ADM Naveen Babu Death : നവീൻ ബാബുവിൻ്റെ ചേതനയറ്റ ശരീരത്തിന് മുമ്പിൽ വിതുമ്പിക്കരഞ്ഞ് ദിവ്യ എസ് അയ്യർ
ADM Naveen Babu Death Divya S Iyer IAS: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ പൊതുദർശന ചടങ്ങിൽ വിതുമ്പിക്കൊണ്ടാണ് ദിവ്യ എത്തിയത്.
പത്തനംതിട്ട: ഒറ്റക്കുടുംബമായാണ് ഞങ്ങൾ പ്രവർത്തിച്ചിരുന്നത്…. ഞങ്ങളറിഞ്ഞ മനുഷ്യനെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളൊന്നും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല…. ഒരു വീട്ടിൽ കഴിയുന്നത് പോലെയാണ് ഞങ്ങൾ സംസാരിച്ചിരുന്നതും ഭക്ഷണം കഴിച്ചിരുന്നതുമെല്ലാം…. മുൻ പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യരുടെ വാക്കുകളാണ് ഇത്.
കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ പൊതുദർശന ചടങ്ങിൽ വിതുമ്പിക്കൊണ്ടാണ് ദിവ്യ എത്തിയത്.
ഒരു മനുഷ്യനെ പോലും കുത്തിനോവിക്കാനാവാത്ത ആരോടും മുഖം കറുപ്പിക്കാനാവാത്ത എപ്പോഴും ഒരു ചെറിയ മന്ദസ്മിതത്തോടെ മാത്രമായിരുന്നു നവീനെ കണ്ടിരുന്നത്. കാസർകോട്ടേക്ക് ഡെപ്യൂട്ടി കളക്ടറായി പ്രൊമോഷൻ കിട്ടിയപ്പോൾ കലക്ടറേറ്റിൽ വെച്ചാണ് അവസാനമായി നവീനെ കാണുന്നത്. അന്ന് ഞങ്ങൾ ഒരുമിച്ച് ഫോട്ടോയൊക്കെ എടുത്തു, പിന്നെ കണ്ടിട്ടില്ല. മെസേജ് അയച്ചിരുന്നു. നവീൻ ഇനിയില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല” ദിവ്യയുടെ പ്രതികരണം ഇങ്ങനെ നീളുന്നു.
ഇതേ അവസ്തയിൽ തന്നെയാണ് പല സഹപ്രവർത്തകരും. വിങ്ങിപ്പൊട്ടിയാണ് പൊതു ദർശനത്തിന് സഹപ്രവർത്തകർ പലരുമെത്തിയത്. പത്തനംതിട്ട കളക്ടറേറ്റിൽ വികാരനിർഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ സഹപ്രവർത്തകന് അവർ നൽകിയത്. അവസാനമായി നവീനെ ഒരുനോക്ക് കാണാനെത്തിയ സുഹൃത്തുക്കളിൽ പലരും മൃതദേഹത്തിനടുത്തെത്തിയപ്പോൾ പൊട്ടിക്കരഞ്ഞു.
നവീൻ ബാബുവിന്റെ മരണമറിഞ്ഞ് ദിവ്യ എസ് അയ്യർ പങ്കുവെച്ച സോഷ്യൽ മീഡിയാ പോസ്റ്റിലും നവീനെപ്പറ്റി വികാര നിർഭരമായാണ് കുറിച്ചിരിക്കുന്നത്.
ALSO READ – ‘വിശ്വസിക്കാനാകുന്നില്ല നവീനേ, എന്നും ഞങ്ങൾക്ക് ഒരു ബലമായിരുന്നു’; നവീൻ ബാബുവിനെ കുറിച്ച് ദിവ്യ എസ് അയ്യർ
കുറിപ്പ് ഇങ്ങനെ …
വിശ്വസിക്കാനാകുന്നില്ല നവീനേ!
പത്തനംതിട്ടയിൽ എന്റെ തഹസീൽദാരായി റാന്നിയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പകർത്തിയ ഈ ചിത്രത്തിൽ നിങ്ങൾ ആദരണീനായ റവന്യു മന്ത്രി കെ രാജൻ, റാന്നി എം എൽ എ പ്രമോദ് നാരായണൻ എന്നിവരെ തിരിച്ചറിയുന്നുണ്ടാകും. ആദ്യ ചിത്രത്തിൽ വലതു വശം എന്റെ പുറകെ ഇളം പച്ച ഷർട്ട് ഇട്ടു മാസ്ക് അണിഞ്ഞു നവീൻ നിൽപ്പുണ്ട്.
രണ്ടാം ചിത്രത്തിലും പുറകിൽ പിങ്ക് ഷർട്ടും മാസ്കും അണിഞ്ഞു നവീൻ നിൽക്കുമ്പോൾ റവന്യു മന്ത്രി വിസിറ്റഴ്‌സ് നോട്ട് ഇൽ അഭിനന്ദനക്കുറിപ്പ് എഴുതുന്നു.എന്നും ഞങ്ങൾക്ക് ഒരു ബലം ആയിരുന്നു തഹസീൽദാർ എന്ന നിലയിൽ റാന്നിയിൽ നവീന്റെ പ്രവർത്തനം.
ഏതു പാതി രാത്രിയും, ഏതു വിഷയത്തിലും കർമ്മനിരതനായി, ഈ ചിത്രങ്ങളിൽ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീൻ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവർത്തകൻ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോർക്കുമ്പോൾ… അമ്മ മരണപ്പെട്ട തരുണത്തിൽ ഞാൻ നവീന്റെ വീട്ടിൽ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകൻ ആയിരുന്നു നവീൻ എന്നു അന്നു ഞാൻ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ല. ദുഃഖം പേറുവാൻ ഞങ്ങളും ഒപ്പമുണ്ട്.