ADM Naveen Babu Death: എഡിഎം നവീൻ ബാബുവിൻ്റെ മരണം; പി പി ദിവ്യയെ പോലീസ് ഇന്ന് ചോദ്യം ചെയ്തേക്കും
Kannur ADM Naveen Babu Death: ദിവ്യയെ പ്രതി ചേർത്ത് കണ്ണൂർ ടൗൺ പോലീസ് കോടതിയിൽ ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. കൂടുതൽ പേരെ പ്രതി ചേർക്കുന്ന കാര്യവും ആലോചനയിലുണ്ടെന്നാണ് വിവരം.
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ പോലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ദിവ്യയെ പ്രതിയാക്കിയിരിക്കുന്നത്. ദിവ്യയെ പ്രതി ചേർത്ത് കണ്ണൂർ ടൗൺ പോലീസ് കോടതിയിൽ ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. കൂടുതൽ പേരെ പ്രതി ചേർക്കുന്ന കാര്യവും ആലോചനയിലുണ്ടെന്നാണ് വിവരം.
ഇന്നലെ രാത്രി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് സിപിഎം നീക്കിയിരുന്നു. അതേസമയം പ്രശാന്തൻ ഉന്നയിച്ച കൈക്കൂലി പരാതിയിലും പമ്പ് അപേക്ഷ നൽകിയത് ഉൾപ്പെടെയുള്ള വിഷയങ്ങളിലും വിജിലൻസിന്റെ കോഴിക്കോട് യൂണിറ്റിന്റെ അന്വേഷണവും ഇന്ന് ആരംഭിക്കും.
കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെയാണ് താമസിച്ച വീട്ടിനുള്ളിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ ചെങ്ങളായിയിലെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ടായിരുന്നു പിപി ദിവ്യയുടം വിവാദ പരാമർശം. പരിയാരം മെഡിക്കൽ കോളേജിലെ കരാർ തൊഴിലാളിയായ പ്രശാന്താണ് പെട്രോൾ പമ്പ് തുടങ്ങാൻ അനുമതിക്കായി എഡിഎമ്മിനെ സമീപിച്ചത്. പെട്രോൾ പമ്പിന് എൻഒസി വേണമെന്നായിരുന്നു ആവശ്യം.
ALSO READ: നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദന; നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും’; പി.പി ദിവ്യ
എന്നാൽ പമ്പ് സ്ഥാപിക്കാൻ ഉദ്ദേശിച്ച സ്ഥലത്തോട് ചേർന്ന് റോഡിൽ വളവുണ്ടായിരുന്നതിനാൽ അതിന് അനുമതി നൽകുന്നതിന് പ്രയാസമുണ്ടായിരുന്നതായാണ് വിവരം. എന്നാൽ സ്ഥലംമാറ്റമായി കണ്ണൂർ വിടുന്നതിന് രണ്ട് ദിവസം മുൻപ് നവീൻ ബാബു പമ്പിന് എൻഒസി നൽകുകയും ചെയ്തു. ഇത് വൈകിപ്പിച്ചെന്നും പണം വാങ്ങിയാണ് അനുമതി നൽകിയതെന്നുമാണ് പിപി ദിവ്യ യാത്രയയപ്പ് ചടങ്ങിൽ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം രാവിലെ എഡിഎമ്മിനെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.
എന്നാൽ എഡിഎം നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ടെന്നും കുടുംബത്തിന്റെ സങ്കടത്തിൽ പങ്കുചേരുന്നുവെന്നും ദിവ്യ ഇന്നലെ പറഞ്ഞിരുന്നു. പോലീസ് അന്വേഷണവുമായി താൻ സഹകരിക്കുമെന്നും തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പിപി ദിവ്യ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു. ആരോപണത്തിനു പിന്നാലെ ദിവ്യ രാജിവെച്ചു. വാർത്താക്കുറിപ്പിലൂടെ ദിവ്യ തന്നെയാണ് രാജി വിവരം അറിയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കാൻ സിപിഎം തീരുമാനിച്ചതിന് പിന്നാലെയാണ് രാജിവെച്ചതായി ദിവ്യ അറിയിച്ചത്. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചതായും ദിവ്യ പറഞ്ഞു.