Bomb threat: കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം; 24 മണിക്കൂറിനിടെ 11 വിമാന സര്‍വീസുകൾക്ക് ഭീഷണി; വലഞ്ഞ് വിമാനക്കമ്പനികൾ
ഇന്ന് രാത്രി കൊച്ചിയിൽ നിന്ന് ബെംഗളുരുവിലേക്ക് പുറപ്പെടുന്ന അലയൻസ് എയർ വിമാനത്തിനാണ് ഭീഷണി. സംഭവത്തെ തുടർന്ന് വിമാനത്തിൽ പരിശോധന കൂട്ടി.
കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കൊച്ചി വിമാനത്താവളത്തിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇന്ന് രാത്രി കൊച്ചിയിൽ നിന്ന് ബെംഗളുരുവിലേക്ക് പുറപ്പെടുന്ന അലയൻസ് എയർ വിമാനത്തിനാണ് ഭീഷണി. സംഭവത്തെ തുടർന്ന് വിമാനത്തിൽ പരിശോധന കൂട്ടി. വിമാനത്തിൽ പോകേണ്ട യാത്രക്കാരെ ദേഹപരിശോധനക്ക് വിധേയമാക്കി. കൂടാതെ വിമാനത്തിനകത്തും പരിശോധന കൂടുതലാക്കി. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഭീഷണി വന്നത്. . തുടർന്നാണ് പരിശോധന നടന്നത്.
24 മണിക്കൂറിനിടെ 11 വിമാന സര്‍വീസുകൾക്ക് നേരെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ കൂടുതൽ ഗൗരവമായാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കണക്കാക്കുന്നത്. അതേസമയം, രാജ്യത്ത് ബോംബ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ വിമാന കമ്പനികളുടെ സിഇഓമാരുമായി ദില്ലിയിൽ യോഗം പുരോഗമിക്കുകയാണ്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷനാണ് സിഇഒമാരെ ദില്ലിക്ക് വിളിപ്പിച്ചത്. എയർ ഇന്ത്യയുടെ മൂന്നു വിമാനങ്ങൾക്കും ഇൻഡിഗോയുടെ അഞ്ചു വിമാനങ്ങൾക്കും ഭീഷണി സന്ദേശം ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ചയ്ക്കുശേഷം 40 വ്യാജ ഭീഷണി സന്ദേശങ്ങളാണ് ആഭ്യന്തര, രാജ്യാന്തര വിമാനങ്ങൾക്ക് ലഭിച്ചത്.
Also read-Bomb threat : വ്യാജബോംബ് ഭീഷണി; വിമാനക്കമ്പനികൾക്ക് നഷ്ടം 3 കോടി
ശനിയാഴ്ച രാവിലെ ജയ്പൂര്‍- ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് പുറപ്പെടാന്‍ വൈകി. ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍നിന്നു ലണ്ടനിലേക്കുള്ള വിസ്താര വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ടു. ന്യൂജഴ്സിയിൽനിന്ന് മുംബൈയിലേക്കുള്ള വിമാനം സുരക്ഷാപരിശോധനകൾ കാരണം മൂന്നു മണിക്കൂറോളം വൈകി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്–ജയ്പുർ വിമാനത്തിനും വിസ്താരയുടെ ഉദയ്പുർ–മുംബൈ വിമാനത്തിനും ഭീഷണി സന്ദേശം ലഭിച്ചു.