Arjun Rescue Mission: അര്‍ജുനായി തിരച്ചില്‍ തുടരും; ഗംഗാവലിയില്‍ പുഴയില്‍ നേവി പ്രാഥമിക പരിശോധന ആരംഭിച്ചു
Arjun Rescue Mission Latest Updates: ഇനിയും തീരുമാനമുണ്ടായില്ലെങ്കില്‍ അര്‍ജുന്റെ ഭാര്യയെയും അമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും കൂട്ടി ഷിരൂരിലേക്ക് പോകാനാണ് തീരുമാനം. അനാസ്ഥ കണ്ടുനില്‍ക്കാന്‍ സാധിക്കുന്നില്ല. നോട്ടുകളുടെ കാരണം പറഞ്ഞ് തിരച്ചില്‍ വൈകിപ്പിക്കുകയാണ്.
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ വീണ്ടും ആരംഭിക്കുമെന്ന് സൂചന. ഗംഗാവലി പുഴയില്‍ നാവിക സേന പ്രാഥമിക പരിശോധന നടത്തി. വെള്ളത്തിന്റെ ഒഴുക്ക് ഉള്‍പ്പെടെ സംഘം പരിശോധിച്ചു. അടിയൊഴുക്ക് കുറഞ്ഞാല്‍ പുഴയിലിറങ്ങിയുള്ള തിരച്ചില്‍ ആരംഭിക്കാനാണ് നീക്കമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ കര്‍ണാടക സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.
തിരച്ചില്‍ വൈകുന്നതിനെതിരെ അര്‍ജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തിരച്ചില്‍ വീണ്ടും ആരംഭിക്കുന്നതിനായി കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ് നാവിക സേന പരിശോധന നടത്തിയത്. കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം തുടരുന്നുണ്ടെന്നും തിരച്ചില്‍ തുടരുമെന്ന് കര്‍ണാടക ഉറപ്പുനല്‍കിയിട്ടുണ്ടെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.
അര്‍ജുനായുള്ള തിരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി സമരമിരിക്കുമെന്ന് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇനിയും തീരുമാനമുണ്ടായില്ലെങ്കില്‍ അര്‍ജുന്റെ ഭാര്യയെയും അമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും കൂട്ടി ഷിരൂരിലേക്ക് പോകാനാണ് തീരുമാനം. അനാസ്ഥ കണ്ടുനില്‍ക്കാന്‍ സാധിക്കുന്നില്ല. നോട്ടുകളുടെ കാരണം പറഞ്ഞ് തിരച്ചില്‍ വൈകിപ്പിക്കുകയാണ്.
ഈശ്വര്‍ മല്‍പെയെ തങ്ങളല്ല നിര്‍ബന്ധിച്ചത്. അദ്ദേഹം സ്വമേധയ തിരച്ചില്‍ നടത്താന്‍ തയാറായി വന്നപ്പോള്‍ ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കിയില്ല. കാലാവസ്ഥ അനുകൂലമായിരിക്കുകയാണ്. എന്നിട്ടും ഈശ്വര്‍ മല്‍പെയെ തിരച്ചില്‍ നടത്താന്‍ അനുവദിക്കുന്നില്ല. അര്‍ജുന് പകരം മന്ത്രി പുത്രന്മാര്‍ ആയിരുന്നുവെങ്കില്‍ അവസ്ഥ ഉണ്ടാകില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ ആരോ തെറ്റിധരിപ്പിക്കുകയാണ്. മഴ ഇല്ലാതിരിന്നിട്ടും കാലാവസ്ഥ അനുകൂലമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തിരച്ചിലിന് യാതൊരു വിധ ഏകോപനവും നടക്കുന്നില്ല. എങ്ങനെയാണ് ഉപമുഖ്യമന്ത്രി ഇതെല്ലാം റയുന്നതെന്ന് മനസിലാകുന്നില്ല. നാല് നോട്ട് ആയാല്‍ സേനയെ ഇറക്കാമെന്നാണ് ആദ്യം പറഞ്ഞത് എന്നാല്‍ പ്പാള്‍ പറയുന്നു രണ്ട് നോട്ട് ആയാലെ തിരച്ചില്‍ ആരംഭിക്കാനാകുവെന്ന്. വൈരുധ്യമായ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ ആരോപിച്ചിരുന്നു.
പുഴയുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്, എന്നിട്ടും തിരച്ചില്‍ തുടങ്ങാത്തത് എന്ത് കൊണ്ടാണെന്ന് അറിയില്ല. വയനാട് ദുരന്തം ഉണ്ടായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലില്‍ അല്‍പം മന്ദഗതി ഉണ്ടായി. അപ്പോള്‍ സര്‍ക്കാര്‍ വീണ്ടും സജീവമായി ഇടപെടുന്നുണ്ടെന്നും ജിതിന്‍ പറഞ്ഞിരുന്നു.
അതേസമയം, അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയക്ക് കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കില്‍ ജോലി നല്‍കും. ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരം ബാങ്ക് അധികൃതര്‍ കുടംബത്തെ അറിയിച്ചു. ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ താത്കാലികമായാണ് നിയമനം. പിന്നീട് സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ച് സ്ഥിരപ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു.
ഇതിനിടെ തിരച്ചില്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അര്‍ജുന്റെ കുടുംബത്തെ രേഖാമൂലം അറിയിച്ചിരുന്നു. അര്‍ജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചിട്ട് ഒരാഴ്ചയിലേറെയായി. തിരച്ചില്‍ പുനരാരംഭിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
അതേസമയം, അപകടത്തിന് പിന്നാലെ അടച്ചിട്ടിരുന്ന ദേശീയപാത വാഹനങ്ങള്‍ക്ക് വേണ്ടി തുറന്നുകൊടുത്തിരുന്നു. ജൂലൈ പതിനാറിനാണ് ഷിരൂരില്‍ വന്‍ മണ്ണിടിച്ചിലില്‍ ഉണ്ടായത്. ശേഷം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരം ദേശീയപാതയിലെ ഗതാഗതം നിരോധിച്ചിരുന്നു.
നിയന്ത്രണങ്ങളോടെയാണ് നിലവില്‍ ദേശീയപാത തുറന്ന് കൊടുത്തിരിക്കുന്നത്. 20 കിലോമീറ്റര്‍ വേഗതയില്‍ മാത്രമാണ് ഗതാഗതത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ഇതിനായി സൂചന ബോര്‍ഡുകളും സിഗ്‌നല്‍ ലൈറ്റുകളും ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്. കുന്നില്‍നിന്ന് വരുന്ന വെള്ളം നദിയിലേക്ക് ഒഴുക്കി വിടുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ ഭാഗത്ത് റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചിലില്‍ മൂന്ന് ടാങ്കറുകളും ഒരു ലോറിയും ഒരു കാറും അപകടത്തില്‍പ്പെട്ടിരുന്നുവെന്നാണ് വിവരം. അവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും പ്രവര്‍ത്തിച്ചിരുന്ന ഒരു ചായക്കടയും ഉള്‍പ്പെടെ അപകടത്തില്‍ പൂര്‍ണമായും നശിച്ചിരുന്നു. പുഴയിലേക്കാണ് ഇവയൊക്കെയും മണ്ണിനോടൊപ്പം ഒഴുകിപോയത്. ഈ സാഹചര്യത്തിലാണ് റോഡരികില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.