Amoebic Encephalitis: അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
Amoebic Encephalitis in Kozhikode: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച 13 വസുകാരിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് പൂളില്‍ കുളിച്ചതാണ് രോഗബാധയ്ക്ക് കാരണമായതെന്ന് പ്രാഥമിക നിഗമനം.
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ഒരു കുട്ടി കൂടി ചികിത്സയില്‍. തിക്കോടി സ്വദേശിയായ പതിനാലുകാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. പയ്യോളി നഗരസഭയിലെ കാട്ടുംകുളത്തില്‍ കുളിച്ചശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുളം ശുചീകരിച്ചിട്ടുണ്ട്. കുളത്തിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു.
നേരത്തെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 12 വയസുകാരന്‍ ചികിത്സയില്‍ കഴിയുകയാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് ഫാറൂഖ് കോളേജിനടത്തുള്ള അച്ചന്‍കുളത്തില്‍ കുളിച്ചതിന് ശേഷമാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ഫറോക്ക് മുനിസിപ്പാലിറ്റി കുളം അടച്ചു. കുളത്തില്‍ കുളിച്ച് ആറ് ദിവസത്തിന് ശേഷമാണ് കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്.
Also Read: Shornnur-Kannur Train Service: യാത്രാതിരക്ക് കുറയുമോ…?; ഷൊർണൂർ – കണ്ണൂർ പാസഞ്ചർ സർവീസ് ഇന്നു മുതൽ
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച 13 വസുകാരിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് പൂളില്‍ കുളിച്ചതാണ് രോഗബാധയ്ക്ക് കാരണമായതെന്ന് പ്രാഥമിക നിഗമനം.
അതേസമയം, സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്ന സാഹചര്യത്തില്‍ പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജനങ്ങളില്‍ അവബോധം ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ അല്ലെങ്കില്‍ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് പ്രവേശിക്കുന്നത്.
അതുകൊണ്ട് ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കെട്ടികിടക്കുന്ന വെള്ളത്തിലും കുളത്തിലും കുളിക്കരുത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം?
നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌കജ്വരം എന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത പാളിയിലൂടെ മനുഷ്യശരീരത്തില്‍ കടന്ന് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കും.
അമീബ തലച്ചോറിലേക്ക് പ്രവേശിക്കുമ്പോള്‍ മസ്തിഷ്‌കത്തിലെ കോശങ്ങളെ ഇത് വലയം ചെയ്യും. പിന്നീട് അവയെ വിഴുങ്ങുകയുമാണ് ചെയ്യുന്നത്. തുടര്‍ന്ന് നീര്‍ക്കെട്ട് വരികയും ഇത് ഗുരുതരമാകുമ്പോഴാണ് ഒടുവില്‍ മസ്തിഷ്‌ക മരണം സംഭവിക്കുക. ജപ്പാന്‍ ജ്വരം, നിപ്പ പോലുള്ള രോഗങ്ങളില്‍ രോഗം കൂടി അത് പിന്നീട് മസ്തിഷ്‌ക ജ്വരമാകുകയാണ് ചെയ്യുന്നത്.
രോഗ ലക്ഷണങ്ങള്‍
അണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒമ്പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ പുറത്തുവരുന്നത്. കഠിനമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിച്ചാണ് രോഗനിര്‍ണയം നടത്തുന്നത്.
എങ്ങനെ പ്രതിരോധിക്കാം?
കെട്ടികിടക്കുന്ന കുളങ്ങളിലോ കുളിക്കാന്‍ പോകുമ്പോള്‍ സുരക്ഷിതരായി ഇരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് പ്രധാനമായും ഈ രോഗത്തിനുള്ള പ്രതിരോധം. കായലുകളിലും നദികളിലും ചൂടുനീരുറവകളിലും നീന്തുന്നത് കഴിവതും ഒഴിവാക്കുക. കുളങ്ങളും കിണറുകളും ക്ലോറിനേറ്റ് ചെയ്യുക. ഈ ബാക്ടീരിയ മൂക്കിലൂടെ പ്രവേശിക്കുന്നതിനാല്‍ നീന്തുമ്പോള്‍ നോസ് ക്ലിപ് ധരിക്കാന്‍ ശ്രമിക്കുക.
വെള്ളത്തില്‍ ഏറെ നേരം മുങ്ങിക്കിടക്കുന്നത് ഒഴിവാക്കുക. കൂടാതെ നീന്തലിനു ശേഷം വൃത്തിയായി കുളിക്കാന്‍ മറക്കരുത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടുക. സ്വയം ചികിത്സ അരുത്.