Baby Found In Ammathottil: ക്രിസ്മസ് മിറക്കിൾ: അമ്മത്തൊട്ടിലിൽ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ്; പേരുകൾ ക്ഷണിച്ച് മന്ത്രി
Baby Girl Found In Ammathottil On Christmas Day : തിരുവനന്തപുരത്തെ അമ്മത്തൊട്ടിൽ മൂന്ന് ദിവസം പ്രായമുള്ള പെൺകുഞ്ഞ്. ക്രിസ്മസ് ദിനത്തിലാണ് കുഞ്ഞിനെ ലഭിച്ചത്. മന്ത്രി വീണ ജോർജ് കുഞ്ഞിന് പറ്റിയ പേരുകൾ ക്ഷണിച്ചു.
ക്രിസ്മസ് ദിനത്തിൽ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ മൂന്ന് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ലഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മന്ത്രിയുടെ പോസ്റ്റ്. ക്രിസ്മസ് (Christmas) ദിനത്തിൽ ലഭിച്ച പെൺകുഞ്ഞിന് പറ്റിയ പേരുകൾ പൊതുജനങ്ങളിൽ നിന്ന് മന്ത്രി ക്ഷണിച്ചിട്ടുണ്ട്. നിരവധി ആളുകൾ പേരുകൾ നിർദ്ദേശിച്ചു.
മന്ത്രി വീണാ ജോർജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ന് ക്രിസ്തുമസ് ദിനത്തിൽ പുലർച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ 3 ദിവസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ലഭിച്ചു. ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചത്. ഈ മകൾക്ക് നമുക്കൊരു പേരിടാം. പേരുകള്‍ ക്ഷണിച്ചു കൊള്ളുന്നു.
ഈ പോസ്റ്റിൻ്റെ കമൻ്റ് ബോക്സിൽ നിരവധി ആളുകളാണ് കുഞ്ഞിനുള്ള പേര് നിർദ്ദേശിച്ചത്. അരുന്ധതി ( നക്ഷത്രങ്ങളുടെ രാജ്ഞി), ഇസബെൽ, അതിഥി, നതാലിയ (ക്രിസ്മസ് ദിനത്തിൽ ജനിച്ച പെൺകുഞ്ഞിൻ്റെ ലാറ്റിൻ പേര്), ജോയ്, കരോൾ, ഒലിവിയ, എമ്മ, നക്ഷത്ര, താര, ഏയ്ഞ്ചൽ, ഹിമ, സ്റ്റെല്ല, മറിയം തുടങ്ങി മനോഹരമായ നിരവധി പേരുകളാണ് ആളുകൾ നിർദ്ദേശിച്ചിരിക്കുന്നത്.’
ഇന്നാണ് ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്നത്. ക്രിസ്തു വർഷം നാലാം നൂറ്റാണ്ട് മുതലാണ് ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിക്കാൻ തുടങ്ങിയതെന്നാണ് ചരിത്രം. ക്രിസ്തുമതം സ്വീകരിച്ച മാറിയ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ഡിസംബർ 25 ക്രിസ്മസായി ആഘോഷിക്കണമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പുൽക്കൂടൊരുക്കുകയും നക്ഷത്ര വിളക്ക് തൂക്കുകയും ചെയ്യുന്നു. കരോൾ ഗാനം പാടി ക്രിസ്മസിനെ വരവേൽക്കുകയും ക്രിസ്മസ് ദിനത്തിൽ വീടുകളിൽ കുടുംബം ഒത്തുകൂടുകയും ചെയ്യും. ക്രിസ്മസ് ട്രീ, കേക്ക് തുടങ്ങി വിവിധ പതിവുകളാണ് ക്രിസ്മസിനുള്ളത്.
ക്രിസ്മസിനെ വരവേറ്റ് കൊച്ചി മെട്രോ
ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ അധിക സർവീസുകൾ പ്രഖ്യാപിച്ചു. കൊച്ചി മെട്രോ സർവീസുകളുടെ സമയത്തിലും ക്രമീകരണം വരുത്തിയിട്ടുണ്ട്. തിരക്ക് അധികമായ വൈകുന്നേരങ്ങളിൽ അധികമായി 10 സർവീസുകൾ നടത്തും. അതേസമയം പുതുവത്സരദിനത്തിൽ പുലർച്ചെ വരെയാവും സർവീസ്. 15 മിനിറ്റ് ഇടവിട്ട് വാട്ടർ മെട്രോ ഹൈകോർട്ട് – ഫോർട്ട് കൊച്ചി റൂട്ടിൽ നടത്തുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ 30 മിനിറ്റ് ഇടവേളകളിലാണ് വാട്ടർ മെട്രോ സർവീസുകൾ നടത്തുന്നത്. പുതുവത്സര ദിനത്തിലെ അവസാന സർവീസ് തൃപ്പൂണിത്തുറയിൽ നിന്ന് പുലർച്ചെ 1.30നും അലുവയിൽ നിന്ന് 1.45 നും ആയിരിക്കും. ജനുവരി നാലാം തീയതിവരെയാണ് ഇത്തരത്തിൽ അധിക സർവീസുകളുള്ളത്. ക്രിസ്മസ് – പുതുവത്സര സമയം പരിഗണിച്ച് കേരളത്തിലേക്ക് 49 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ അനുവദിച്ചിട്ടുണ്ട്. കേരളത്തിലേക്കും കേരളത്തിന് പുറത്തേക്ക് പ്രത്യേക സർവീസുകളുണ്ടാവും.