Kerala Governor : ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും; രാജേന്ദ്ര അർലേക്കർ കേരളത്തിലേക്ക്
Arif Muhammed Khan Appointed As Bihar Governor : കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി. കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും. രാജേന്ദ്ര വിശ്വനാഥ് കേരള ഗവര്‍ണറാകും.
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി. കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരള ഗവര്‍ണറാകും. ഒഡീഷ ഗവര്‍ണറായിരുന്ന രഘുബര്‍ ദാസിന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുര്‍മു സ്വീകരിച്ചു. മിസോറാം ഗവര്‍ണറായിരുന്ന ഡോ. ഹരി ബാബു കമ്പംപതിയെ പുതിയ ഒഡീഷ ഗവര്‍ണറായും രാഷ്ട്രപതി നിയമിച്ചു. ജനറല്‍ ഡോ. വിജയ് കുമാര്‍ സിംഗ് ആണ് പുതിയ മിസോറാം ഗവര്‍ണര്‍. ആഭ്യന്തര സെക്രട്ടറിയായിരുന്ന അജയ് കുമാര്‍ ഭല്ലയാണ് പുതിയ മണിപ്പൂര്‍ ഗവര്‍ണര്‍. ചുമതല ഏറ്റെടുക്കുന്ന തീയതി മുതല്‍ പുതിയ ഗവര്‍ണര്‍മാരുടെ നിയമനം പ്രാബല്യത്തിലാകുമെന്ന് രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കി.
പി. സദാശിവത്തിന്റെ പിന്‍ഗാമി
2019 സെപ്തംബര്‍ ഒന്നിനാണ് ആരിഫ് മുഹമ്മദ് ഖാനെ അന്നത്തെ രാഷ്ട്രപതിയായിരുന്ന രാം നാഥ് കോവിന്ദ് കേരള ഗവര്‍ണറായി നിയമിച്ചത്. പി. സദാശിവത്തിന്റെ പിന്‍ഗാമിയായി 2019 സെപ്തംബര്‍ ആറിന് അദ്ദേഹം കേരള ഗവര്‍ണറായി ചുമതലയേറ്റു. കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് കേരള ഗവര്‍ണര്‍ പദവിയില്‍ അദ്ദേഹം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരുമായുള്ള ഭിന്നത തുടരുന്നതിനിടെയാണ് അദ്ദേഹത്തെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചത്. ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഗവര്‍ണറെ മാറ്റിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.
ആരാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ?
നിയുക്ത കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഗോവ സ്വദേശിയാണ്. കേരളത്തിന്റെ 23-ാമത് ഗവര്‍ണറായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. ബിഹാര്‍ ഗവര്‍ണറാകുന്നതിന് മുമ്പ് അദ്ദേഹം ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും പ്രവര്‍ത്തിച്ചിരുന്നു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറാകുന്ന ആദ്യ ഗോവ സ്വദേശിയും അര്‍ലേക്കറായിരുന്നു. ബിജെപി നേതാവായ ഇദ്ദേഹം ഗോവ സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോവ നിയമസഭയുടെ മുന്‍ സ്പീക്കറായിരുന്നു.
1989ലാണ് അര്‍ലേക്കര്‍ ബിജെപിയില്‍ ചേരുന്നത്. പാര്‍ട്ടിയുടെ ഗോവയിലെ ജനറല്‍ സെക്രട്ടറി, ഗോവ ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ചെയർമാൻ, ഗോവ എസ്‌സി & പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2014ല്‍ മനോഹര്‍ പരീക്കര്‍ കേന്ദ്രമന്ത്രിയായപ്പോള്‍, അര്‍ലേക്കറെ ഗോവയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. പിന്നീട് ലക്ഷ്മികാന്ത് പര്‍സേക്കറെ മുഖ്യമന്ത്രിയായി പാര്‍ട്ടി തിരഞ്ഞെടുക്കുകയായിരുന്നു.
Read Also : അല്ലു അർജുൻ്റെ ജാമ്യം റദ്ദാക്കും ? ഹൈദരാബാദ് പോലീസിൻ്റെ തീരുമാനം
2002-2007, 2012-2017 കാലഘട്ടങ്ങളിലാണ് അദ്ദേഹം എംഎല്‍എയായത്. 2012 മുതല്‍ 2015 വരെ സ്പീക്കറായി. 2015ലെ മന്ത്രിസഭ പുനഃസംഘടനയില്‍ അദ്ദേഹത്തെ സംസ്ഥാന വനം-പരിസ്ഥിതി മന്ത്രിയായി നിയമിച്ചു. 2021 ജൂലൈ 6 ന് ആണ് അദ്ദേഹത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചത്.
2021 ജൂലൈ 13ന് അദ്ദേഹം ഹിമാചല്‍ പ്രദേശില്‍ ഗവര്‍ണറായി ചുമതലയേറ്റു. 2023 ഫെബ്രുവരി 16 വരെ അദ്ദേഹം ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി തുടര്‍ന്നു. തുടര്‍ന്നാണ് ബിഹാര്‍ ഗവര്‍ണറായി നിയമിതനായത്. ഒടുവില്‍ ഇപ്പോള്‍ നിയുക്ത കേരള ഗവര്‍ണറുമായി.