5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amoebic Meningoencephalitis: അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയില്‍ കഴിഞ്ഞ പതിനാലുകാരന്‍ മരിച്ചു

Amoebic Meningoencephalitis 14 Year Old Boy Died: കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അടച്ചിരുന്നു. കുളത്തില്‍ കുളിച്ച് ആറ് ദിവസത്തിന് ശേഷമാണ് കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി.

Amoebic Meningoencephalitis: അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയില്‍ കഴിഞ്ഞ പതിനാലുകാരന്‍ മരിച്ചു
Amoebic Meningoencephalitis Image: Social Media
shiji-mk
Shiji M K | Published: 04 Jul 2024 06:15 AM

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പതിനാലുവയസുകാരന്‍ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുല്‍ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. കഴിഞ്ഞ മാസം 24നാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാമനാട്ടുകര നഗരസഭയുടെ പരിധിയിലുള്ള അച്ഛന്‍ കുളത്തില്‍ കുളിച്ചതിന് പിന്നാലെയാണ് മൃദുലിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.

കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അടച്ചിരുന്നു. കുളത്തില്‍ കുളിച്ച് ആറ് ദിവസത്തിന് ശേഷമാണ് കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. കണ്ണൂര്‍ തോട്ടട സ്വദേശി പതിമൂന്നുവയസുള്ള ദക്ഷിണ ജൂണ്‍ 12നാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ജനുവരിയില്‍ സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയിരുന്നു. ഈ സമയത്ത് പൂളില്‍ നിന്ന് കുളിച്ചതാണ് രോഗം വരാന്‍ കാരണമായത്. അഞ്ചോ ആറോ ദിവസത്തിനുള്ളിലാണ് സാധാരാണഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുള്ളത്. എന്നാല്‍ ദക്ഷിണയില്‍ മൂന്നരമാസത്തിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.

Also Read: Kerala Police Transfer: പോലീസ് തലപ്പത്ത് അഴിച്ചുപണി; പല പ്രമുഖ ഐ.പി.എസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ചികിത്സയിലിരിക്കെ അഞ്ചുവയസുകാരിയും മരണത്തിന് കീഴടങ്ങിയിരുന്നു. മലപ്പുറം മൂന്നിയൂര്‍ സ്വദേശി ഫദ്വയായിരുന്നു മരിച്ചത്. വീടിനടുത്തുള്ള കടലുണ്ടി പുഴയില്‍ പുഴയില്‍ കുളിച്ചതാണ് ഈ കുട്ടിയില്‍ രോഗം വരുന്നതിന് കാരണം.

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം?

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌കജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇവ ജീവിക്കുന്നത്. മൂക്കിലെ നേര്‍ത്ത പാളിയിലൂടെയാണ് അമീബ മനുഷ്യശരീരത്തിലേക്ക് കടക്കുന്നത്. തുടര്‍ന്ന് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയും ചെയ്യുന്നു.

അമീബ തലച്ചോറിലേക്ക് പ്രവേശിക്കുമ്പോള്‍ മസ്തിഷ്‌കത്തിലെ കോശങ്ങളെ വലയം ചെയ്യുകയും പിന്നീട് അവയെ വിഴുങ്ങുകയുമാണ് ഉണ്ടാകുന്നത്. തുടര്‍ന്ന് നീര്‍ക്കെട്ട് വരികയും ഇത് ഗുരുതരമാകുമ്പോഴാണ് ഒടുവില്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്നത്. ജപ്പാന്‍ ജ്വരം, നിപ്പ തുടങ്ങിയ രോഗങ്ങളും മൂര്‍ച്ഛിക്കുന്നതോടെ മസ്തിഷ്‌ക ജ്വരമാകുകയാണ് ചെയ്യുന്നത്.

രോഗ ലക്ഷണങ്ങള്‍

അണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒമ്പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ പുറത്തുവരുന്നത്. കഠിനമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. രോഗം ഗുരുതരമാകുന്നതോടെ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും. നട്ടെല്ലില്‍ നിന്നും കുത്തിയെടുക്കുന്ന സ്രവം പരിശോധിച്ചാണ് രോഗനിര്‍ണയം നടത്തുന്നത്.

Also Read: Thiruvalla Municipality: റീലുണ്ടാക്കാൻ, ഒരു ഞായറാഴ്ച പൗരന്‌ അവകാശമുണ്ടെന്ന് കളക്ടർബ്രോ; നടപടിയില്ലെന്ന് മന്ത്രി, തിരുവല്ലയിലെ റീലിൽ ചർച്ച

എങ്ങനെ പ്രതിരോധിക്കാം?

കെട്ടികിടക്കുന്ന കുളങ്ങളിലോ കുളിക്കാന്‍ പോകുന്നവര്‍ സുരക്ഷിതരായിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാനമാര്‍ഗം. കായലുകളിലും നദികളിലും ചൂടുനീരുറവകളിലും നീന്തുന്നത് കഴിവതും ഒഴിവാക്കുക. കുളങ്ങളും കിണറുകളും ക്ലോറിനേറ്റ് ചെയ്യുക. അമീബ മൂക്കിലൂടെ പ്രവേശിക്കുന്നു എന്നതിനാല്‍ നീന്തുമ്പോള്‍ നോസ് ക്ലിപ് ധരിക്കാന്‍ ശ്രമിക്കുക.

വെള്ളത്തില്‍ ഏറെ നേരം മുങ്ങിക്കിടക്കുന്നത് ഒഴിവാക്കുക. കൂടാതെ നീന്തലിനു ശേഷം വൃത്തിയായി കുളിക്കാന്‍ മറക്കരുത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടുക. സ്വയം ചികിത്സ അരുത്.