'ഫണ്ട് പിരിവ് നടത്തിയെന്ന് തെളിഞ്ഞാൽ എന്നെ കല്ലെറിഞ്ഞ് കൊല്ലാം; യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് പോസ്റ്റ് ചെയ്യും'; ആരോപണങ്ങൾ തള്ളി മനാഫ് | Arjun Rescue Mission Manaf Dismisses Allegations Made By Arjuns Family Against Him Malayalam news - Malayalam Tv9

Arjun Rescue Mission : ‘ഫണ്ട് പിരിവ് നടത്തിയെന്ന് തെളിഞ്ഞാൽ എന്നെ കല്ലെറിഞ്ഞ് കൊല്ലാം; യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് പോസ്റ്റ് ചെയ്യും’; ആരോപണങ്ങൾ തള്ളി മനാഫ്

Published: 

02 Oct 2024 17:51 PM

Arjun Rescue Manaf Dismisses Allegations : അർജുൻ്റെ കുടുംബത്തിൻ്റെ ആരോപണങ്ങൾ തള്ളി മനാഫ്. ഫണ്ട് പിരിവ് നടത്തിയെന്നത് തെളിയിക്കാനായാൽ തന്നെ കല്ലറിഞ്ഞ് കൊല്ലാം. അർജുൻ്റെ കുടുംബത്തെ ഇപ്പോഴും തൻ്റെ കുടുംബമായി കാണുന്നു എന്നും മനാഫ് പറഞ്ഞു.

Arjun Rescue Mission : ഫണ്ട് പിരിവ് നടത്തിയെന്ന് തെളിഞ്ഞാൽ എന്നെ കല്ലെറിഞ്ഞ് കൊല്ലാം; യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് പോസ്റ്റ് ചെയ്യും; ആരോപണങ്ങൾ തള്ളി മനാഫ്

മനാഫ് (Image Courtesy - Social Media)

Follow Us On

അർജുൻ്റെ കുടുംബം തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ തള്ളി മനാഫ്. ഫണ്ട് പിരിവ് നടത്തിയിട്ടില്ല. മറിച്ച് തെളിയിക്കാനായാൽ തന്നെ പൊതുമധ്യത്തിൽ കല്ലെറിഞ്ഞ് കൊല്ലാം. അർജുൻ്റെ മൃതദേഹം ലഭിച്ചതിന് ശേഷം യൂട്യൂബ് ചാനലിൽ ഒന്നും പോസ്റ്റ് ചെയ്തിരുന്നില്ല. ഇനി താൻ ചാനലിൽ വീണ്ടും വിഡിയോകൾ പോസ്റ്റ് ചെയ്യുമെന്നും മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഞാനെവിടെയെങ്കിലും ഫണ്ട് പിരിച്ചതായിട്ട് നിങ്ങളറിഞ്ഞാൽ ഞാൻ നടുറോഡിൽ വന്ന് നിൽക്കാം. നിങ്ങൾക്കെന്നെ കല്ലെറിഞ്ഞ് കൊല്ലാം. ഞാനത് ചെയ്തിട്ടില്ല. തെളിയിക്കാമെങ്കിൽ തെളിയിക്കൂ. 2000 രൂപയുമായി പോയെന്ന് പറഞ്ഞത്, ഒരു ഉസ്താദ് കുടുംബത്തെ കാണാൻ പോയതാണ്. അപ്പോ സാധാരണ കുട്ടികൾക്ക് കീശയിലെന്തെങ്കിലും ഇട്ടുകൊടുക്കില്ലേ മുതിർന്ന ആളുകൾ. ആ ഇട്ടുകൊടുത്തതാണ്. 2000 രൂപ കൊണ്ടുകൊടുക്കാൻ പോകുന്ന ഒരാളാണ് മനാഫെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? എന്താണങ്ങനെ പറഞ്ഞതെന്നറിയില്ല.

Also Read : Arjune Rescue : ‘മനാഫിന് വേണ്ടത് മാധ്യമശ്രദ്ധ; അർജുൻ്റെ പേരിൽ പണം പിരിക്കുന്നു’; ആരോപണവുമായി കുടുംബം

എനിക്ക് നിരന്തരം ഫോൺ വന്നുകൊണ്ടിരിക്കുന്നു. ഞാൻ എടുക്കാറില്ല. ഞാൻ യൂട്യൂബ് ചാനൽ തുടങ്ങിയത് എൻ്റെ ആവശ്യത്തിനാണ്. അർജുൻ്റെ വിഷയത്തിന് ശേഷം ഞാൻ ഒന്നും ചാനലിൽ ഇട്ടിട്ടില്ല. ഇനി ഞാനത് വീണ്ടും ഉഷാറാക്കും. ആരുടെയും തറവാട് സ്വത്തൊന്നുമല്ലല്ലോ. ലോറിയ്ക്ക് അർജുൻ്റെ പേര് തന്നെ ലോറിയ്ക്കിടും. ഞാൻ വേറെ ലെവലാ. എനിക്ക് ആരെയും പേടിയില്ല. ഈ വൈകാരികത വച്ചിട്ടാണ് ജനഹൃദയങ്ങളിലേക്ക് അർജുൻ എത്തിയത്.

എൻ്റെ ഫാമിലിയായി ഞാനവരെ കണ്ടതിൽ എന്താണ് തെറ്റ്. അമ്മ എൻ്റെ അമ്മയാണ്. അർജുൻ്റെ കുടുംബത്തെ എൻ്റെ കുടുംബമായാണ് കാണുന്നത്. അവർ ഇപ്പോൾ എന്തെങ്കിലും പറഞ്ഞോട്ടെ. അവർക്ക് ഒരു ആവശ്യം വന്നാൽ ഞാൻ ഒപ്പമുണ്ടാവും. യൂട്യൂബ് ചാനലിൽ അമ്മയുമായി അഭിമുഖം നടത്തിയിട്ടില്ല. യൂട്യൂബ് ചാനൽ തുടങ്ങുന്നത് തെറ്റാണോ? എൻ്റെ വീടിൻ്റെ മുറ്റത്ത് അർജുൻ്റെ ബൈക്കുണ്ടായിരുന്നു. അത് ഞാനൊരു യൂട്യൂബർക്ക് കാണിച്ചുകൊടുത്തു.

