MS Solutions CEO: ചോദ്യപേപ്പർ ചോർച്ച; MS സൊല്യൂഷൻസ് CEO, എം ഷുഹൈബിനായി ലുക്ക്ഔട്ട് നോട്ടീസ്
MS Solutions CEO Shuhaib: വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റ് സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ പ്രവർത്തനങ്ങളും ക്രെെംബ്രാഞ്ച് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
കോഴിക്കോട് : പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ നിർണായക നീക്കവുമായി ക്രെെംബ്രാഞ്ച്. ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ക്രെെംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇയാൾ വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായില്ല,. ഈ സാഹചര്യത്തിൽ ഷുഹെെബ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹെെബ്, സ്ഥാപനത്തിലെ രണ്ട് അധ്യാപകർ എന്നിവരോടാണ് ഇന്നലെ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രെെംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെ ഷുഹെെബിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ കോടതി ഈ മാസം 31-ലേക്ക് മാറ്റി. താൻ ചോദ്യക്കടലാസ് ചോർത്തിയിട്ടില്ലെന്നും പ്രവചനം മാത്രമാണ് നടത്തിയതെന്നും ചൂണ്ടിക്കാട്ടിയാണ് ഷൂഹെെബ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഒളിവിൽ കഴിയുന്ന ഷുഹെെബിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് ക്രെെംബ്രാഞ്ച്.
ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതും ഷുഹെെബിനെ കേസിൽ പ്രതി ചേർത്തതും. വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെെലം ഉൾപ്പെടെയുള്ള മറ്റ് സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ പ്രവർത്തനങ്ങളും ക്രെെംബ്രാഞ്ച് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നേരത്തെ അന്വേഷണ സംഘം ഷുഹെെബിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ എം എസ് സൊല്യൂഷന്റെ ഓഫീസിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത മൊബൈലിലെ ഡാറ്റ ഫോർമാറ്റ് ചെയ്ത നിലയിലാണ്. ചോദ്യപേപ്പർ ചോർച്ചയിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് വീഡിയോ നിർമ്മിക്കാൻ ഉപയോഗിച്ച ലാപ്ടോപ്പ് ഉൾപ്പെടെ പിടിച്ചെടുത്തത്.
എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയ്ക്ക് എംഎസ് സൊല്യൂഷൻ പരീക്ഷയ്ക്ക് മുന്നോടിയായി യുട്യൂബ് ക്ലാസിലൂടെ പ്രവചിച്ച പാഠ ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ വന്നെന്ന് ആയിരുന്നു ആരോപണം. 40 മാർക്കിന്റെ പരീക്ഷയിൽ 32 മാർക്കിന്റെ ചോദ്യങ്ങൾ എംഎസ് സൊല്യൂഷൻ പറഞ്ഞത് അനുസരിച്ചായിരുന്നു വന്നതെന്നായിരുന്നു ആരോപണം. പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുമായി സഹകരിക്കുന്നുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം, കുറ്റക്കാരെന്ന് കണ്ടെത്തുന്ന അധ്യാപകർക്കെതിരെ കർശന നടപടിയുമായി മുന്നോട്ടു പോകാനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. സ്കൂൾ പിടിഎകളോട് സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ വിവരങ്ങൾ പങ്കുവയ്ക്കാനും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചിട്ടുണ്ട്.