകളും ജനറൽ സ്കൂളുകളും വേർതിരിച്ച് മത്സരം നടത്തിയിരുന്നത് ഏകീകരിച്ചിരിക്കുന്നത്.
അതിനാൽ തന്നെ വീണ്ടും സ്പോർട്സ് സ്കൂൾ, ജനറൽ സ്കൂൾ എന്നിങ്ങനെ സ്കൂളുകളെ വേർതിരിക്കുക ഉചിതമല്ല. സ്പോർട്സിൻ്റെ മികവിനാണ് പ്രാധാന്യം നൽകേണ്ടത്. മികവിന് മറ്റു രീതിയിലുള്ള വേർതിരിവുകൾ കൊണ്ടുവരുന്നത് കായിക വളർച്ചയ്ക്ക് ഗുണകരമല്ല എന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ വിലയിരുത്തൽ.
39 കായിക ഇനങ്ങളിലാണ് പൊതു വിദ്യാഭ്യാസ വകുപ്പ് മത്സരം നടത്തുന്നത്. ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ലയെ കണക്കാക്കുന്നതിൽ ഒരുമിച്ച് മത്സരിക്കുന്ന കുട്ടികളെ സ്പോർട്സ് സ്കൂൾ എന്നോ ജനറൽ സ്കൂൾ എന്നോ വേർതിരിച്ച് കണക്കാക്കുന്നില്ല. അത്‌ലറ്റിക്സ് എന്ന കായിക ഇനത്തിൽ മാത്രം വേർതിരിവ് നൽകുവാൻ സാധിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി പ്രതികരിക്കവെ പറഞ്ഞു.
കായികമേളയിൽ പോയന്റ് നൽകിയതിലെ തർക്കമാണ് സമാപനച്ചടങ്ങിലെ സംഘർഷത്തിൽ കലാശിച്ചത്. വിദ്യാർഥികളും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു. സമാപന ചടങ്ങിൽ പങ്കെടുക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, കായിക മന്ത്രി വി അബ്ദുൾ റഹ്മാൻ എന്നിവർ വേദിയിലെത്തിയിരുന്നു.
സ്കൂളുകളുടെ വിഭാഗത്തിൽ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസ് ആണ്. ഔദ്യോഗിക സൈറ്റിലെ പോയിന്റ് ടേബിളിൽ 44 പോയിന്റോടെ തിരുന്നാവായ നവാമുകുന്ദ എച്ച്എസ്എസും 43 പോയിന്റോടെ കോതമംഗലം മാർ ബേസിലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. എന്നാൽ, ഇവർക്കു പകരം സ്പോർട്സ് സ്കൂളായ ജിവി രാജയ്ക്ക് രണ്ടാം സ്ഥാനം നൽകി എന്ന ആക്ഷേപമാണ് ഉയരുന്നത്. ഇതാണ് ഒടുവിൽ സംഘർഷത്തിലേക്ക് നയിച്ചത്.
വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരുമടക്കം സംഭവത്തിൽ പ്രതിഷേധിച്ചു. ‘മാധ്യമങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ കാണിച്ചു തന്നേനേ’, എന്ന് വിദ്യാർഥികളെ പോലീസ് ഭീഷണിപ്പെടുത്തിയതായും പോലീസ് മർദ്ദിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്.