ADM Naveen Babu Death: ഒടുവിൽ ജയിലിലേക്ക്; പിപി ദിവ്യ റിമാന്റിൽ
PP Divya: പിപി ദിവ്യയെ പള്ളിക്കുന്നിലെ ജയിലിലേക്ക് മാറ്റും.
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ഉത്തരവാദി മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് പിപി ദിവ്യ റിമാൻഡിൽ. ദിവ്യയെ 14 ദിവസത്തേക്ക് മജിസ്ട്രേറ്റ് റിമാന്റ് ചെയ്തു. പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് പ്രതിയെ മാറ്റും. നവംബർ 12-ാം തീയതി വരെയാണ് റിമാന്‍ഡ് കാലാവധി. തളിപ്പറമ്പിലെ മജിസ്ട്രേറ്റിന്‍റെ ഔദ്യോഗിക വസതിയിൽ കനത്ത പൊലീസ് സുരക്ഷയോടെയാണ് ദിവ്യയെ ഹാജരാക്കിയത്. മജിസ്ട്രേറ്റിന്‍റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായി എത്തി. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അതേസമയം, നാളെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ പിപി ദിവ്യ ജാമ്യ ഹര്‍ജി നല്‍കും.
“കോടതിയിൽ ദിവ്യയുടെ നിരപരാധിത്വം തെളിയിക്കാനുള്ള ഒരുപിടി വാദങ്ങൾ ഇനിയും ഉയർത്താനുണ്ട്. ആ വാദങ്ങൾ കോടതിയിൽ വാദിക്കും. മാധ്യമ പ്രവർത്തകരോട് പറയേണ്ടത് ശരിയായ കാര്യമല്ല. നിയമപരമായ അച്ചടക്കത്തോടെ കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതാണ് നല്ലത്. നാളെ തലശ്ശേരി സെക്ഷൻസ് കോടതിയിൽ ജാമ്യ ഹർജി സമർപ്പിക്കും”. -ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു.
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ കണ്ണൂർ ടൗൺ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. രണ്ടാഴ്ചയോളമുള്ള വിവാദങ്ങള്‍ക്കും ഒളിവ് ജീവിതത്തിനും ശേഷമാണ് കണ്ണപുരത്ത് വച്ച് ദിവ്യ കീഴടങ്ങിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ദിവ്യയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കണ്ണപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് പ്രതിയെ വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്.
മുൻകൂർ ജാമ്യം തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവിൽ ദിവ്യയ്ക്കെതിരെ ഗൗരവതരമായ കണ്ടെത്തലുകളാണ് ഉള്ളത്. 38 പേജുള്ള ഉത്തരവാണ് ജാമ്യം തള്ളിക്കൊണ്ട് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ക്ഷണിക്കാതെ വന്ന് എഡിഎം നവീൻ ബാബുവിനെ അപമാനിക്കാൻ ശ്രമിച്ചു, നീക്കങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തു, പ്രാദേശിക മാധ്യമപ്രവർത്തകനെ കൊണ്ടുവന്ന് പ്രസംഗം റെക്കോർഡ് ചെയ്യിച്ച് പ്രചരിച്ചിച്ചു, പ്രവൃത്തിയുടെ പ്രത്യാഘാതം ദിവ്യ മനസ്സിലാക്കിയിരുന്നു, റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ പൊതു സമൂഹത്തിൽ അപമാനിക്കാനാണ് ശ്രമിച്ചത് എന്നുൾപ്പെടെയുള്ള നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. അഴിമതി അറിഞ്ഞെങ്കിൽ ദിവ്യയ്ക്ക് പൊലീസിനെയോ വിജിലൻസിനേയോ സമീപിക്കാമായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.
സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് പിപി ദിവ്യ. എഡിഎം നവീൻ ബാബു അഴിമതി ആരോപണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ .ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം പുറത്താക്കിയിരുന്നു. എഡിഎമ്മിന്റെ കുടുംബത്തിന്റെ പരാതിയിൽ ടൗൺ പൊലീസ് ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയായിരുന്നു പാർട്ടി നടപടി. കളക്ടറേറ്റിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ നവീൻ ബാബുവിന് നൽകിയ യാത്രയയപ്പിലായിരുന്നു ദിവ്യയുടെ അഴിമതി ആരോപണം.