Cochin Carnival 2025: കൊച്ചിയില്‍ ഇത്തവണ പാപ്പാഞ്ഞിയെ കത്തിക്കില്ല; ആഘോഷ പരിപാടികളും റദ്ദാക്കിയതായി കാര്‍ണിവല്‍ കമ്മിറ്റി
Cochin Carnival 2025 Programs Cancelled: 50 അടിയുള്ള പാപ്പാഞ്ഞിയെയാണ് പരേഡ് മൈതാനത്ത് കത്തിക്കാറുള്ളത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് ഡിസംബര്‍ എട്ടിനായിരുന്നു തുടക്കമായത്. ഡിസംബര്‍ 15ന് വാസ്‌കോ ഡ ഗാമ സ്‌ക്വയറില്‍ കാര്‍ണിവലിന്റെ പതാക ഉയര്‍ത്തി. പിന്നീട് 20 മുതലാണ് വിവിധ ആഘോഷ പരിപാടികള്‍ ആരംഭിച്ചത്.
കൊച്ചി: കൊച്ചിന്‍ കാര്‍ണിവലിനോട് അനുബന്ധിച്ച് നടത്താറുള്ള എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കിയതായി കാര്‍ണിവല്‍ കമ്മിറ്റി. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ജനുവരി ഒന്ന് വരെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടത്. ആഘോഷ പരിപാടികളോടൊപ്പം ഡിസംബര്‍ 31ന് പരേഡ് മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങും ഒഴിവാക്കിയിട്ടുണ്ട്.
50 അടിയുള്ള പാപ്പാഞ്ഞിയെയാണ് പരേഡ് മൈതാനത്ത് കത്തിക്കാറുള്ളത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് ഡിസംബര്‍ എട്ടിനായിരുന്നു തുടക്കമായത്. ഡിസംബര്‍ 15ന് വാസ്‌കോ ഡ ഗാമ സ്‌ക്വയറില്‍ കാര്‍ണിവലിന്റെ പതാക ഉയര്‍ത്തി. പിന്നീട് 20 മുതലാണ് വിവിധ ആഘോഷ പരിപാടികള്‍ ആരംഭിച്ചത്.
പള്ളത്ത് രാമന്‍ മൈതാനം, പരേഡ് മൈതാനം, വാസ്‌കോ ഡ ഗാമ സ്‌ക്വയര്‍, നെഹ്‌റു പാര്‍ക്ക്, ബാസ്റ്റിന്‍ ബംഗ്ലാവ്, ദ്രോണാചാര്യ മൈതാനം, മുണ്ടംവേലി നഗരസഭ മൈതാനം എന്നിവിടങ്ങിലായി ഡിജെ, ഗാനമേള, മെഗാഷോ, മ്യൂസിക് ഫെസ്റ്റ്, കരോക്കെ, നാടന്‍ പാട്ട്, നാടകം തുടങ്ങി നിരവധി പരിപാടികളായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. ദിവസങ്ങളായി വിവിധ മത്സരങ്ങളും കാര്‍ണിവലിന്റെ ഭാഗമായി നടന്നുവരികയായിരുന്നു.
Also Read: KSRTC: ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷം; അധിക സർവ്വീസുമായി കെഎസ്ആർടിസി
അതേസമയം, കൊച്ചി വെളി മൈതാനിയിലെ പാപ്പാഞ്ഞിയെ കത്തിക്കും. ഗാലാഡി ഫോര്‍ട്ട് കൊച്ചി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വെള ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കുന്നത്. നേരത്തെ സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കുന്നത് പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ക്ലബ്ബ് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയുമായിരുന്നു.
പരേഡ് ഗ്രൗണ്ടിന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള വെളി ഗ്രാണ്ടില്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നത് അപകടമാണെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു.
പാപ്പാഞ്ഞിക്ക് ചുറ്റും 72 അടി ദൂരത്തില്‍ സുരക്ഷാ വേലി കെട്ടണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 42 അടി ഉയരമുള്ള പാപ്പാഞ്ഞിയെയാണ് വെളി മൈതാനത്ത് കത്തിക്കുന്നത്. മൂന്ന് ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് പാപ്പാഞ്ഞിയെ നിര്‍മ്മിക്കുന്നത്.