ADM Naveen Babu Death: ‘വിശ്വസിക്കാനാകുന്നില്ല നവീനേ, എന്നും ഞങ്ങൾക്ക് ഒരു ബലമായിരുന്നു’; നവീൻ ബാബുവിനെ കുറിച്ച് ദിവ്യ എസ് അയ്യർ
Divya S Iyyer IAS Shares a Sad Note on ADM Naveen Babu Demise: പത്തനംതിട്ടയിൽ കലക്ടറായി സേവനം അനുഷ്ഠിക്കുന്ന സമയത്ത് റാന്നി തഹസീൽദാർ എന്ന നിലയ്ക്ക് എന്നും ഞങ്ങൾക്ക് നവീൻ ഒരു ബലമായിരുന്നുവെന്ന് ദിവ്യ പറയുന്നു.
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി വിഴിഞ്ഞം ഡീപോർട്ട് എംഡി ദിവ്യ എസ് അയ്യർ. പത്തനംതിട്ടയിൽ കലക്ടറായി സേവനം അനുഷ്ഠിക്കുന്ന സമയത്ത് റാന്നി തഹസീൽദാർ എന്ന നിലയ്ക്ക് എന്നും ഞങ്ങൾക്ക് നവീൻ ഒരു ബലമായിരുന്നുവെന്ന് ദിവ്യ പറയുന്നു. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ദിവ്യ കുറിപ്പ് പങ്കുവെച്ചത്. ഏത് പാതിരാത്രിയിലും ഏത് വിഷയത്തിലും കർമ്മനിരതനായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് നവീനെന്നും ദിവ്യ പോസ്റ്റിൽ പറയുന്നു.
“പത്തനംതിട്ടയിൽ എന്റെ തഹസീൽദാരായി റാന്നിയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പകർത്തിയ ഈ ചിത്രത്തിൽ നിങ്ങൾ ആദരണീനായ റവന്യു മന്ത്രി കെ രാജൻ, റാന്നി എം എൽ എ പ്രമോദ് നാരായണൻ എന്നിവരെ തിരിച്ചറിയുന്നുണ്ടാകും. ആദ്യ ചിത്രത്തിൽ വലതുവശം എൻ്റെ പുറകെ ഇളം പച്ച ഷർട്ട് ഇട്ടു മാസ്ക് അണിഞ്ഞു നവീൻ നിൽപ്പുണ്ട്. രണ്ടാം ചിത്രത്തിലും പുറകിൽ പിങ്ക് ഷർട്ടും മാസ്കും അണിഞ്ഞു നവീൻ നിൽക്കുമ്പോൾ റവന്യു മന്ത്രി വിസിറ്റഴ്സ് നോട്ട് ഇൽ അഭിനന്ദനക്കുറിപ്പ് എഴുതുന്നു.
എന്നും ഞങ്ങൾക്ക് ഒരു ബലം ആയിരുന്നു തഹസീൽദാർ എന്ന നിലയിൽ റാന്നിയിൽ നവീന്റെ പ്രവർത്തനം. ഏതു പാതിരാത്രിയും, ഏതു വിഷയത്തിലും കർമ്മനിരതനായി, ഈ ചിത്രങ്ങളിൽ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീൻ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവർത്തകൻ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോർക്കുമ്പോൾ… ??അമ്മ മരണപ്പെട്ട തരുണത്തിൽ ഞാൻ നവീന്റെ വീട്ടിൽ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകൻ ആയിരുന്നു നവീൻ എന്നു അന്നു ഞാൻ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ല. ദുഃഖം പേറുവാൻ ഞങ്ങളും ഒപ്പമുണ്ട്.“- ദിവ്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ചൊവ്വാഴ്ച കാലത്താണ് കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവീനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ദിവ്യ നവീനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തന്റെ കൈവശമുണ്ടെന്നും, ആവശ്യമുള്ളപ്പോൾ പുറത്തുവിടുമെന്നും അവർ പറഞ്ഞിരുന്നു.