അവർക്ക് തെളിയിക്കാൻ പറ്റുമെങ്കിൽ ആരോപണങ്ങൾ തെളിയിക്കട്ടെ. അങ്ങനെ ആരോടെങ്കിലും പണം വാങ്ങിയെന്ന് കണ്ടെത്തിയാൽ ആളുകൾക്ക് എന്നെ കല്ലെറിഞ്ഞ് കൊല്ലാമെന്നും മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

മനാഫിന് വേണ്ടത് മാധ്യമശ്രദ്ധയാണെന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം. അർജുൻ്റെ പേരിൽ മനാഫ് പണം പിരിക്കുകയാണ്. കുടുംബത്തിൻ്റെ വൈകാരികതയെ ചൂഷണം ചെയ്തു. അർജുന് 75000 രൂപ ശമ്പളമുണ്ടെന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിച്ചു. അതിൻ്റെ പേരിൽ തങ്ങൾ സൈബർ ആക്രമണം നേരിടുകയാണ്. അർജുൻ്റെ മകനെ തൻ്റെ നാലാമത്തെ കുട്ടിയായി വളർത്തുമെന്ന് അദ്ദേഹം പറഞ്ഞത് ഭാര്യ കൃഷ്ണപ്രിയയ്ക്ക് മാനസികബുദ്ധിമുട്ടുണ്ടാക്കി.

അർജുൻ്റെ ബൈക്ക് വീട്ടിലെടുത്തുവച്ചിരിക്കുകയാണ് മനാഫ്. ഞങ്ങൾ പണം കൊടുത്ത് നന്നാക്കിച്ച വണ്ടിയാണ് അത്. താനാണ് ഇത് ശരിയാക്കിയെടുത്തത് എന്നൊക്കെ പറഞ്ഞിട്ടാണ് മനാഫ് ബൈക്ക് വീട്ടിലെടുത്ത് വച്ചിരിക്കുന്നത്. അമ്മയുടെ വികാരത്തെ ഇവർ പലതരത്തിൽ ചൂഷണം ചെയ്തു. അദ്ദേഹത്തിന് യൂട്യൂബ് ചാനലുണ്ട്. മനാഫ് യൂട്യൂബ് പോസ്റ്റ് ചെയ്യുന്ന വിഡിയോകൾ ഞങ്ങളെ ബാധിക്കുന്നുണ്ട്. മനാഫിനെതിരെ പരാതിനൽകാൻ കാർവാർ എസ്പി ആവശ്യപ്പെട്ടിട്ടും ഞങ്ങൾ അത് ചെയ്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.

Also Read : Arjun Rescue Mission: ‘ഞാൻ വണ്ടിക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത് എന്നാണ് എല്ലാവരും പറഞ്ഞത്, എനിക്ക് വണ്ടി വേണ്ട’; കണ്ണീരോടെ മനാഫ്‌

ഷിരൂരിലെ ഗംഗാവാലിപ്പുഴയിൽ നിന്ന് സെപ്തംബർ 26നാണ് അർജുൻ ഓടിച്ചിരുന്ന ലോറി കണ്ടെടുത്തത്. ലോറിയുടെ ക്യാബിനിലായിരുന്നു അർജുൻ്റെ മൃതദേഹം. ജൂലൈ 16 നാണ് ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുനെയും അർജുൻ ഓടിച്ചിരുന്ന ലോറിയെയും കാണാതായത്. രാവിലെ 8.45 ഓടെയായിരുന്നു മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍ നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളും മണ്ണിനടിയിൽ പെട്ടു. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേരാണ് ആദ്യം അപകടത്തിൽ മരിച്ചത്. ആദ്യം കരയിൽ ലോറിയുണ്ടാവുമെന്ന് കരുതി മണ്ണ് മാറ്റി പരിശോധിച്ചെങ്കിലും ലോറി കിട്ടിയില്ല. തുടർന്നാണ് ഗംഗാവാലിപ്പുഴയിലേക്ക് ലോറി മറിഞ്ഞിട്ടുണ്ടാവാമെന്ന കണക്കുകൂട്ടലുണ്ടാവുന്നത്. പിന്നാലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാല്പെ അടക്കമുള്ളവർ തിരച്ചിലിനെത്തി.

കാണാതായതിന്റെ 72ആം ദിവസം ലോറി ലഭിച്ചു. ഉച്ചയ്ക്ക് 2 മണിയോടെ നാവികസേന അടയാളപ്പെടുത്തിയ സിപി 2 പോയിന്റിൽ നിന്നാണ് ഭാരത് ബെൻസ് ലോറി ലഭിച്ചത്. തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ സെപ്തംബർ 27ന് മൃതദേഹം അർജുൻ്റേത് തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ അർജുൻ്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ആശ്വാസധനം നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു.

 

രാവിലെ ഈന്തപ്പഴം ചൂടുവള്ളെത്തിലിട്ട് കഴിച്ചു നോക്കൂ...
കറിവേപ്പില കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
കുട്ടികളിലെ കാഴ്ചവൈകല്യത്തിന് ഇലക്കറി ശീലമാക്കാം
മണത്തിൽ മാത്രമല്ല ഗുണത്തിലും മുന്നിലാണ് ഗ്രാമ്പൂ
Exit mobile version