5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Muthalapozhi Fishing Harbour: മുതലപ്പൊഴി ഫിഷിം​ഗ് ഹാർബറിന് കേന്ദ്ര അനുമതി; 177 കോടിയുടെ പദ്ധതിയെന്ന് കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ

Fishing Harbour In Muthalapozhi: മുതലപ്പൊഴിയിലെ കാലാവസ്ഥാ വ്യതിയാനം നേരിടാൻ ആറുവില്ലേജുകൾക്ക് 2 കോടി രൂപ വീതം അനുവദിച്ചെന്നും ജോർജ്ജ് കുര്യൻ പറഞ്ഞു.

Muthalapozhi Fishing Harbour: മുതലപ്പൊഴി ഫിഷിം​ഗ് ഹാർബറിന് കേന്ദ്ര അനുമതി; 177 കോടിയുടെ പദ്ധതിയെന്ന് കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ
Image Credits: George Kurian Facebook Page
athira-ajithkumar
Athira CA | Published: 27 Oct 2024 17:43 PM

തിരുവനന്തപുരം: മുതലപ്പൊഴി ഫിഷിം​ഗ് ഹാർബറിന് കേന്ദ്ര സർക്കാരിന്റെ അനുമതി. 177 കോടി രൂപ അനുവദിച്ചുവെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ സഹമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. കേരള സർക്കാർ സമർപ്പിച്ച പുതിയ ഡി.പി.ആറിൻ്റെ അടിസ്ഥാനത്തിലാണ് ഹാർബർ വികസനത്തിന് അനുമതി നൽകിയിരിക്കുന്നത്. 177 കോടിയിൽ 106.2 കോടി കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (PMMSY) വഴിയാണ് നൽകുന്നത്. സംസ്ഥാനത്തിന്റെ വിഹിതം 70.80 കോടിയാണ്.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മുതലപ്പൊഴി ഹാർബറിൽ 415 ബോട്ടുകൾ അടുപ്പിക്കാൻ കഴിയും. ഇതിലൂടെ പ്രതിവർഷം 38142 മെട്രിക് ടൺ മത്സ്യം ഇറക്കുമതി ചെയ്യാൻ സാധിക്കും.ഏകദേശം 10,000-തിൽ അധികം ആളുകൾക്ക് നേരിട്ടും അല്ലാതെയും പദ്ധതിയുടെ ​ഗുണം ലഭിക്കും. കാലാവസ്ഥാ വ്യതിയാനം നേരിടാൻ ആറുവില്ലേജുകൾക്ക് 2 കോടി രൂപ വീതം അനുവദിച്ചെന്നും മന്ത്രി അറിയിച്ചു.

ഫിഷിം​ഗ് ഹാർബർ പദ്ധതിയിൽ കരയിലേയും കടലിലെയും അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടുന്നു. ഇതിൽ 164 കോടി രൂപ ചെലവഴിച്ചു പുലിമുട്ട് വിപുലീകരണം, ഇൻ്റേണൽ റോഡ് നവീകരണം, പാർക്കിംഗ് ഏരിയ, പുതിയ ഡ്രെയിനേജ്, ലോഡിംഗ് ഏരിയ നവീകരണം, വാർഫ് വിപുലീകരണം, ലേല ഹാൾ, ഓവർഹെഡ് വാട്ടർ ടാങ്ക് നിർമ്മാണം, തൊഴിലാളികളുടെ വിശ്രമകേന്ദ്രം, കടകൾ, ഡോർമിറ്ററി, ഗേറ്റ്, ലേല ഹാൾ, ലാൻഡ്‌സ്‌കേപ്പിംഗ്, നിലവിലുള്ള ഘടനകളുടെ നവീകരണം, വൈദ്യുതീകരണം, യാർഡ് ലൈറ്റിംഗ്, പ്രഷർ വാഷറുകൾ, ക്ലീനിംഗ് ഉപകരണങ്ങൾ, നിരീക്ഷണ സംവിധാനം സ്ഥാപിക്കൽ, നാവിഗേഷൻ ലൈറ്റ്, മെക്കാനിക്കൽ കൺവെയർ സിസ്റ്റം & ഓട്ടോമേഷൻ മുതലായവയ്ക്കായി നീക്കിവയ്ക്കും. 13 കോടി സ്മാർട്ട്-ഗ്രീൻ തുറമുഖം തീരദേശ സംരക്ഷണം എന്നിവക്കായി ഉപയോഗിക്കും.

മുതലപ്പൊഴി തുറമുഖത്തിൻ്റെ വിപുലീകരണ പദ്ധതി ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. മുതലപ്പൊഴിയിൽ ആവർത്തിച്ചുള്ള അപകടസാദ്ധ്യതകൾ പരിഹരിക്കുന്നതിനായി പൂനെയിലെ CWPRS (CENTRAL WATER AND POWER RESEARCH STATION) ശാസ്ത്രീയവും ഗണിതശാസ്ത്ര മാതൃകാ പഠനങ്ങളിലൂടെ തിരമാല പരിവർത്തനം, തീരത്തെ മാറ്റങ്ങൾ, ഹൈഡ്രോഡൈനാമിക്സ്, സെഡിമെൻ്റേഷൻ എന്നിവ നിരീക്ഷിച്ചതിന് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്രസർക്കാർ അനുമതി നൽകിയ പദ്ധതി കേരള സർക്കാരാണ് നടപ്പാക്കുക.

കേരള സർക്കാരാണ് പദ്ധതിയുടെ പരിസ്ഥിതി ആഘാത വിലയിരുത്തൽ (EIA ) പഠനം നടത്തിയത്. മുതലപ്പൊഴി ഹാർബറിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികളും മുൻകരുതലുകളും സ്വീകരിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്രം സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. പദ്ധതിയിലൂടെ മത്സ്യബന്ധന അധിഷ്ഠിത വ്യവസായങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മത്സ്യബന്ധന വ്യാപാരവും സാമ്പത്തിക പ്രവർത്തനങ്ങളും ത്വരിതപ്പെടുത്തുകയും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

Latest News